ചേർത്തല: കരുവാറ്റ കൊലപാതകക്കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം അനുവദിച്ച് ജുവൈനൽ ജസ്റ്റിസ് ബോർഡ് ഉത്തരവായി. തിങ്കളാഴ്ച പരിഗണിച്ച കേസിൽ ചൊവ്വാഴ്ചയാണ് വിധി പറഞ്ഞത്. കുട്ടിയെ ഏറ്റെടുക്കാൻ ബന്ധുക്കൾ എത്തിയില്ല.

To advertise here,

പെൺകുട്ടി പിടിയിലായ ശേഷം ഇതുവരെ സംരക്ഷണകേന്ദ്രത്തിലും ബന്ധുക്കൾ എത്തിയില്ലെന്നാണു വിവരം. കുട്ടിയെ ഏറ്റെടുക്കുന്നില്ലെങ്കിൽ ബോർഡിന്റെ നിരീക്ഷണത്തിൽ സംരക്ഷണകേന്ദ്രത്തിൽ കഴിയാൻ ക്രമീകരണമൊരുക്കും. പഠനത്തിനുൾപ്പെടെ നടപടിയെടുക്കുമെന്നാണു വിവരം.

കേസിലെ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ജാമ്യം ലഭിച്ചതിനു പിന്നാലെ വീട്ടുകാർ ഏറ്റെടുത്തിരുന്നു. പെൺകുട്ടിയെ പൊതുസമൂഹത്തിൽ തിരിച്ചറിയുന്ന നടപടി ഒഴിവാക്കണമെന്ന് ജുവൈനൽ ജസ്റ്റിസ് ബോർഡ് നിർദേശിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 15-നു രാത്രിയാണ് കരുവാറ്റയിൽ വാടകയ്ക്കു താമസിച്ചിരുന്ന ശിവൻകുട്ടി ചെട്ട്യാർ കൊല്ലപ്പെട്ടത്. ബന്ധുവായ പെൺകുട്ടിയടക്കം പ്രായപൂർത്തിയാകാത്ത നാലുപേരാണ് കുറ്റാരോപിതർ.

പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് സിൻസി ജേക്കബ്, അംഗങ്ങളായ ഡോ. സജി മാത്യു, കെ.ആർ. ശ്രീലേഖ എന്നിവരടങ്ങുന്ന ബോർഡാണ് അത്യപൂർവമായ കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി ഹാജരായി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.