തിരുവനന്തപുരം: കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത് കൊണ്ടാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് കഠിനംകുളം കൊലക്കേസ് പ്രതി ജോണ്‍സണ്‍ ഔസേപ്പ്. പോലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ ജോണ്‍സണ്‍ പറഞ്ഞു. 

To advertise here,

കോട്ടയത്ത് നിന്ന് പിടിയിലായശേഷം പോലീസിനു നല്‍കിയ മൊഴിയിലാണ് ജോണ്‍സണ്‍ കുറ്റസമ്മതം നടത്തിയത്. കൊലപാതകം നടത്താന്‍ നേരത്തെ ആസൂത്രണം നടത്തിയിരുന്നു. കത്തിയുമായാണ് സ്ഥലത്തെത്തിയത്. പെരുമാതുറയിലെ വാടകവീട്ടില്‍ നിന്ന് രാവിലെ 6.30-ഓടെ ആതിരയുടെ വീടിനടുത്തെത്തി. വീടിനു സമീപം പതുങ്ങി നിന്നു. ആതിരയുടെ കുട്ടി സ്‌കൂളില്‍ പോയി എന്ന് ഉറപ്പാക്കിയ ശേഷമാണ് വീടിനുള്ളില്‍ പ്രവേശിച്ചത്. ആതിരയുടെ കണ്ണുവെട്ടിച്ച് കത്തി കട്ടിലിലെ മെത്തയ്ക്കടിയില്‍ ഒളിപ്പിച്ചു. മെത്തയ്ക്കടിയില്‍ നിന്ന് കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തിയിറക്കി വലിച്ചെടുത്തു എന്നാണ് ജോണ്‍സണിന്റെ മൊഴി.

മരണമുറപ്പാക്കിയ ശേഷം രക്തംപുരണ്ട ഷര്‍ട്ട് ഉപേക്ഷിച്ചു. പകരം ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ച് പുറത്തേക്കിറങ്ങി. 9.30-ഓടെ ചിറയിന്‍കീഴ് റെയില്‍വെ സ്‌റ്റേഷനിലെത്തി ട്രെയിന്‍ മാര്‍ഗം രക്ഷപ്പെട്ടു. ആതിരയുടെ സ്‌കൂട്ടറിലാണ് പ്രതി കടന്നുകളഞ്ഞത്. 

കൊലപാതകത്തിനുശേഷം ആദ്യം ആത്മഹത്യ ചെയ്യാനായിരുന്നു ജോണ്‍സണ്‍ പദ്ധതിയിട്ടത്. എന്നാല്‍ ആത്മഹത്യാശ്രമം പരാജയപ്പെട്ടാല്‍ നാട്ടുകാര്‍ മര്‍ദ്ദിക്കുമെന്നോര്‍ത്ത് ശ്രമം ഉപേക്ഷിച്ചു. എന്നാല്‍ അവസാനം പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ എലിവിഷം കഴിക്കുകയായിരുന്നു എന്നും ജോണ്‍സണ്‍ പറഞ്ഞു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇയാളെ പ്രവേശിപ്പിക്കുകയായിരുന്നു.

ഒളിവില്‍ കഴിഞ്ഞിരുന്ന ജോണ്‍സണ്‍ സാധനങ്ങളെടുക്കാന്‍ വരുമ്പോഴാണ് പോലീസിന് വിവരം ലഭിക്കുന്നത്.ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ സാമ്പത്തികയിടപാടുകളുമുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു.