കോഴിക്കോട്: ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് സഹായംചെയ്ത രണ്ടു സ്ത്രീകൾകൂടെ പ്രതികളാവും. കേസിലെ മുഖ്യപ്രതി നൗഷാദിനുവേണ്ടി ഹേമചന്ദ്രനെ കെണിയിൽപ്പെടുത്തി സംഘത്തിന്റെ കൈയിലെത്തിച്ച കണ്ണൂർ സ്വദേശിനി, തട്ടിക്കൊണ്ടുപോകലിനെയും കൊലപാതകത്തെയുംകുറിച്ച് അറിയാവുന്ന ഗുണ്ടൽപേട്ട് സ്വദേശിനി എന്നിവരെയാണ് പ്രതികളാക്കുക. ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

To advertise here,

കണ്ണൂരുകാരിയാണ് സൗഹൃദംനടിച്ച് ഹേമചന്ദ്രനെ കെണിയിൽപ്പെടുത്തിയത്. ഗുണ്ടൽപേട്ട് സ്വദേശിനിക്ക്‌ ഹേമചന്ദ്രനുമായി സാന്പത്തിക ഇടപാടുണ്ടായിരുന്നു. മുഖ്യപ്രതി നൗഷാദ് സന്ദർശനവിസയിൽ സൗദിയിലാണ്. അയാളെ അടുത്തദിവസംതന്നെ നാട്ടിലെത്തിക്കും. ഹേമചന്ദ്രന്റെ മൊബൈൽ ഫോൺ കഴിഞ്ഞദിവസം മൈസൂരുവിൽനിന്ന് കണ്ടെത്തിയിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ജ്യോതിഷ്‌കുമാറിനെയും അജേഷിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ബത്തേരിയിലെ ഒരു വീട്ടിൽവെച്ചാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ പ്രതികൾ പോലീസിനോട് പറഞ്ഞത്.