
കണ്ണൂര്‍: വളപട്ടണത്തെ അരിവ്യാപാരി അഷ്റഫിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയശേഷം അയല്‍ക്കാരനായ ലിജേഷ് പണവും സ്വര്‍ണവും കൊണ്ടുപോയത് അരിച്ചാക്കിലും സഞ്ചിയിലുമായി. കവര്‍ച്ചയ്ക്കുശേഷം രണ്ട് വെള്ളസഞ്ചികളിലും ഒരു പ്ലാസ്റ്റിക് അരിച്ചാക്കിലുമായിട്ടാണ് പണവും സ്വര്‍ണവും 30 മീറ്റര്‍ പുറകിലുള്ള വീട്ടിലേക്ക് ലിജേഷ് കൊണ്ടുപോയത്. ഒരു സഞ്ചിയില്‍ ആഭരണങ്ങളും മറ്റൊരു സഞ്ചിയിലും ചാക്കിലുമായി പണവും നിറച്ച് തലച്ചുമടായിട്ടാണ് വീട്ടിലെത്തിച്ചത്.
ഭാര്യയും മക്കളും അമ്മയും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇരുമ്പുകട്ടിലിന്റെ അടിഭാഗത്ത് ഇരുമ്പ് പട്ടകളും ഷീറ്റും കൊണ്ടുണ്ടാക്കിയ രഹസ്യ അറയിലേക്ക് അവ അടുക്കിവെച്ചു. വര്‍ഷങ്ങള്‍ക്കുമുന്നേ ഇത്തരത്തിലുള്ള ഇരുമ്പറ ഉണ്ടാക്കിയതായും അറയെക്കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരറിവും ഉണ്ടായിരുന്നില്ലെന്നും ലിജേഷ് പറഞ്ഞു. ആ കട്ടിലിലാണ് ലിജേഷ് കിടന്നുറങ്ങാറ്. ജോലി സംബന്ധമായ ഉപകരണങ്ങളും മറ്റുമാണ് മുറി നിറയെ ഉണ്ടായിരുന്നത്.
കവര്‍ച്ച നടന്നതിന്റെ തൊട്ടടുത്തദിവസം രാവിലെ മോഷണം നടത്തിയ ദിവസം ഉപയോഗിച്ച ടീഷര്‍ട്ടും മുഖാവരണവും വീടിന്റെ മുകളിലെ നിലയിലെ മുറിയില്‍ കൂട്ടിയിട്ട് കത്തിച്ചതായി ലിജേഷ് മൊഴി നല്കി.
ലിജേഷ് അലമാരയും ലോക്കറും നിര്‍മിച്ചുനല്‍കാറുണ്ട്. വെല്‍ഡിങ് അറിയുന്നതുകൊണ്ട് ജനല്‍ക്കമ്പികള്‍ അഴിച്ചെടുക്കാന്‍ പെട്ടെന്ന് സാധിച്ചു. ലോക്കറിന്റെ താക്കോല്‍ സമീപത്തുനിന്ന് ലഭിച്ചെന്നും അന്വേഷണ സംഘത്തോട് പ്രതി പറഞ്ഞു.
കരഞ്ഞുതളര്‍ന്ന് ലിജേഷിന്റെ കുടുംബം
കണ്ണൂര്‍: പണവും ആഭരണങ്ങളും കണ്ടെടുക്കാന്‍ ലിജേഷിന്റെ വീട്ടില്‍ പോലീസ് എത്തുന്നത് ഞായറാഴ്ച രാത്രി 10.10-ന്. അറസ്റ്റുവിവരംകേട്ട് ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞ് ലിജേഷിന്റെ ഭാര്യ വാവിട്ടു കരഞ്ഞു. അമ്മയ്ക്കും കരച്ചിലടക്കാനായില്ല. ലിജേഷിന്റെ രണ്ടുമക്കള്‍ ഒന്നുമറിയാതെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.
ഒന്നരമണിക്കൂര്‍കൊണ്ട് പോലീസ് സംഘം പണവും സ്വര്‍ണാഭരങ്ങളും എണ്ണിത്തിട്ടപ്പെടുത്തി. അവ ട്രോളി ബാഗിലാക്കി പുറപ്പെടുന്നതിന് തൊട്ടുമുന്‍പായി ലിജേഷിന്റെയും ഭാര്യയുടെയും ബന്ധുക്കള്‍ വീട്ടിലെത്തി. ഉണര്‍ന്ന കുട്ടികള്‍ പോലീസുകാരെയും ബന്ധുക്കളെയും കണ്ടതോടെ പകച്ചു. പോലീസ് ഇറങ്ങിയതിനുപിന്നാലെ കുട്ടികളെയും ഭാര്യയെയും അമ്മയെയുംകൂട്ടി ബന്ധുക്കളും വീടുപൂട്ടി ഇറങ്ങി.
Content Highlights: kannur valappattanam robbery case accused smuggled gold and money in rice bags
Published: 03 Dec 2024, 09:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented