
കണ്ണൂർ: അതീവ സുരക്ഷയുള്ള ജയിലിൽനിന്ന് സിനിമയെ വെല്ലുന്നവിധത്തിലുള്ള ആസൂത്രണത്തിൽ ഒരു കൊടുംകുറ്റവാളി ജയിൽ ചാടുന്നു. ഇയാൾ ജയിലിൽ ഇല്ലെന്ന കാര്യം ആറ് മണിക്കൂറുകൾക്ക് ശേഷം ജയിലധികൃതർ തിരിച്ചറിയുന്നു. തുടർന്ന് തിരക്കിട്ട തിരച്ചിലിൽ നാലുമണിക്കൂറിനുള്ളിൽ പ്രതിയെ പോലീസും ജയിലധികൃതരും ചേർന്ന് കണ്ടെത്തുന്നു. പോലീസിന്റെ ദ്രുതഗതിയിലുള്ള നീക്കത്തിന് അഭിനന്ദനം. പക്ഷെ, അപ്പോഴും ചോദ്യങ്ങൾ ബാക്കിയാകുന്നു, ഇത്രയും സുരക്ഷ അവകാശപ്പെടുന്ന കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഒരു കൊടും കുറ്റവാളി എങ്ങനെ രക്ഷപ്പെട്ടു? ജയിൽ വളപ്പിൽ മുക്കിലും മൂലയിലുമുള്ള സിസിടിവികളും ഗാർഡുകളെയും നിരീക്ഷണ സംവിധാനവും വെട്ടിച്ച് ഗോവിന്ദച്ചാമി എങ്ങനെ പുറത്തുകടന്നു, അതും ഒരു കൈപ്പത്തി മാത്രമുള്ള ഒരു കുറ്റവാളി?
സഹതടവുകാർ പുറത്ത് ഉണക്കാനിട്ടിരുന്ന തുണി ഉപയോഗിച്ച് ഒറ്റക്കൈയ്യും വായയും ഉപയോഗിച്ചാണ് ഗോവിന്ദച്ചാമി മതിൽ ചാടിയതെന്നാണ് പോലീസ് പറയുന്നത്. രാത്രി 1.45-ന് സെല്ലിന് പുറത്തിറങ്ങിയ ഗോവിന്ദച്ചാമി, 4.15 വരെ ജയിൽ വളപ്പിൽ തന്നെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നുവെന്ന് ജയിൽ ഡിജിപി പറയുന്നു. എന്നാൽ, ഈ സമയങ്ങളിൽ ഒന്നുംതന്നെ രാത്രി സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരും അറിഞ്ഞില്ല എന്നത് എത്രത്തോളം വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് എന്നതിന്റെ ഗൗരവം വ്യക്തമാക്കുന്നു.
കൊടും കുറ്റവാളിയായ ഗോവിന്ദച്ചാമി പിടിയിലായപ്പോൾ അദ്ദേഹത്തിന്റെ പഴയ ചിത്രമായിരുന്നു പോലീസ് പുറത്തുവിട്ടത്. എന്നാൽ നിലവിലെ ഗോവിന്ദച്ചാമിയുടെ രൂപവുമായി യാതൊരു വിധത്തിലുള്ള സാമ്യവും ചിത്രത്തിന് ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, പിടിയിലായപ്പോൾ ഇയാളുടെ വേഷം കണ്ട് ജനം ഞെട്ടി. താടി വളർത്താൻ അനുവാദമില്ലാത്ത ജയിലിൽ എങ്ങനെ ഗോവിന്ദച്ചാമി ഇത്രയും താടിയും വെച്ച് നടന്നു എന്നതും ചോദ്യമാണ്. ഒരു കൈ ഇല്ലാത്തതുകൊണ്ട് ഇയാളെ കണ്ടാൽ പെട്ടെന്ന് മനസ്സിലാകുമായിരുന്നു. പക്ഷെ, ഇയാളുടെ പുറത്തുവിട്ട ഫോട്ടോയും താടിവെച്ചുള്ളി ഇപ്പോഴുള്ള ചിത്രവും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. എന്നാൽ, ആർക്കാണ്, എവിടെയാണ് പിഴവ് പറ്റിയത് എന്നത് ഇനി അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്.
സെല്ലിൽനിന്ന് രക്ഷപ്പെട്ടത് രാത്രി 1.15-ന്, അറിയുന്നത് രാവിലെ ഏഴിന്
4.15 വരെ ജയിൽ കെട്ടിടത്തിനുള്ളിലെ മരങ്ങൾക്കിടയിൽ ഗോവിന്ദച്ചാമി ഒളിച്ചുനിൽക്കുന്നുണ്ടായിരുന്നുവെന്ന് സിസിടിവിയിൽനിന്ന് വ്യക്തമായിട്ടുണ്ടെന്നാണ് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. 1.15-ന് സെല്ലിന് പുറത്തെത്തിയ ശേഷം മതിൽ ചാടാനുള്ള ശ്രമം നടത്തുകയായിരുന്നു. 140 സിസിടിവിയാണ് ജയിന് ചുറ്റുമായുള്ളത്. വലിയ സ്ക്രീനിൽ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരും ഉണ്ട്. എന്നാൽ, കൊടുംകുറ്റവാളി ജയിൽ ചാടുമ്പോൾ ഇവർ എന്തു ചെയ്യുകയായിരുന്നു?

രാത്രിയിൽ സുരക്ഷ ഉറപ്പുവരുത്തേണ്ട ഡ്യൂട്ടിയിൽ മൂന്ന് ഉദ്യോഗസ്ഥരേയാണ് നിയോഗിച്ചിരുന്നത്. ഇവർ മൂന്നുപേരും ഉറങ്ങിപ്പോയെന്നാണ് കരുതപ്പെടുന്നത്. കൊടും കുറ്റവാളികളെയടക്കം പാർപ്പിച്ചിരിക്കുന്ന ജയിലിൽ രാത്രി സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മൂന്നു പേരും ഉറങ്ങിപ്പോകുക എന്നത് വൻ വീഴ്ചതന്നെയാണ്. ഇത് നോര്‍ത്ത് സോണ്‍ ജയില്‍ ഡിഐജിയും ശരിവെക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥനും ഉറങ്ങിപ്പോയതായി കണ്ടെത്തിയിട്ടുണ്ട്. സെല്ലിനകത്ത് പ്രതികള്‍ ഉണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കേണ്ട ഉത്തരവാദിത്വവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതും നടന്നിട്ടില്ലെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.
ഏഴ് മണിക്കാണ് പ്രതി ജയിൽ ചാടിയെന്ന് ജയിൽ ഡിജിപി അറിയുന്നത്. ഇക്കാര്യം ജയിൽ ഡിജിപി മാതൃഭൂമി ന്യൂസിനോട് സമ്മതിക്കുന്നുണ്ട്. അതായത് 1.15 ന് സെല്ലിൽനിന്ന് കൊടും കുറ്റവാളി രക്ഷപ്പെട്ടു എന്ന വിവരം ആറ് മണിക്കൂറിന് ശേഷമാണ് ജയിൽ ഡിജിപി അറിയുന്നത്.

വൈദ്യുത വേലിയിൽ വൈദ്യുതിയില്ല?
വൈദ്യുത കമ്പിവേലി മറികടക്കുന്നതിനിടെ ഗോവിന്ദച്ചാമിക്ക് ഷോക്ക് ഏൽക്കേണ്ടതായിരുന്നു. എന്നാൽ, അത് സംഭവിച്ചില്ല. എന്തുകൊണ്ട്? വേലിയുമായി വൈദ്യുതി ബന്ധം ഇല്ലേ? ഇക്കാര്യം അന്വേഷണത്തിൽ വ്യക്തമാകേണ്ടതുണ്ട്. കാലാവസ്ഥയടക്കം ജയിൽചാട്ടത്തിന് ഏറെ അനുകൂലമായിരുന്നു. കനത്ത മഴയായിരുന്നു. സഹപ്രവർത്തകർ ഉണക്കാനിട്ടിരിക്കുന്ന തുണി ഉപയോഗിച്ചാണ് മതിൽ ചാടിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കനത്ത മഴക്കാലത്ത് തുണി ഉണക്കാൻ പുറത്ത് വിരിച്ചിട്ടിരുന്നു എന്ന വിശദീകരണത്തിലും പൊരുത്തക്കേടുണ്ട്.
ഒരുമാസത്തോളം നീണ്ട ആസുത്രണം ജയിൽച്ചാട്ടത്തിന് പിന്നിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഉപ്പ് ഉപയോഗിച്ച് ഇരുമ്പ് അഴി ദ്രവിപ്പിച്ചിരുന്നതായും തുടർന്ന് ആക്സോബ്ലേഡ് പോലുള്ള എന്തോ ഉപയോഗിച്ച് നാല് ആഴ്ചയോളമായി കുറ്റവാളി ജയിൽ അഴി മുറിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ ശ്രമം പൂർത്തിയായത്. രണ്ട് കുത്തനെയുള്ള അഴികളും ഒരു കുറുകെയുള്ള പട്ടയുമാണ് പൂർണമായും മുറിച്ചു മാറ്റിയത്. ഇതിനിടയിൽ കൂടി നൂഴ്ന്നിറങ്ങാൻ വിധത്തിൽ ശരീരത്തെ ഇയാൾ പാകപ്പെടുത്തിയിരുന്നു. ഇതിനായി ശരീരത്തിന്‍റെ വണ്ണം കുറയ്ക്കാൻ ഭക്ഷണം ക്രമീകരിച്ചിരുന്നു. ചോർ ഒഴിവാക്കി, ചപ്പാത്തി മാത്രമാണ് കഴിച്ചിരുന്നതെന്നും വിവരങ്ങളുണ്ട്.

സെല്ലിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ അയയിൽനിന്ന് തുണികളെടുത്ത് കൂട്ടിക്കെട്ടി കയർ പോലെയാക്കി മതിൽ ചാടാനുള്ള ശ്രമം ആരംഭിച്ചു. 135 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ജയിൽ അധികൃതർ ഇക്കാര്യം മനസ്സിലാക്കുന്നത്. രാത്രിയിൽ റോന്ത് ചുറ്റാറുള്ള മൂന്നു ഉദ്യോഗസ്ഥരും ഉറങ്ങിപ്പോയി. സിസിടിവി നോക്കേണ്ട ഉദ്യോഗസ്ഥനും ഉറങ്ങി. അതീവ സുരക്ഷാ ജയിലിൽ പാർപ്പിച്ചിരിക്കുന്ന കുറ്റവാളികൾ സെല്ലിനകത്തുതന്നെ ഉണ്ടോ എന്ന് നിശ്ചിത ഇടവേളകളിൽ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, അത് ഉണ്ടായില്ല. അതുകൊണ്ടുതന്നെ ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത് മണിക്കൂറുകൾക്ക് ശേഷമാണ്. ഇതിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. അന്വേഷണത്തിന് പിന്നാലെ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
ആയുധങ്ങൾ എവിടെനിന്ന് കിട്ടി?
രാജ്യം ഉറ്റുനോക്കിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളി (പിന്നീട് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി ജീവപര്യന്തം മാത്രമാക്കി മാറ്റിയിരുന്നു)യാണ് അതീവ സുരക്ഷയുള്ള ജയിലിൽനിന്ന് രക്ഷപ്പെട്ടത്. സഹതടവുകാർ ഇതൊന്നുമറിഞ്ഞില്ല എന്നാണ് പറയുന്നത്. ഒരു മാസത്തോളമുള്ള ആസൂത്രണം നടത്തി, അഴികൾ മുറിച്ച്, ശരീരഭാരം കുറച്ച് തയ്യാറെടുപ്പ് നടത്തിയിട്ടും ഉദ്യോഗസ്ഥർക്ക് യാതൊരും സംശയവും തോന്നിയില്ല എന്നത് അവിശ്വസനീയമാണ്. അല്ലെങ്കിൽ, അത്രമാത്രം അലംഭാവത്തോടെയായിരിക്കണം ജയിലിലെ സുരക്ഷാ നടപടികൾ എന്നുവേണം വിലയിരുത്താൻ.
ജയിലിനകത്തെ ജയിൽ എന്ന് വിശേഷിപ്പിക്കാവുന്ന അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്. ഇയാൾ ഒറ്റയ്ക്കാണ് ജയിൽ ചാടിയതെന്നാണ് ഇപ്പോൾ പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ ഒരു കൈ കൊണ്ട് മാത്രം ഇത്രയും വലിയ മതിൽ ചാടിയത് എങ്ങിനെ? പുറത്ത് നിന്ന് ആരുടേയെങ്കിലും സഹായം ഇയാൾക്ക് ലഭിച്ചോ എന്ന ചോദ്യം ഉയരുന്നത് ഇവിടെയാണ്. സെല്ലിലെ കമ്പി മുറിക്കാനുള്ള ആക്സോ ബ്ലേഡ് പോലുള്ള ചെറു ആയുധം ഇയാൾ ആദ്യം തന്നെ കൈക്കലാക്കിയിരുന്നു. ഇത് സെല്ലിൽ ഒളിപ്പിച്ചുവെച്ചെന്നും പറയപ്പെടുന്നു.
സെല്ലിൽനിന്ന് പുറത്തിറങ്ങിയാൽ പിന്നെയുള്ളത് പത്താം ബ്ലോക്കിന് ചുറ്റുമുള്ള ആദ്യ മതിലാണ്. ഇത് ചാടിക്കടന്ന ശേഷം ജയിലിന്റെ വലിയ മതിലിനരികിലെത്തി. പുറത്തെ ഏറ്റവും വലിയ മതിൽ ചാടിക്കടന്നു. ഒരു കൈ മാത്രം ഉപയോഗിച്ച് എങ്ങനെ മതിൽ ചാടിക്കടന്നു എന്ന ചോദ്യത്തിന്, ആദ്യം ഒരു കൈകൊണ്ട് തുണിയിൽ പിടിച്ചു, അതിന് ശേഷം വാ ഉപയോഗിച്ച് തുണി കടിച്ച് പിടിച്ചു- ഇങ്ങനെ മതിലിന് മുകളിൽ എത്തിയെന്നാണ് ഗോവിന്ദച്ചാമി പോലീസിനോട് വെളിപ്പെടുത്തിയത്. ഇയാൾ പറഞ്ഞ പല കാര്യങ്ങളിലും അവിശ്വസനീയതയുണ്ടെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു.
3 മണിക്കൂർ, സഞ്ചരിക്കാനായത് 2 കി.മീ
പുറത്തു ചാടിയതിന് പിന്നാലെ സാധാരണക്കാരനെപ്പോലെ വസ്ത്രം ധരിച്ച് നടന്നുപോകുകയായിരുന്നു ഗോവിന്ദച്ചാമി. കൈപ്പത്തി ഇല്ലാത്തത് ജനങ്ങളുടെ ശ്രദ്ധയിപ്പെടാതിരിക്കാൻ തലയിൽ ഒരു കെട്ട് വെച്ച് അതിനുള്ളിൽ കൈ പൂഴ്ത്തിയായിരുന്നു നടന്നത്. കാണുന്നവർക്ക് ഒരു കൈകൊണ്ട് തലയിലിരിക്കുന്ന കെട്ട് പിടിച്ചിരിക്കുന്നതായേ തോന്നൂ. എന്നാൽ, ജയിൽ സ്ഥിതിചെയ്യുന്ന പള്ളിക്കുന്നിൽനിന്ന് ഏറദൂരം ഇയാൾക്ക് പോകാനായില്ല. 4.10-ന് ജയിൽ ചാടിയ ഇയാൾക്ക് രണ്ടുകിലോമീറ്റർ ദൂരത്തിനപ്പുറം പോകാനായില്ല എന്നത് അവിശ്വസനീയമാണ്. നേരം വെളുക്കുന്നതിനും മാധ്യമങ്ങളിൽ വാർത്ത വരുന്നതിനും മുൻപായി മൂന്നുമണിക്കൂറോളം സമയം ഇയാൾക്ക് ലഭിച്ചിരുന്നു. എന്നിട്ടും രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള തളാപ്പിൽനിന്നാണ് ഇയാൾ പിടിയിലാകുന്നത്.
പോലീസ് തിരയുന്നതറിഞ്ഞ് ഒളിച്ചു കഴിയാൻ തിരഞ്ഞെടുത്തത് കിണറിന്റെ പടവായിരുന്നു. തളാപ്പിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കോംപൌണ്ടിലെ കിണറിനുള്ളിലാണ് ഗോവിന്ദച്ചാമി ഒളിച്ചിരുന്നത്. തൊട്ടപ്പുറത്തുള്ള കാട്ടിലടക്കം പോലീസ് എത്തി പരിശോധിച്ചെങ്കിലും കിണർ ആദ്യഘട്ടത്തിൽ പരിശോധിച്ചിരുന്നില്ല. തുടർന്ന് തിരിച്ചുവന്ന് കിണർ പരിശോധിച്ചപ്പോഴാണ് കുറ്റവാളി അകത്തുണ്ടെന്ന് മനസ്സിലാകുന്നത്.

തളാപ്പിൽ ഗോവിന്ദച്ചാമിയെ കണ്ടതായി ഓട്ടോഡ്രൈവർ സന്തോഷ് ആണ് പോലീസിന് വിവരം നൽകുന്നത്. മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞതിനാൽ പെട്ടെന്നുതന്നെ ഒരു കൈ ഇല്ലാത്ത ആളെ കണ്ടപ്പോൾ സംശയം തോന്നുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് പേര് വിളിച്ചതോടെ സമീപത്തെ പൊന്തക്കാട്ടിലേക്ക് ഓടിക്കയറിയെന്നും സന്തോഷ് പറഞ്ഞു. പിന്നാലെ പോലീസ് എത്തി ശക്തമായ തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ ഒളിച്ച നിലയിൽ കണ്ടെത്തുന്നത്.
പിടികൂടാൻ സാധിച്ചത് മികവ്, ചാടിപ്പോയത് പിഴവ്
ജയിൽ ചാടിയ കൊടും കുറ്റവാളിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടാൻ സാധിച്ചു എന്നത് അഭിമാനകരമായ കാര്യം തന്നെയാണ്. എന്നാൽ, ഇത്രയും സുരക്ഷയുള്ള ജയിലിൽനിന്ന് കൊടും കുറ്റവാളിക്ക് രക്ഷപ്പെടാൻ സാധിച്ചു എന്നത് വലിയ ചോദ്യമാണ്. ജയിലിലെ സുരക്ഷാ സംവിധാനത്തിന്‍റെ കാര്യക്ഷമതയേക്കുറിച്ചുള്ള നിരവധി സംശയങ്ങൾ ഈ സംഭവം ഉയർത്തുന്നുണ്ട്. ജയിൽ വകുപ്പിന്റെ വീഴ്ചയിലേയ്ക്കാണ് ഇത് വിരൽചൂണ്ടുന്നത്. പ്രതിപക്ഷ കക്ഷികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയ സാഹചര്യത്തിൽ സർക്കാരിനും ഇതിന്‍റെ ഉത്തരവാദിത്വത്തിൽനിന്ന് കൈകഴുകാനാകില്ല.

കണ്ണൂർ സെൻട്രൽ ജയിലുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ സംഭവം എന്നതും ശ്രദ്ധേയമാണ്. സെൻട്രൽ ജയിലിൽ യഥേഷ്ടം ലഹരിമരുന്നുകളും പ്രതികൾക്ക് ഫോണുകളും ലഭിക്കുന്നുവെന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു. ഇതിനൊപ്പമാണ് ഇപ്പോൾ കൊടുംകുറ്റവാളിയുടെ ജയിൽച്ചാട്ടവും ഉണ്ടായിരിക്കുന്നത്.
Content Highlights: High-Security Prison Breach: Convict Escapes Kannur Central Jail, Raising Serious Security Concerns
Published: 25 Jul 2025, 07:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented