ബെംഗളൂരു: യുവതിയെ ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിൽ വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.

To advertise here,

യുവതിയുടെ ഫ്‌ളാറ്റിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽക്കാർക്ക് സംശയമുണ്ടായത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് യുവതിയെ മരിച്ചനിലയിൽ കണ്ടത്. ചോരയിൽ കുളിച്ച് നഗ്നമായനിലയിലായിരുന്നു മൃതദേഹം. 

ഫ്‌ളാറ്റിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, മുറിക്കുള്ളിൽ കടലാസുകൾ കീറിപ്പറിഞ്ഞനിലയിൽ കിടന്നിരുന്നു. വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടശേഷം യുവതി ജീവനൊടുക്കിയതാകുമെന്നാണ് പോലീസ് നിഗമനം. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് പൂജ ദത്ത. കഴിഞ്ഞ മൂന്നുവർഷമായി ഇതേ ഫ്‌ളാറ്റിലാണ് വാടകയ്ക്ക് താമസിക്കുന്നത്. ഏപ്രിൽ 23-ന് സാധനങ്ങൾ വാങ്ങാനായാണ് യുവതി അവസാനമായി ഫ്‌ളാറ്റിൽനിന്ന് പുറത്തിറങ്ങിയതെന്നും സമീപവാസികൾ പറഞ്ഞു.