തിരുവനന്തപുരം: കാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ആറ്) ആണ് പ്രതിയെ ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 15 വയസ്സുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. 2023 ഓഗസ്റ്റ് 30-നായിരുന്നു സംഭവം. ആദ്യം സാധാരണ അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്തുവന്നതാണ് വഴിത്തിരിവായത്. തുടര്‍ന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
പ്രിയരഞ്ജന് ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ കാറുമായി കാത്തിരുന്ന പ്രതി പിന്തുടര്ന്നെത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിയെ തമിഴ്നാട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്.
പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകനാണ് കൊല്ലപ്പെട്ട ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
Content Highlights: kattakkada adhisekhar murder case accused priyaranjan gets life imprisonment
Published: 06 May 2025, 01:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented