ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ പള്ളിയോട് ചേര്‍ന്നുള്ള വസതിയില്‍ ഇമാമിന്റെ ഭാര്യയും രണ്ടു മക്കളും കൊല്ലപ്പെട്ട നിലയില്‍. ഗംഗനൗലി ഗ്രാമത്തിലെ പ്രധാന പള്ളിയുടെ ഇമാമായ ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (30), മക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.

To advertise here,

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ പുരോഹിതൻ സ്ഥലത്തില്ലായിരുന്നുവെന്നാണ് വിവരം. പള്ളിയില്‍ ദിവസേനയുള്ള പഠനത്തിനെത്തിയ കുട്ടികളാണ് ഇവരുടെ മൃതദേഹം ആദ്യം കണ്ടത്.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് സൂപ്രണ്ട് സൂരജ് കുമാര്‍ റായ്, അഡീഷണല്‍ എസ്പി പ്രവീണ്‍ കുമാര്‍ ചൗഹാന്‍, സര്‍ക്കിള്‍ ഓഫീസര്‍ വിജയ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ഉദ്യോഗസ്ഥര്‍ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, വേഗത്തില്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികളില്‍ ചിലര്‍ പ്രതിഷേധിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (മീററ്റ് റേഞ്ച്) കലാനിധി നൈതാനി സംഭവസ്ഥലം സന്ദര്‍ശിക്കുകയും വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 'കുടുംബ വഴക്ക്, മോഷണം, ശത്രുത തുടങ്ങി എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിനായി അഞ്ച് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ പിടികൂടും,'- നൈതാനി പറഞ്ഞു.

മുസാഫര്‍നഗര്‍ ജില്ലയിലെ സുന്ന ഗ്രാമവാസിയായ ഇബ്രാഹിം, കഴിഞ്ഞ നാല് വര്‍ഷമായി ഗംഗനൗലിയിലെ ബാഡി മസ്ജിദില്‍ സേവനമനുഷ്ഠിച്ച് വരികയാണ്.