ജയ്പുര്‍: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപ്രതികള്‍ക്കും ജീവപര്യന്തം തടവ്. 2018-ല്‍ രാജസ്ഥാനിലെ ജയ്പുരില്‍ ദുഷ്യന്ത് ശര്‍മ(28) എന്ന യുവാവിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച സംഭവത്തിലാണ് മുഖ്യപ്രതി പ്രിയ സേത്(27) കൂട്ടാളികളായ ദിക്ഷന്ത് കാംറ, ലക്ഷ്യ വാലിയ എന്നിവരെ ജയ്പുര്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

To advertise here,

ഡേറ്റിങ് ആപ്പിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിച്ച പ്രിയ, യുവാവിനെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയും ബന്ദിയാക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാരോട് മോചനദ്രവ്യമായി പത്തുലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. ഇത് നല്‍കാതിരുന്നതോടെയാണ് മൂവരും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയത്. 

2018 മെയ് നാലിനാണ് ജയ്പുരിന് പുറത്തെ ഗ്രാമത്തില്‍ സ്യൂട്ട്‌കേസിലാക്കിയനിലയില്‍ ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കിയ പ്രതികള്‍ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യപ്രതിയായ പ്രിയ സേത് ഉള്‍പ്പെടെ മൂന്നുപ്രതികളെയും രാജസ്ഥാന്‍ പോലീസ് വൈകാതെ പിടികൂടിയിരുന്നു. 

വിവാഹിതനായ ദുഷ്യന്ത് ശര്‍മ 2018 ഫെബ്രുവരിയിലാണ് ഡേറ്റിങ് ആപ്പായ 'ടിന്‍ഡറി'ലൂടെ പ്രിയ സേതിനെ പരിചയപ്പെടുന്നത്. വിവാന്‍ കോലി എന്ന പേരിലാണ് ദുഷ്യന്ത് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടതെന്ന് പ്രിയ സേത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ ധനികനായ വ്യവസായിയാണെന്നും ഇയാള്‍ അവകാശപ്പെട്ടു. ഇതോടെയാണ് ദുഷ്യന്തിനെ കെണിയിലാക്കി പണം തട്ടിയെടുക്കാന്‍ പ്രിയയും കൂട്ടാളികളും തീരുമാനിച്ചത്. പ്രിയയുടെ ലിവ് ഇന്‍ പങ്കാളിയായ ദിക്ഷന്തിന് ഏകദേശം 21 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഈ ബാധ്യത തീര്‍ക്കാനാണ് ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കാന്‍ തീരുമാനിച്ചത്.  

placeholder
കൊല്ലപ്പെട്ട ദുഷ്യന്ത് | Screengrab: Youtube.com/ Deepika Narayan Bhardwaj

പണം തട്ടിയെടുക്കാനായാണ് ദുഷ്യന്തിനെ യുവതി വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ യുവാവിനെ യുവതിയും കൂട്ടാളികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. വീട്ടുകാര്‍ പണം നല്‍കിയാല്‍ വിട്ടയക്കാമെന്നായിരുന്നു പ്രതികള്‍ യുവാവിനോട് പറഞ്ഞത്. എന്നാല്‍, മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിന്റെ വീട്ടില്‍ വിളിച്ചതോടെയാണ് ഡേറ്റിങ് ആപ്പിലെ പേര് വ്യാജമാണെന്നും യുവാവ് ധനികനല്ലെന്നും പ്രതികള്‍ക്ക് വ്യക്തമായത്. 

പത്തുലക്ഷം രൂപയാണ് മോചനദ്രവ്യമായി യുവാവിന്റെ വീട്ടുകാരോട് പ്രതികള്‍ ആവശ്യപ്പെട്ടത്. ഇതിനായി ദുഷ്യന്തിനെക്കൊണ്ട് വീട്ടുകാരെ വിളിപ്പിക്കുകയും ചെയ്തു. ''പപ്പാ, അവര്‍ എന്നെ കൊല്ലും, പത്തുലക്ഷം നല്‍കി എന്നെ രക്ഷിക്കണം'' എന്നായിരുന്നു ദുഷ്യന്ത് അവസാനമായി വിളിച്ച ഫോണ്‍കോളില്‍ അച്ഛനോട് പറഞ്ഞത്. തുടര്‍ന്ന് പ്രിയയും യുവാവിന്റെ അച്ഛനോട് ഇതേകാര്യം ആവശ്യപ്പെട്ടു. എത്രയും വേഗം ദുഷ്യന്തിന്റെ ബാങ്ക് അക്കൗണ്ടില്‍ പത്തുലക്ഷം രൂപ നിക്ഷേപിക്കണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഇത്രയും പണം ഉണ്ടാകില്ലെന്നും പരമാവധി മൂന്നുലക്ഷം രൂപ വൈകുന്നേരത്തിനുള്ളില്‍ നിക്ഷേപിക്കാമെന്നും അച്ഛന്‍ മറുപടി നല്‍കി. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം മൂന്നുലക്ഷം രൂപ ദുഷ്യന്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. എന്നാല്‍, പണം നിക്ഷേപിക്കുന്നതിന് മുന്‍പ് തന്നെ പ്രതികള്‍ യുവാവിനെ കൊലപ്പെടുത്തിയിരുന്നു. 

അക്കൗണ്ടില്‍ പണം വരുന്നതിന് മുന്‍പ് തന്നെ ദുഷ്യന്തിനെ കൊലപ്പെടുത്തിയതായും ഇതിനുശേഷമാണ് അക്കൗണ്ടില്‍നിന്ന് ഇരുപതിനായിരം രൂപ പിന്‍വലിച്ചതെന്നുമാണ് മുഖ്യപ്രതി പ്രിയ സേത് ആക്ടിവിസ്റ്റായ ദീപിക നാരായണ്‍ ഭരദ്വാജിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ആദ്യം ശ്വാസംമുട്ടിച്ച് കൊല്ലാനായിരുന്നു ശ്രമം. ഇതിനായി തലയണ കൊണ്ട് ശ്വാസംമുട്ടിച്ചു. പക്ഷേ, മരിച്ചില്ല. ഇതോടെ ദിക്ഷന്താണ് തന്നോട് കത്തികൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ദിക്ഷന്താണ് യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയതെന്നും പ്രിയ സേത് പറഞ്ഞിരുന്നു. 

അയാള്‍ തന്നോട് ഒരിക്കലും യഥാര്‍ഥ പേരോ വിവരങ്ങളോ പറഞ്ഞിരുന്നില്ല. വലിയ ധനികനാണെന്നാണ് അയാള്‍ അവകാശപ്പെട്ടിരുന്നു. തന്റെ ലിവ് ഇന്‍ പങ്കാളിയായ ദിക്ഷന്തിന് 21 ലക്ഷം രൂപയോളം കടമുണ്ടായിരുന്നു. എങ്ങനെയെങ്കിലും പണം സംഘടിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. തുടര്‍ന്നാണ് തങ്ങള്‍ ഈ പദ്ധതി ആസൂത്രണം ചെയ്തതെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു. 

തട്ടിക്കൊണ്ടുപോകലും പണംതട്ടലുമെല്ലാം പുറത്തറിയുമെന്ന് കരുതിയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതികളുടെ മൊഴി. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി. തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള റോഡരികിലാണ് സ്യൂട്ട്‌കേസ് ഉപേക്ഷിച്ചത്.