ഗുരുവായൂർ: ഗുരുവായൂരിൽ യുവതിയെ കൊലപ്പെടുത്താനെത്തിയ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിലൊരാൾ സ്ത്രീയുടെ വേഷമണിഞ്ഞാണെത്തിയത്. തൊടുപുഴ സ്വദേശികളായ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23), ചോലമാട്ടത്തിൽ പ്രസാദ് (43), തോട്ടുകര തെങ്ങിൽ ഷാഹിദ് (24), കാരക്കുന്നേൽ സ്റ്റീഫൻ (32), ഇടുക്കി മാത്തപ്പാറ തൈപ്പറമ്പിൽ ബിനീഷ് (30) എന്നിവരെയാണ് ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 16 ഗ്രാം കഞ്ചാവും കണ്ടെത്തി.

To advertise here,

തൃശ്ശൂരിലെ സ്പായിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയെയാണ് സംഘം കൊലപ്പെടുത്താനെത്തിയതെന്ന് സി.ഐ. വിനോദ് വലിയാട്ടൂർ പറഞ്ഞു. സംഘത്തിലെ പ്രസാദാണ് സ്ത്രീയുടെ വേഷത്തിലുണ്ടായിരുന്നത്. പടിഞ്ഞാറേനടയിൽ കണ്ട ഇയാളെ സംശയാസ്പദമായി ചോദ്യം ചെയ്തതായിരുന്നു. താൻ കൂട്ടുകാരിയെ കാണാൻ വന്നതെന്നായിരുന്നു പറഞ്ഞത്. പന്തികേടു തോന്നി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കൂടുതൽ ചോദ്യം ചെയ്തു. അപ്പോഴാണ് ഇവർ സംഘം ചേർന്ന് യുവതിയെ കൊലപ്പെടുത്താനെത്തിയതാണെന്നതിന്റെ ചുരുളഴിയുന്നത്. ഒപ്പമുള്ള നാലുപേരെ ഗുരുവായൂരിലെ ലോഡ്ജിൽനിന്ന് പിടികൂടി. അവർ മുങ്ങാനുള്ള ശ്രമത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കാറിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.