കന്യാകുമാരി: വാക്കുതർക്കത്തെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മരിയ സന്ധ്യ(30) എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.  ഇവരുടെ ഭർത്താവ് മാരിമുത്തു(35)വിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഷണങ്ങളാക്കി ബാ​ഗിൽ സൂക്ഷിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

To advertise here,

കഴിഞ്ഞദിവസമാണ് തമിഴ്നാട് കന്യാകുമാരി ജില്ലയിലെ അഞ്ചു​ഗ്രാമം എന്ന പ്രദേശത്തെ നടുക്കിയ കൊലപാതകം നടന്നത്. അഞ്ച് മാസം മുൻപാണ് മാരിമുത്തുവും മരിയ സന്ധ്യയും അഞ്ചു​ഗ്രാമത്തിൽ താമസത്തിനെത്തിയത്. തൂത്തുക്കുടിയിൽ മീൻ വില്പനയുമായി ബന്ധപ്പെട്ട കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിയ സന്ധ്യ. മരിയ സന്ധ്യയുടെ പെരുമാറ്റത്തിൽ ഭർത്താവ് മാരിമുത്തുവിന് സംശയമുണ്ടായിരുന്നു. ഇതിനെ തുടർ‌ന്ന് ഇരുവരും തമ്മിൽ അടിക്കടി തർക്കങ്ങളും ഉണ്ടാകുകയും മരിയ സന്ധ്യയുമായി ബന്ധം വേണ്ടെന്ന് മാരിമുത്തു പറയുകയും ചെയ്തിരുന്നു. 

കഴിഞ്ഞദിവസം ജോലിക്കുപോയ മരിയയോട് വീട്ടിലേക്കെത്തുവാൻ മാരിമുത്തു ആവശ്യപ്പെട്ടു. മരിയ വീട്ടിലെത്തുമ്പോൾ വീട്ടിൽ ഇയാൾ ടി.വിയുടെ ശബ്ദം ഉച്ചത്തിലാക്കി വെച്ചിരുന്നു. ഇതിനുശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. മൃതദേഹം വീട്ടിൽനിന്ന് മാറ്റുന്നതിനിടെയാണ് മാരിമുത്തു പോലീസ് പിടിയിലാവുന്നത്. 

മരിയയുടെ മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിക്കുകയും ബാ​ഗിലാക്കി കഴുകിയശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെ ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ മാരിമുത്തുവിനെ തടഞ്ഞുവെയ്ക്കുകയും ബാ​ഗ് പരിശോധിക്കുകയും ചെയ്യുകയായിരുന്നു. ബാ​ഗിനുള്ളിൽ മൃതദേഹം കണ്ടവിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്.

തുടർന്ന് പോലീസെത്തി മാരിമുത്തുവിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഹേഷ് കുമാറിൻ്റെ നേതൃത്വത്തിൽ തമിഴ്നാട്  പോലീസ് അന്വേഷണം തുടരുകയാണ്. മരിയയ്ക്കും മാരിമുത്തുവിനും രണ്ട് മക്കളാണ്.