ആലപ്പുഴ: വീട്ടിലെ കിടപ്പുമുറിയിൽ വയോധികയായ വീട്ടമ്മയെ തലയ്ക്കടിയേറ്റുമരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ തിരുവമ്പാടി വാർഡ് കല്ലുപുരയ്ക്കൽ ലിസി (65) യാണു മരിച്ചത്. കൈഞരമ്പുമുറിച്ച നിലയിൽ ലിസിയുടെ ഭർത്താവ് പൊന്നപ്പൻ വർഗീസിനെ (75) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ഭാര്യയെ കൊലപ്പെടുത്തി പൊന്നപ്പൻ ആത്മഹത്യക്കു ശ്രമിച്ചതാണെന്നാണു പോലീസിന്റെ പ്രാഥമികനിഗമനം.

To advertise here,

സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. മകൻ വിനയ് കുഞ്ഞുമായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ഉച്ചഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്തശേഷമാണു പോയത്. ആരും വീടിനു പുറത്തെത്താതിരുന്നതിനെത്തുടർന്ന് ഭക്ഷണവുമായി വന്നയാൾ മകനെ വിവരമറിയിച്ചു. സമീപത്തു താമസിക്കുന്ന ബന്ധുവായ ജോർജ് അടുക്കളവാതിലിന്റെ ഗ്രിൽ തുറന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ചുകിടക്കുന്നതു കണ്ടത്. ലിസി കിടപ്പുമുറിയിലും പൊന്നപ്പൻ ശൗചാലയത്തിലുമാണ് കിടന്നത്. തുടർന്ന് നാട്ടുകാർ പൊന്നപ്പനെയും ലിസിയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തിച്ചശേഷമാണു ലിസിയുടെ മരണം സ്ഥിരീകരിച്ചത്.

ലിസി ഒരാഴ്ചയായി പനിബാധിച്ച് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണു ഡിസ്ചാർജുചെയ്ത് വീട്ടിലെത്തിയത്. ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മകൻ: വിനയ് പി. വർഗീസ് (ഫെഡറൽ ബാങ്ക്). മരുമകൾ: മീതു (ഫെഡറൽ ബാങ്ക്).

തലയ്ക്കടിയേറ്റു വീട്ടമ്മയുടെ മരണം; കാരണം അവ്യക്തം, വിശ്വസിക്കാനാകാതെ നാട്ടുകാർ

വയോധികയായ വീട്ടമ്മയെ തലയ്ക്കടിയേറ്റുമരിച്ചനിലയിലും ഭർത്താവിനെ കൈഞരമ്പുമുറിച്ചനിലയിലും കണ്ടെത്തിയ സംഭവം പ്രദേശവാസികളെ നടുക്കി. തലയ്ക്കടിയേറ്റുമരിച്ച ആലപ്പുഴ തിരുവമ്പാടി കല്ലുപുരയ്ക്കൽ ലിസി (65)യും കൈഞരമ്പ് മുറിച്ചനിലയിൽ ആശുപത്രിയിൽ കഴിയുന്ന ഭർത്താവ് പൊന്നപ്പൻ വർഗീസും(75) തമ്മിൽ പ്രശ്നങ്ങളുള്ളതായി നാട്ടുകാർക്കോ ബന്ധുക്കൾക്കോ അറിവില്ല.

അതുകൊണ്ടുതന്നെ ലിസിയെ കൊലപ്പെടുത്തി പൊന്നപ്പൻ ജീവനൊടുക്കാൻ ശ്രമിച്ചതാണന്ന പോലീസിന്റെ പ്രാഥമികനിഗമനം ആരും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവം നടക്കുന്നതിന് ഏതാനും മണിക്കൂർ മുൻപ് പൊന്നപ്പൻ സമീപത്തെ കടയിൽനിന്ന് ഇഞ്ചിയും പച്ചമുളകും ഏത്തപ്പഴവുമൊക്കെ വാങ്ങിക്കൊണ്ടുപോയിരുന്നു.

നല്ലസന്തോഷത്തോടെയായിരുന്നു അതെല്ലാം. അതുകൊണ്ടുതന്നെ പൊന്നപ്പന്റെ ഭാഗത്തുനിന്ന് അത്തരമൊരു ആക്രമണ സാധ്യതയുണ്ടാകാനിടയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സാമ്പത്തികമായി നല്ലനിലയിലാണ് കല്ലുപുരയ്ക്കൽ കുടുംബം. തിരുവമ്പാടിയിൽ സ്വന്തമായി കെട്ടിടങ്ങളുള്ള ഇവർക്ക് വാടകയിനത്തിൽ വരുമാനമുണ്ട്. മകനും മരുമകളും ബാങ്കുദ്യോഗസ്ഥരുമാണ്. അതിനാൽ സാമ്പത്തിക പ്രയാസമല്ല കാരണമെന്നാണ് നിഗമനം.

ലിസി ഒരാഴ്ചയായി പനി ബാധിച്ച് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയത്. പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങൾ ഇരുവരുമുർക്കുണ്ട്. അതൊരു കാരണമാകാനുള്ളസാധ്യതയുണ്ടെന്നാണ് ഇവരുമായി അടുപ്പമുള്ളവർ പറയുന്നത്. പൊന്നപ്പൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഡെലിവറി ബോയ് വന്നു; ആരും വാതിൽ തുറന്നില്ല

മകൻ വിനയും മരുമകൾ മീതുവും കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ രാവിലെ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്നു. അതുകൊണ്ടുതന്നെ ലിസിക്കും പൊന്നപ്പനും കഴിക്കാനുള്ള ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുകയായിരുന്നു. ഡെലിവറി ബോയ് ഉച്ചയ്ക്ക് ഒന്നരയോടെയെത്തിയിട്ടും വീട്ടിൽ ആരെയുംകാണാതിരുന്നതിനെത്തുടർന്നാണ് വിനയിനെ ഫോണിൽ വിളിച്ചത്.

തുടർന്നാണ് സമീപത്തുള്ള ബന്ധുവായ ജോർജിനെ അറിയിച്ചത്. ജോർജാണ് പിൻഭാഗത്തെവാതിൽ ഗ്രില്ല് തുറന്ന് അകത്തുകയറി നോക്കിയത്. അപ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. വിവരം മകനെ അറിയിച്ചു. മകനും നാട്ടുകാരും ചേർന്നാണ് പോലീസിനെ വിവരമറിയിച്ചത്.