മൊബൈൽ ഫോണിൽ വ്യാജമായി നെറ്റ് ബാങ്കിങ് വഴി പണമടച്ച് ‘ട്രാൻസാക്‌ഷൻ സക്സസ്‌ഫുൾ’ എന്നുകാണിച്ച് ജൂവലറികളെ കബളിപ്പിച്ച് സ്വർണംതട്ടിയെടുക്കുന്ന പുതിയമോഡൽ തട്ടിപ്പുസംഘം പിടിയിൽ

പ്രതീകാത്മക ചിത്രം
Mathrubhumi
രാമനാട്ടുകര: മൊബൈൽ ഫോണിൽ വ്യാജമായി നെറ്റ് ബാങ്കിങ് വഴി പണമടച്ച് ‘ട്രാൻസാക്‌ഷൻ സക്സസ്‌ഫുൾ’ എന്നുകാണിച്ച് ജൂവലറികളെ കബളിപ്പിച്ച് സ്വർണംതട്ടിയെടുക്കുന്ന പുതിയമോഡൽ തട്ടിപ്പുസംഘം പിടിയിൽ. കണ്ണൂർ സ്വദേശികളായ ആരോളി അമൃതംവീട്ടിൽ അഭിഷേക് (25), പേരാവൂർ ഇടപ്പറവീട്ടിൽ അഷ്റഫ് (34) എന്നിവരെയാണ് ഫറോക്ക് അസി. കമ്മിഷണർ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഫറോക്ക് എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസുംചേർന്ന് പിടികൂടിയത്. ഫറോക്കിലുള്ള മലബാറി ഫാഷൻ ജൂവലറിയിൽനിന്ന് നാലുലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്.
സെപ്റ്റംബർ 30-നായിരുന്നു സംഭവം. ഒന്നാംപ്രതിയായ അഭിഷേക് ജൂവലറിയിലെത്തി നാലുലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടു. മൊബൈൽഫോണിലൂടെ എൻഇഎഫ്ടി വഴി നാലുലക്ഷം രൂപ ട്രാൻസ്‌ഫർചെയ്തതായി ജൂവലറി ഉടമയെ വിശ്വസിപ്പിച്ചു. ട്രാൻസാക്‌ഷൻ വിജയകരമായി എന്ന വ്യാജസ്‌ക്രീൻഷോട്ട് കാണിച്ചു. എൻഇഎഫ്ടി ആയതിനാൽ പണം അല്പസമയത്തിനകം അക്കൗണ്ടിലെത്തുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് നാലുപവൻ സ്വർണവുമായി കടന്നുകളയുകയായിരുന്നു. എൻഇഎഫ്ടി ട്രാൻസ്ഫർചെയ്യുമ്പോൾ ‘സക്സസ്‌ഫുൾ’ എന്ന് കാണിക്കുമെങ്കിലും ബാങ്കിൽനിന്നുള്ള സന്ദേശംലഭിക്കാൻ ഒരുമണിക്കൂറെങ്കിലുമെടുക്കും. ഇത് മുതലെടുത്താണ് പ്രതികൾ തട്ടിപ്പുനടത്തിയത്. അഭിഷേക് വടകരയിലെ ഒരു ജൂവലറിയിൽ ഇതേമാതൃകയിൽ 15 ലക്ഷം രൂപയുടെ സ്വർണംവാങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് പിടിയിലായത്. ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്‌ഐ പി.സി. സുജിത്, എഎസ്‌ഐ അരുൺകുമാർ മാത്തറ, സിപിഒമാരായ ഐ.ടി. വിനോദ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു, ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ്‌ഐ. ലതീഷ്‌കുമാർ, എഎസ്‌ഐ അബ്ദുൽ റഹീം, സിപിഒമാരായ അഷറഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Published: 05 Oct 2025, 07:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented