ഹൈദരാബാദ്: മൂന്നാഴ്ചയ്ക്ക് മുൻപ് സ്വിറ്റ്‌സർലൻഡിൽ വിനോദസഞ്ചാരത്തിന് പോയ ഹൈദരാബാദ് സ്വദേശികളായ വ്യവസായിയെയും ഭാര്യയെയും കാണാതായതായി പരാതി. നിക്ഷേപകരിൽനിന്ന് തട്ടിയ കോടികളുമായി ദമ്പതികൾ രാജ്യംവിട്ടതായി പരാതിയുണ്ട്. ആരോപണത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്. പബ്ബ ചന്ദ്രശേഖർ (51), സ്വപ്‌ന (42) എന്നിവർക്കെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.

To advertise here,

ജൂൺ 22-നാണ് ഇരുവരും സ്വിറ്റ്‌സർലൻഡിലേക്ക് വിനോദയാത്രയ്ക്കായി പോയതെന്ന് മകൾ ശ്രേയ പോലീസിനോട് പറഞ്ഞു. തുടക്കത്തിൽ ബന്ധുക്കളുമായി ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ജൂലൈ എട്ടിനുശേഷം ഫോൺവിളിയോ മെസേജോ ഉണ്ടായിട്ടില്ല. ഇരുവരുടേയും ഫോൺ സ്വിച്ച് ഓഫാണെന്നും മകൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്നാണ് സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലിചെയ്യുന്ന മകൾ പോലീസിനെ വിവരമറിയിച്ചത്.

ദമ്പതികളുടെ യാത്രാ റെക്കോർഡുകളടക്കമുള്ള വിവരങ്ങളും സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. വിനോദയാത്രയ്‌ക്കെന്ന് പറഞ്ഞ് യാത്രചെയ്ത ഇവർ സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് എമിഗ്രേഷൻ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

ബിസിനസിൽ നിക്ഷേപിക്കാനെന്ന് അവകാശപ്പെട്ട് ചന്ദ്രശേഖരും ഭാര്യയും അറുപത് ആളുകളിൽനിന്നായി 50 കോടി രൂപ ശേഖരിച്ചിട്ടുണ്ടെന്നാണ് ആരോപണം. ആകർഷകമായ ലാഭമുണ്ടാകുമെന്ന് അവകാശപ്പെട്ടായിരുന്നു നിക്ഷേപം വാങ്ങിയിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് നേടിയെടുത്ത ഈ പണം തിരികെ നൽകിയില്ലെന്നാണ് നിക്ഷേപകരുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വഞ്ചനാക്കുറ്റവും ചുമത്തിയിട്ടുണ്ട്. 

കേസ് അന്വേഷിച്ചുവരികയാണെന്നും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.