ബെംഗളൂരു: യുവാവിനെ കൊലപ്പെടുത്തി രണ്ടരലക്ഷം രൂപ കവർന്ന കേസിൽ ഉറ്റസുഹൃത്ത് പിടിയിൽ. കർണാടകയിലെ ചിക്കമഗളൂരു ബിരൂർ സ്വദേശി പുട്ടരാജുവിനെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ബിരൂർ സ്വദേശി ഷാഫിയെ പോലീസ് അറസ്റ്റ്‌ചെയ്തത്. ഫെബ്രുവരി 19-നായിരുന്നു കേസിനാസ്പദമായ സംഭവം.

To advertise here,

അകന്നുകഴിയുന്ന രണ്ടാംഭാര്യയ്ക്ക് ടിവി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വാങ്ങാനായാണ് ഷാഫി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്നതെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ഒരു ധനകാര്യസ്ഥാപനത്തിൽ സ്വർണലേലമുണ്ടെന്നും ലേലത്തിൽ വിലകുറച്ച് സ്വർണാഭരണം സ്വന്തമാക്കാമെന്നും ഷാഫി പുട്ടരാജുവിനോട് പറഞ്ഞിരുന്നു. ഷാഫിയെ വിശ്വസിച്ച പുട്ടരാജു, ഫെബ്രുവരി 19-ന് രാവിലെ 11 മണിക്ക് ലേലത്തിൽ പങ്കെടുക്കാനായി വീട്ടിൽനിന്നിറങ്ങി. രണ്ടരലക്ഷം രൂപയുമായാണ് പുട്ടരാജു ഷാഫിക്കൊപ്പം ബൈക്കിൽ യാത്രതിരിച്ചത്. എന്നാൽ, പുട്ടരാജുവിനെ ഷാഫി ഹൊന്നവള്ളിയിലെ വനമേഖലയിലേക്കാണ് കൊണ്ടുപോയത്. തുടർന്ന് ഇവിടെവെച്ച് പുട്ടരാജുവിനെ കത്തികൊണ്ട് ആക്രമിക്കുകയും പണം കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു.

കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം പുറംലോകമറിഞ്ഞത്. പിറ്റേദിവസം രാവിലെ വനമേഖലയിലൂടെ എത്തിയ ഒരു പാൽക്കച്ചവടക്കാരനാണ് പുട്ടരാജുവിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ പുട്ടരാജു അവസാനമുണ്ടായിരുന്നത് ഷാഫിക്കൊപ്പമാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

അരസിക്കരയിലെ ലോഡ്ജിൽ താമസിക്കുന്ന രണ്ടാംഭാര്യയ്ക്ക് പണം നൽകാനും സമ്മാനങ്ങൾ വാങ്ങാനുമാണ് സുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്നതെന്നാണ് ഷാഫിയുടെ മൊഴി. കൊലപാതകത്തിനുശേഷം അകന്നുതാമസിക്കുന്ന രണ്ടാംഭാര്യയെ കാണാനാണ് ഷാഫി പോയത്. തുടർന്ന് 60,000 രൂപ ഭാര്യയ്ക്ക് നൽകി. ഇതിനുപുറമേ മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ പുതിയ ടിവി ഉൾപ്പെടെ ഭാര്യയ്ക്ക് സമ്മാനിച്ചതായും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട പുട്ടരാജുവും പ്രതി ഷാഫിയും കഴിഞ്ഞ ഏഴുവർഷമായി അടുത്ത സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു.