റാഞ്ചി: ഝാർഖണ്ഡിൽ 17-വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ധൻബാദ് ജില്ലയിലാണ് സംഭവം. പൂനം കുമാരി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് മൂന്നുമാസം ഗർഭിണി ആയിരുന്നു പൂനം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞനിലയിലായിരുന്നു അറുത്തുമാറ്റിയ തല കണ്ടെത്തിയത്.

To advertise here,

കുറ്റിക്കാട്ടിനുള്ളിൽ പെൺകുട്ടിയുടെ തലയില്ലാത്ത മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറച്ചപ്പുറത്തുനിന്ന് പെൺകുട്ടിയുടെ തല, അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഗിരിദിഹ് ജില്ല സ്വദേശിനിയാണ് പൂനം. പെൺകുട്ടിയെ ഉപരിപഠനത്തിനായി ധൻബാദിലെ ബന്ധുക്കളുടെ വീട്ടിലേക്ക് അയച്ചതായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ധൻബാദിലെത്തിയ പൂനം, കൃഷ് രവാനി എന്ന യുവാവുമായി പ്രണയത്തിലാവുകയും കുടുംബങ്ങളുടെ എതിർപ്പ് വകവെക്കാതെ ഇറങ്ങിപ്പോയി വിവാഹിതരാവുകയും ചെയ്തു. പിന്നീട് ബലിയാപുറിലെ വാടകവീട്ടിലേക്ക് മാറിയെന്നും കുടുംബം പറയുന്നു.

ബുധനാഴ്ച മുതൽ പൂനത്തെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച പിതാവ് പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തുണ്ടായിരുന്ന ചെരിപ്പിൽനിന്നുള്ള മണംപിടിച്ച പോലീസ് നായ കിലോമീറ്ററുകൾ അകലെയുള്ള കൃഷിന്റെ വീട്ടിലെത്തുകയായിരുന്നു. അവിടെനിന്ന് പോലീസിന് നിർണായക തെളിവുകളും ലഭിച്ചു.

മകന്റെ പ്രണയവിവാഹത്തോട് താൽപര്യമില്ലാത്തതിനെ തുടർന്ന് കൃഷിന്റെ പിതാവ് ജയ്‌റാമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നിഗമനം.