ബെംഗളൂരു: കര്‍ണാടകയിലെ യാഡ്ഗിറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കാര്‍ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കന്‍ഡ് ഡിവിഷന്‍ അസിസ്റ്റന്റായ അഞ്ജലി ഗിരീഷ് കാമ്പനൂര്‍ ആണ് കൊല്ലപ്പെട്ടത്. മൂന്നുവര്‍ഷം മുന്‍പ് അഞ്ജലിയുടെ ഭര്‍ത്താവ് ഗിരീഷ് കാമ്പനൂരിനെയും ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ കേസ് മുന്നോട്ടുപോകുന്നതിനിടെയാണ് അഞ്ജലി കൂടി കൊല്ലപ്പെട്ടത്.

To advertise here,

ബുധനാഴ്ചയാണ് അഞ്ജലിയുടെ നേര്‍ക്ക്‌ നാലംഗസംഘത്തിന്റെ ആക്രമണമുണ്ടായത്. ഓഫീസിലേക്ക് പോകുന്നതിനിടെ നാലംഗസംഘം ഗ്രീന്‍സിറ്റിക്ക് സമീപത്തുവെച്ച് അഞ്ജലിയുടെ കാര്‍ തടഞ്ഞു. പിന്നാലെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്ത അക്രമികള്‍ അഞ്ജലിയുടെ മുഖത്തും കൈകളിലും ഉള്‍പ്പെടെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഡ്രൈവര്‍ ഉടന്‍തന്നെ യിംസ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന അഞ്ജലി ഷഹാബാദ് സിറ്റി മുനിസിപ്പല്‍ കൗണ്‍സിലിലെ മുന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ രണ്ടുവര്‍ഷം മുന്‍പാണ് ഇവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്.

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഇതിനുപിന്നില്‍ രാഷ്ട്രീയതര്‍ക്കങ്ങളുണ്ടെന്നും പോലീസ് കരുതുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ നാലുപേര്‍ക്ക് പുറമേ ഒട്ടേറെപേര്‍ക്ക് ഇതിന്റെ ഗൂഢാലോചനയില്‍ പങ്കുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.

2022-ലാണ് അഞ്ജലിയുടെ ഭര്‍ത്താവ് ഗിരീഷ് കൊല്ലപ്പെട്ടത്. 2020-ല്‍ ഭര്‍തൃസഹോദരനായ സതീഷും കൊല്ലപ്പെട്ടിരുന്നു. മുന്‍മന്ത്രി സി. ഗുരുനാഥിന്റെ ബന്ധു കൂടിയാണ് അഞ്ജലി.