ഇടുക്കി: മൂലമറ്റത്ത് കുപസ്രിദ്ധ ഗുണ്ടയായ സാജന്‍ സാമുവലിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ നിര്‍ണായകമായത് ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍. പ്രതികള്‍ സാജന്റെ മൃതദേഹവുമായി സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് അരുംകൊലയുടെ ചുരുളഴിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികള്‍ ഓട്ടോ വിളിച്ചത്. വണ്ടിയിടിച്ച് ചത്ത കാട്ടുപന്നിയുടെ ഇറച്ചിയാണെന്ന് പറഞ്ഞാണ് മൃതദേഹം പൊതിഞ്ഞ് ഓട്ടോയില്‍ കയറ്റിയത്. തുടര്‍ന്ന് മൂലമറ്റം തേക്കിന്‍കൂപ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തി ഉപേക്ഷിക്കുകയായിരുന്നു.

To advertise here,

ഓട്ടോയില്‍ കയറ്റിയ സാധനത്തില്‍ മനുഷ്യന്റെ തലമുടി പോലെ കണ്ടതും ദുര്‍ഗന്ധം വമിച്ചതുമാണ് ഓട്ടോ ഡ്രൈവര്‍ക്ക് സംശയം തോന്നാനിടയാക്കിയത്. തുടര്‍ന്ന് ഇയാള്‍ പിതാവിനോട് സംശയം പറഞ്ഞു. പിന്നാലെ പിതാവ് കാഞ്ഞാര്‍ എസ്.ഐ.യെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം മൂന്നുദിവസമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് സാജന്‍ സാമുവലാണെന്നും കണ്ടെത്തി. 

വണ്ടിയിടിച്ച് ചത്ത പന്നി, നിര്‍ബന്ധിച്ച് ചായ കുടിക്കാന്‍ കൊണ്ടുപോയി...
സാജന്‍ സാമുവലിനെ കൊലപ്പെടുത്തിയ പ്രതികള്‍ വ്യാഴാഴ്ച രാത്രിയാണ് അവരുടെ താമസസ്ഥലത്തേക്ക് ഓട്ടമുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതെന്ന് ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തി. '' ഫോണില്‍ വിളിച്ച് കുറച്ച് സിമന്റും ടാര്‍പ്പായയും വാങ്ങി താമസസ്ഥലത്തേക്ക് വരാനാണ് ആദ്യം ആവശ്യപ്പെട്ടത്. അന്ന് ഓട്ടം കുറവായതുകൊണ്ടും കൈയില്‍ പൈസയില്ലാത്തതിനാലും ഈ സാധനങ്ങളൊന്നും കിട്ടിയില്ലെന്ന് പറഞ്ഞു. അതോടെ കേറിപ്പോരെ എന്ന് പറഞ്ഞു. പകുതി എത്തിയപ്പോള്‍ ഇപ്പോള്‍ വരേണ്ട, പിന്നെ വന്നാല്‍മതി എന്നായി.

പിന്നീട് രാത്രി വിളിച്ച് കുറച്ച് ആക്രിസാധനം കൊണ്ടുപോകാനുണ്ടെന്ന് പറഞ്ഞു. വണ്ടിയുമായെത്തി. അപ്പോള്‍ ഒരാള്‍വന്ന് സംസാരിച്ചു. അയാള്‍ എന്നെ നിര്‍ബന്ധിച്ച് ചായ കുടിക്കാന്‍ കൊണ്ടുപോയി. പിന്നീട് തിരികെ എത്തിയപ്പോള്‍ ഓട്ടോയുടെ പിന്നില്‍ സാധനം കയറ്റിയിരുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ പന്നിയിറച്ചിയാണെന്നും വണ്ടിയിടിച്ച് ചത്ത പന്നിയാണെന്നും പറഞ്ഞു. ഇത് വണ്ടിയില്‍ കയറ്റാന്‍പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. 

ഏഴുപേരോളം വണ്ടിയില്‍ കയറി. മൂലമറ്റം ഭാഗത്തേക്ക് കൊണ്ടുപോയി. രണ്ടുപേര്‍ വഴിയിലിറങ്ങി. അതിലൊരാള്‍ 800 രൂപ ഓട്ടോക്കൂലി തന്നു. ശേഷം തേക്കിന്‍കൂപ്പിലെ ആളൊഴിഞ്ഞഭാഗത്തേക്ക് പോയി. അവിടെവെച്ച് സാധനം വണ്ടിയില്‍നിന്ന് വലിച്ചിറക്കി. കണ്ടപ്പോള്‍ ഭാരമുള്ള സാധനംപോലെ തോന്നി. അഞ്ചുപേര്‍ പിടിച്ചിട്ടും എടുക്കാന്‍ വയ്യായിരുന്നു. തുടര്‍ന്ന് വണ്ടി തിരിച്ച് പോകുന്നതിനിടെ ഹെഡ്‌ലൈറ്റിന്റെ വെട്ടത്തില്‍ മുടി പോലെ കണ്ടു. അത് മുടിയാണോ പന്നിയുടെ രോമമാണോ എന്ന സംശയമുണ്ടായി. ഇറക്കുമ്പോള്‍ അഴുകിയ മണമുണ്ടായിരുന്നു. വരുമ്പോള്‍ ഒരാള്‍ തിരികെ കൂടെവന്നു. സംശയം തോന്നിയതോടെ വീട്ടിലെത്തി അപ്പനോട് വിവരം പറഞ്ഞു. അപ്പന്‍ കാഞ്ഞാര്‍ എസ്.ഐ.യെ അറിയിച്ചു. വണ്ടി വിളിച്ചവര്‍ സ്ഥിരമായി ഓട്ടം വിളിക്കാറുള്ളവരാണ്. ഇടയ്ക്ക് അവരുടെ പണിസ്ഥലത്തേക്ക് വണ്ടി വിളിക്കാറുണ്ട്. ആ പരിചയത്തിലാണ് വിളിച്ചത്'', ഓട്ടോഡ്രൈവര്‍ പറഞ്ഞു.

മൂന്നുദിവസം തിരച്ചില്‍ 
ഓട്ടോ ഡ്രൈവറുടെ സംശയത്തെത്തുടര്‍ന്ന് തേക്കിന്‍കൂപ്പ് ഭാഗത്ത് തിരച്ചില്‍ നടത്തിയ പോലീസ് സംഘം ഞായറാഴ്ച രാവിലെയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസത്തോളമാണ് പോലീസ് സ്ഥലത്ത് തിരച്ചില്‍ നടത്തിയത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. വായില്‍ തോര്‍ത്ത് തിരുകിയിരുന്നു. തലയിലും ശരീരമാസകലവും വലിയ മുറിവുകളുണ്ട്. ഇടതുകൈ നഷ്ടപ്പെട്ടിരുന്നു. കൈയും കാലും ഇലക്ട്രിക് കേബിളും തുണിയുമുപയോഗിച്ച് വരിഞ്ഞുമുറുക്കിയ നിലയിലായിരുന്നു. 

കൊല്ലപ്പെട്ടത് കുപ്രസിദ്ധ ഗുണ്ട
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കുപ്രസിദ്ധ ഗുണ്ട സാജന്‍ സാമുവലാണെന്ന് പോലീസ് കണ്ടെത്തിയത്. മൃതദേഹം ഇയാളുടേതാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉറപ്പിക്കാനായി ഡി.എന്‍.എ. പരിശോധനയും നടത്തും. 

ജനുവരി 30-ന് സാജനെ കാണാനില്ലെന്ന് പറഞ്ഞ് ഇയാളുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. സാജനെ പ്രതികളുടെ താമസസ്ഥലത്തുവെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിലവിലെ നിഗമനം. തുടര്‍ന്ന് മൃതദേഹം തേക്കിന്‍കൂപ്പ് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മൂലമറ്റം സ്വദേശികളായ ആറുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷാരോണ്‍ ബെന്നി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട സാജന്‍ ഇടുക്കി, എറണാകുളം ജില്ലകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. നാട്ടുകാര്‍ക്ക് നേരേ വാഹനം ഓടിച്ചുകയറ്റിയതിനും തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തതിനും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. സ്ത്രീകളെ അപമാനിച്ചതിനും ഒട്ടേറെ കേസുകളുണ്ട്. ഇയാള്‍ക്കെതിരേ കാപ്പയും ചുമത്തിയിരുന്നു. 

സാജനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടവര്‍ നിര്‍മാണത്തൊഴിലാളികളാണ്. ഇവരും സാജനും തമ്മില്‍ പരിചയമുണ്ടായിരുന്നു. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് സാജന്‍ ഇടയ്ക്കിടെ വന്നിരുന്നു. ഒരുമിച്ചുള്ള മദ്യപാനത്തിനിടെ സാജന്‍ തങ്ങളില്‍ ഒരാളെ കൊലപ്പെടുത്തുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പ്രതികള്‍ പറയുന്നത്. ഇതിനാലാണ് തങ്ങളെല്ലാം ചേര്‍ന്ന് സാജനെ കൊലപ്പെടുത്തിയതെന്നും കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.