മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റിന് സസ്‌പെന്‍ഷന്‍. കരിപ്പൂരിലെ സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റായ ഹരിയാണ സ്വദേശി നവീന്‍കുമാറിനെയാണ് സി.ഐ.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് നവീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുപിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി. 

To advertise here,

കരിപ്പൂര്‍ വിമാനത്താവളംവഴിയുള്ള സ്വര്‍ണക്കടത്തിന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനായ നവീനും രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. അറുപതോളം തവണയാണ് ഇവര്‍ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ചാര്‍ട്ട് സ്വര്‍ണക്കടത്ത് സംഘത്തിന് കൈമാറിയത് നവീന്‍ ആണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. 

ബുധനാഴ്ച രാവിലെ നവീന്റെ കുളത്തൂര്‍ തലേക്കരയിലുള്ള വാടകവീട്ടിലും കൊണ്ടോട്ടി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. കള്ളക്കടത്തില്‍ നവീനിനുള്ള പങ്ക് വ്യക്തമായതിനെത്തുടര്‍ന്ന് കൂടുതല്‍ തെളിവു ശേഖരിക്കാനായിരുന്നു പരിശോധന. കള്ളക്കടത്ത് സംഘങ്ങളില്‍നിന്ന് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ പോലീസിനു കിട്ടിയതായി സൂചനയുണ്ട്. ചില ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു. പരിശോധന വൈകീട്ട് മൂന്നുവരെനീണ്ടു. കള്ളക്കടത്തില്‍ ഉള്‍പ്പെട്ട രണ്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പോലീസ് ഇയാളില്‍നിന്ന് തേടുന്നത്. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസും കൊണ്ടോട്ടി സ്റ്റേഷനില്‍ നേരിട്ടെത്തി അന്വേഷണപുരോഗതി വിലയിരുത്തിയിരുന്നു. 

കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസിനും ഊരാക്കുടുക്കാവുന്നു

കരിപ്പൂര്‍: കേന്ദ്ര വ്യവസായ സേന ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് കസ്റ്റംസിന് ഊരാക്കുടുക്കാകുന്നു. പോലീസ് തേടുന്ന സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനു പുറമെ മറ്റൊരു ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനും കള്ളക്കടത്തില്‍ പങ്കുള്ളതായാണ് നിഗമനം. ഇവര്‍ രണ്ടുപേരും നേരത്തെ തന്നെ സംശയത്തിന്റെ നിഴലിലുള്ളവരാണ്.

കള്ളക്കടത്തുകാര്‍ക്കിടയില്‍ സുവര്‍ണ ഇടനാഴി എന്ന് അറിയപ്പെടുന്ന കൊച്ചി- മുംബൈ തീരദേശവഴിയില്‍ സുപ്രധാന സ്ഥാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തിനുള്ളത്. കസ്റ്റംസിന്റെ ഉള്ളില്‍നിന്നുതന്നെ കള്ളക്കടത്തു സംഘങ്ങള്‍ക്ക് സഹായം ലഭിക്കുന്നു എന്നതാണ് ഇത്തരക്കാര്‍ക്ക് കരിപ്പൂര്‍ പ്രിയങ്കരമാകാന്‍ കാരണം.

ലക്ഷങ്ങള്‍ കോഴനല്‍കിയാണ് കസ്റ്റംസ് ജീവനക്കാരില്‍ പലരും കരിപ്പൂരില്‍ നിയമനം നേടിയെടുക്കുന്നത്. ഈ സാഹചര്യം ഉപയോഗിച്ചാണ് കള്ളക്കടത്തുകാര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വലയിലാക്കിയത്. വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരില്‍ പലരും കള്ളക്കടത്ത് മാഫിയയുടെ ഏജന്റുമാരാണ്. ഇവരിലൂടെയാണ് കള്ളക്കടത്ത് മാഫിയ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുന്നത്.

ഇപ്പോള്‍ കസ്റ്റഡിയിലായ സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റിനെ ജിമ്മില്‍വെച്ച് പരിചയപ്പെട്ടാണ് കള്ളക്കടത്ത് ഏജന്റ് ഷറഫലി കള്ളക്കടത്ത് സഹായിയാക്കി മാറ്റിയത്. വിമാനത്താവളത്തില്‍ കസ്റ്റംസ് ജീവനക്കാര്‍ പ്രതികളായ അഞ്ചു കേസുകളിലും ഇത്തരത്തിലുള്ള താത്കാലിക ജീവനക്കാരുടെ പങ്കു വ്യക്തമായിരുന്നു.

എന്നാല്‍, സുരക്ഷാചുമതലയുള്ള സൈനികവിഭാഗത്തിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ സ്വര്‍ണക്കടത്തില്‍ പിടിയിലായത് അന്വേഷണ ഉദ്യോഗസ്ഥരേയും ഞെട്ടിച്ചു.