കോഴിക്കോട്: ആരും ഇറങ്ങാന്‍ മടിക്കുന്ന ചതുപ്പും വെള്ളക്കെട്ടുമൊന്നും അസീസിനും സംഘത്തിനും വിഷയമല്ല. പ്രതിഫലത്തിനായല്ല സാമൂഹികസേവനത്തിനായി അവര്‍ രംഗത്തിറങ്ങും, എവിടെയും. സരോവരത്തും കഴിഞ്ഞ എട്ടുദിവസമായി കാണുന്നത് ഇതാണ്. സുഹൃത്തുക്കള്‍ ചതുപ്പില്‍ക്കെട്ടിത്താഴ്ത്തിയ വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനും പോലീസിന്റെ മനസ്സില്‍ മറ്റൊരുപേരുണ്ടായിരുന്നില്ല. എലത്തൂര്‍ എസ്എച്ച്ഒയുടെ വിളിയെത്തിയതോടെ അസീസും സംഘവും സരോവരത്തെത്തുകയായിരുന്നു.

To advertise here,

മഠത്തില്‍ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് വെള്ളിയാഴ്ച വിജിലിന്റേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റിയാസ് മാളിയേക്കല്‍, ഷംസു പുല്ലിക്കടവ്, സിദ്ദീഖ് എഫ്എല്‍എസ്, മിര്‍ഷാദ് ചെറിയേടത്ത്, ഹര്‍ഷാദ് പയ്യോളി എന്നിവരാണ് സംഘാംഗങ്ങള്‍.

ചതുപ്പില്‍ നിറയെ മരക്കഷണങ്ങളും കുപ്പിച്ചില്ലുകളും സിറിഞ്ചുകളുമൊക്കെ ഉണ്ടായത് തിരച്ചില്‍ ദുഷ്‌കരമാക്കി. ''ആദ്യം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലാണ് കിട്ടിയത്. പിന്നാലെ കൈയിലെ ഒരസ്ഥിയും കിട്ടി'' -അസീസ് പറഞ്ഞു.

17-ാം വയസ്സിലാണ് അസീസ് പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. ഇതുവരെ 4230 മൃതദേഹങ്ങള്‍ പലയിടങ്ങളില്‍നിന്നായി പുറത്തെടുത്തു. ചെറുപ്പത്തില്‍ തിരുവണ്ണൂര്‍ കൊട്ടുമ്മലില്‍ ജോലിക്കുപോയപ്പോള്‍ അവിടെ ഒരു പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടു. ആ കുട്ടിയ രക്ഷിക്കാന്‍ അസീസ് മറ്റൊന്നും ചിന്തിക്കാതെ വെള്ളത്തില്‍ ചാടി. അന്നുമുതല്‍ അസീസ് മറ്റുള്ളവര്‍ക്ക് സഹായത്തിനായി രംഗത്തെത്തിത്തുടങ്ങി. മരണത്തില്‍ ബന്ധുക്കളുടെ സംശയത്തെത്തുടര്‍ന്ന് വ്യാഴാഴ്ച കോന്നാട് ബീച്ചില്‍ തോണിച്ചാല്‍ വീട്ടില്‍ അസീമിന്റെ മൃതദേഹം പരിശോധനയ്ക്കായി കോപ്പയില്‍ ജുമാമസ്ജിദിന്റെ കബര്‍സ്ഥാനില്‍നിന്ന് പുറത്തെടുത്തതും അസീസും സംഘവുമാണ്.

ആരും വിളിക്കാതെ ഒരിടത്തുചെന്ന് നല്‍കുന്ന സഹായത്തിന് പടച്ചവന്‍ പ്രതിഫലം നല്‍കുമെന്ന ഉമ്മയുടെ ഉപദേശം ഹൃദയത്തിലേറ്റി അയാള്‍ ഇനിയും സഹായത്തിനായെത്തും.