മുംബൈ: പൻവേൽ നഗരത്തിന്റെ വിജനമായൊരു കോണിൽ അയാൾ സുഗന്ധദ്രവ്യങ്ങൾ കത്തിച്ചു. ആത്മാക്കളെ എങ്ങനെ വിളിച്ചുവരുത്താം എന്ന വിഷയത്തിൽ യൂട്യൂബ് വീഡിയോകൾ കണ്ടു. മണിക്കൂറുകൾക്ക് മുമ്പ് താൻ കൊലപ്പെടുത്തിയ പെൺകുട്ടിയുടെ 'ആത്മാവിനോട്' അയാൾ ഇരുട്ടിലേക്ക് നോക്കി മാപ്പിരന്നു. ഇതൊരു സാങ്കൽപികകഥയല്ല. ഇൻഡോറിലെ ദ്വാരകപുരിയിൽ എംബിഎ വിദ്യാർഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിയൂഷ് ധാംനോട്ടിയയുടെ ചെയ്തികളായിരുന്നു. മൂന്ന് ദിവസമായി പോലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രതിയിൽ നിന്ന് പോലീസ് ശേഖരിച്ച വിവരങ്ങളാണിവ.

To advertise here,

വെള്ളിയാഴ്ചയാണ് മധ്യപ്രദേശ് ഇൻഡോറിലെ വീട്ടിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 10-ന് പിയൂഷും വിദ്യാർഥിനിയും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ വീടിനടുത്തുള്ള ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഏകദേശം രണ്ടര മണിക്കൂറിനു ശേഷം, അയാൾ തനിയെ ഒരു ബാഗുമായി പുറത്തേക്ക് പോകുന്നത് ക്യാമറദൃശ്യങ്ങളിലുണ്ട്. വീടിന്റെ അകത്ത് നടന്നത് ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്ന് പോലീസ് പറയുന്നു.

പിയൂഷ് ലൈംഗികബന്ധത്തിനായി പെൺകുട്ടിക്ക് നേരെ സമ്മർദ്ദം ചെലുത്തി. എന്നാൽ അവശതയുണ്ടെന്ന് പറഞ്ഞ് അവൾ നിരസിച്ചു. തുടർന്ന് അയാൾ അവളെ ബലാത്സംഗം ചെയ്തു. അതിക്രമത്തിനു ശേഷം, അപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച കയറുകൾ ഉപയോഗിച്ച് അവളുടെ കൈകാലുകൾ കെട്ടി, കണ്ണുകളിൽ തുണി കെട്ടി, അവൾക്ക് ഒരു സമ്മാനം നൽകാൻ താൻ ആഗ്രഹിക്കുന്നതായി അവളോട് പറഞ്ഞു. അവൾ വീണ്ടും ചെറുത്തുനിന്നപ്പോൾ, അയാൾ അവളുടെ വായിൽ തുണി തിരുകി അവളുടെ നെഞ്ചിൽ ഇരുന്നു, ശ്വാസം മുട്ടി ബോധം കെടുത്തുന്നതുവരെ. അവൾ ശ്വാസമെടുക്കുന്നത് നിർത്തിയതായി മനസ്സിലാക്കിയപ്പോൾ, ‌നെഞ്ചിനടുത്ത് കുത്തി, ശക്തിയിൽ കത്തി ഒടിഞ്ഞുപോയി.

അവളെ കൊന്ന ശേഷവും അയാൾ മുറിയിൽ തന്നെ കഴിഞ്ഞുവെന്ന് പോലീസ് പറയുന്നു. പുറത്തിറങ്ങി മദ്യക്കടയിൽ നിന്ന് ബിയർ വാങ്ങി തിരികെ വന്ന് നിർജ്ജീവമായ അവളുടെ ശരീരത്തിനരികിലിരുന്ന് കുടിച്ചു. വസ്ത്രങ്ങൾ മാറ്റി രക്ഷപ്പെടുന്നതിന് മുമ്പ് ശവശരീരത്തെ ലൈംഗികമായി അതിക്രമിച്ചതായി അയാൾ സമ്മതിച്ചുവെന്നും, നഗ്നയാക്കിയാണ് യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചതെന്നും ചോദ്യം ചെയ്യലിനിടെ അയാൾ പറഞ്ഞു.

ആധാർ കാർഡ് തിരുത്താനുണ്ടെന്ന് പറഞ്ഞാണ് വിദ്യാർഥിനി വീട്ടിൽ നിന്നിറങ്ങിയത്. കളക്ടറേറ്റിനടുത്താണ് അച്ഛൻ അവളെ ഇറക്കിവിട്ടത്. പിന്നീട് തന്റെ സഹപാഠിയായ പിയൂഷ് ധാംനോട്ടിയയോടൊപ്പം ഒരു പിറന്നാൾ പാർട്ടിക്ക് പോകുകയാണെന്നും രാത്രി 11 മണിയോടെ തിരിച്ചെത്തുമെന്നും പെൺകുട്ടി ഇളയ സഹോദരിയെ വിളിച്ചുപറഞ്ഞു,. രാത്രി 11 മണിയായപ്പോൾ അവളുടെ ഫോണിൽനിന്ന് അവൾ വീട്ടിൽ തിരിച്ചെത്തില്ലെന്ന് അച്ഛനോട് പറയൂ എന്നൊരു മെസേജ് വന്നു.

അധികം വൈകാതെ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയി. വീട്ടുകാർ പോലീസിനെ അറിയിച്ചു. പിന്നാലെ പെൺകുട്ടിയും പിയൂഷുമായുള്ള അശ്ലീലവീഡിയോകൾ ഒരു കോളേജ് ഗ്രൂപ്പിൽ പങ്കുവെച്ചതായി പോലീസ് കണ്ടെത്തി. ഇതേ ക്ലിപ്പുകൾ പെൺകുട്ടിയുടെ വാട്സാപ്പ് സ്റ്റാറ്റസായി അപ്‌ലോഡ് ചെയ്യുകയും ഫോണിൽ സേവ് ചെയ്ത കോൺടാക്റ്റുകളിലേക്ക് അയയ്ക്കുകയും ചെയ്തു.

ചോദ്യം ചെയ്യലിനിടെ, പിയൂഷ് പലതവണ മൊഴി മാറ്റിപ്പറഞ്ഞു. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ അവൾ തന്നിൽനിന്ന് അകലുകയാണെന്നും ഏകദേശം 15 ദിവസമായി സംസാരിച്ചിട്ടില്ലെന്നും അയാൾ അവകാശപ്പെട്ടു. അവളുടെ ഫോണിൽ ഒരു ഡേറ്റിങ് ആപ്പ് കണ്ടതായും അവൾ മറ്റൊരാളുമായി ചാറ്റ് ചെയ്യുകയാണെന്ന് സംശയിച്ച് തതർക്കമുണ്ടാകുകയും തുടർന്ന് അവളെ കഴുത്ത് ഞെരിച്ച് കൊന്നതായും അയാൾ പറഞ്ഞു.

കൊലപാതകത്തിന് ശേഷം പിയൂഷ് മുംബൈയിലേക്ക് പോയി. ഹോട്ടലുകളിൽ താമസിച്ചു. മെട്രോ സ്റ്റേഷനുകളിൽ കറങ്ങുകയും തെളിവ് നശിപ്പിക്കാൻ വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ തല്ലിത്തകർക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ വിജനമായ ഒരു പ്രദേശത്ത് അയാൾ മന്ത്രവാദ കർമ്മങ്ങൾ നടത്താൻ ശ്രമിച്ചതിന്റെ സൂചനകൾ പോലീസിന് ലഭിച്ചു. ഡിജിറ്റൽ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, അപ്പാർട്ട്മെന്റിൽ നിന്ന് വീണ്ടെടുത്ത കയറുകൾ, തകർന്ന കത്തി എന്നിവ ഫോറൻസിക് ടീമുകൾ പരിശോധിച്ചുവരികയാണ്.