കരിപ്പൂർ: രണ്ട് കിലോയോളം എം.ഡി.എം.എ.യുമായി കോഴിക്കോട് വിമാനത്താവളത്തിൽ യുവാവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.). അറസ്റ്റു ചെയ്തു. ഇയാൾക്ക് സഹായം ചെയ്തുവെന്ന സംശയത്തിൽ പോലീസ് ഉദ്യോഗസ്ഥനെ വിമാനത്താവളത്തിലെ പോലീസ് എയ്ഡ്പോസ്റ്റ് വളഞ്ഞ് കസ്റ്റഡിയിലെടുത്തു.
1.58 കോടി വില വരുന്ന എം.ഡി.എം.എ.യുമായി പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. ബാഗേജിലെ ചോക്ലേറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. മസ്കറ്റിൽനിന്ന് ഒമാൻ എയർ വിമാനത്തിലാണ് ഇയാളെത്തിയത്.
നേരത്തെ വിവരം ലഭിച്ചതനുസരിച്ച് കോഴിക്കോട്, കൊച്ചി, കണ്ണൂർ യൂണിറ്റുകളിലെ ഡി.ആർ.ഐ. ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി കരിപ്പൂരിലെത്തിയിരുന്നു. ഒരു സംഘം യാത്രക്കാരെന്ന വ്യാജേന കസ്റ്റംസ് ഹാളിൽ കടന്ന് യാത്രക്കാരെ നിരീക്ഷിച്ചു. രണ്ടാമത്തെ സംഘം വിമാനത്താവളത്തിനു പുറത്ത് കാത്തുനിന്നു. ഹാരിസിനെ പിന്തുടർന്ന ഡി.ആർ.ഐ. സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. ഫോൺ പരിശോധിച്ചതിൽനിന്ന് കരിപ്പൂർ സ്റ്റേഷനിലെ പോലീസുകാരന്റെ നമ്പറിലേക്കും തിരിച്ചും സന്ദേശങ്ങൾ കൈമാറിയതായി സൂചന ലഭിച്ചു.
തുടർന്നാണ് പുറത്തു കാത്തുനിന്ന സംഘം പോലീസ് എയ്ഡ്പോസ്റ്റ് വളഞ്ഞ്, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈവശം രണ്ട് ഫോണുകൾ ഉണ്ടായിരുന്നു.
അതിൽ ഒന്ന് പുറത്തേക്കെറിഞ്ഞുവെന്നും ഫോൺ പിന്നീട് തങ്ങൾ കണ്ടെടുത്തുവെന്നും ഡി.ആർ.ഐ. സംഘം അറിയിച്ചു. ചോദ്യം ചെയ്തശേഷം പോലീസ് ഉദ്യോഗസ്ഥനെ നോട്ടീസ് നൽകി വിട്ടയച്ചു.
രാസലഹരിക്കടത്തു സംഘങ്ങൾക്ക് പോലീസിൽനിന്ന് രഹസ്യസഹായം ലഭിക്കുന്നതായി ഡി.ആർ.ഐ. വിഭാഗത്തിന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. എം.ഡി.എം.എ. കടത്തിയ കേസുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവതി പിടിയിലായ സംഭവത്തിലും കരിപ്പൂർ സ്വദേശിയുടെ വീട്ടിൽനിന്ന് എം.ഡി.എം.എ. പിടികൂടിയ സംഭവത്തിലും പോലീസിന്റെ സഹായം സംശയിക്കപ്പെട്ടിരുന്നു. ഇതിൽ അന്വേഷണം നടന്നുവരുകയാണ്.
അതേസമയം, നിലവിൽ പോലീസുകാരനെതിരേ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത ഫോൺ പരിശോധനയിലൂടെ മാത്രമേ കൂടുതൽ കൃത്യത വരുത്താനാകൂവെന്നും ഡി.ആർ.ഐ. അറിയിച്ചു. സംഭവത്തിൽ പ്രതികരിക്കാൻ കരിപ്പൂർ പോലീസ് തയ്യാറായില്ല.
Published: 19 Apr 2026, 09:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented