ഫറോക്ക്: മനുഷ്യക്കടത്തുകേസിൽ തീവണ്ടിയിൽവെച്ച്‌ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ നല്ലളം പോലീസ് അസമിലെത്തി വീണ്ടും പിടികൂടി. അസം ഉപലേശ്വർ വില്ലേജിലെ ഭവാനിപുർ സ്വദേശി നസീദുൽ ഷെയ്ക്കി(21)നെയാണ് നല്ലളം പോലീസിലെ പ്രത്യേകസംഘം പിടികൂടിയത്.

To advertise here,

2023 ഒക്ടോബറിൽ ബംഗാൾ സ്വദേശിയായ പതിനഞ്ചുകാരിെയ കാണാതായതുമായി ബന്ധപ്പെട്ട കേസിലാണ് നസീദുൽ ഷെയ്ക്കിനെ അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം മേയിൽ ഹരിയാണ സ്വദേശി സുഷിൽകുമാറി(35)നെ നല്ലളം പോലീസ് അറസ്റ്റുചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 2023-ലാണ് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബംഗാൾ സ്വദേശിനിയായ പെൺകുട്ടിയെ കാണാതായതായി പരാതിയെത്തുന്നത്. അന്വേഷണത്തിൽ ശാരദാമന്ദിരത്ത് ജോലിചെയ്തിരുന്ന അസം സ്വദേശിയായ നസീദുൽ ഷെയ്ക്ക് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതാണെന്ന് മനസ്സിലായി. തുടർന്ന് നല്ലളം പോലീസ് സൈബർസെല്ലിന്റെ സഹായത്താൽ നടത്തിയ അന്വേഷണത്തിൽ 2024 മേയിൽ പെൺകുട്ടിയെ ഹരിയാണയിൽനിന്ന് കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ നസീദുൽ ഷെയ്ക്ക് തന്റെ പിതാവായ ലാൽസൺ ഷെയ്ക്കിനു കൈമാറുകയും അദ്ദേഹം 25,000 രൂപ വാങ്ങി ഹരിയാണ സ്വദേശിയായ സുഷിൽകുമാറിന് നൽകുകയുമായിരുന്നെന്ന് കണ്ടെത്തി. ഈസമയം പെൺകുട്ടി ഗർഭിണിയായിരുന്നു. എന്നാൽ, കേസിലെ പ്രധാനപ്രതിയായ നസീദുൽ ഷെയ്ക്കിനെയും പിതാവിനെയും പോലീസിന് അന്ന് കണ്ടെത്താനായില്ല.

സൈബർസെല്ലിന്റെ നിരന്തര അന്വേഷണത്തിനൊടുവിൽ 2024 ഒക്ടോബറിൽ അസമിലെ ഭവാനിപ്പുരിൽനിന്ന്‌ നസീദുൽ ഷെയ്ക്കിനെ നല്ലളം പോലീസ് പിടികൂടി. തുടർന്ന് തീവണ്ടിമാർഗം നാട്ടിലേക്കുകൊണ്ടുവരുമ്പോൾ ബിഹാറിലെ കാട്ടിഹാർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിനിർത്തുന്നതിനിടെ നസീദുൽ ഷെയ്ക്ക് ചാടി രക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അന്ന് കേസന്വേഷിച്ചിരുന്ന നല്ലളം സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്കുനേരേ വകുപ്പുതലനടപടിയുമുണ്ടായി.

സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണൻ, ഫറോക്ക് അസി. കമ്മിഷണർ എ.എം. സിദ്ദീഖ് എന്നിവരുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിലാണ് പ്രതി അസമിലുണ്ടെന്നവിവരം ദിവസങ്ങൾക്കുമുൻപ്‌ വീണ്ടും പോലീസിനുലഭിക്കുന്നത്. തുടർന്ന് നല്ലളം പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അസമിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, പോക്സോ വകുപ്പുകൾചേർത്താണ് നസീദുൽ ഷെയ്ക്കിൻറെപേരിൽ കേസെടുത്തത്.

പെൺകുട്ടിയെ ഹരിയാണ സ്വദേശിക്ക് കൈമാറിയ നസീദുൽ ഷെയ്ക്കിന്റെ പിതാവിനെ പിടികൂടാനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇയാളും ഒളിവിലാണ്.

നല്ലളം ഇൻസ്പെക്ടർ സുമിത്ത്കുമാർ, എസ്ഐമാരായ സുനീൽകുമാർ, രതീഷ്, സിപിഒമാരായ സഫീൽ, സുഗേഷ് തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.