
ന്യൂഡൽഹി: കേട്ടുകേൾവിയില്ലാത്ത ക്രൂരതയും നിഗൂഢതയുംകൊണ്ട് രാജ്യത്താകെ ചർച്ചയായതാണ് നിതാരി കൊലക്കേസ്. ഒടുവിൽ തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കുറ്റവിമുക്തനാക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. മുഖ്യപ്രതിയെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും അപ്പീലിൽ തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കപ്പെടുകയും ചെയ്ത ആൾ വർഷങ്ങൾക്കിപ്പുറം സ്വന്തം ചായക്കടയ്ക്കുള്ളിൽ ജീവനൊടുക്കിയതായുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
2006 ഡിസംബറിൽ ഉത്തർപ്രദേശിലെ നോയ്ഡയിലുള്ള നിതാരി ഗ്രാമത്തിലെ വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായിരുന്നു കേസിന്റെ തുടക്കം. 2005-2006 കാലത്ത് ഗ്രാമത്തിൽനിന്ന് കാണാതായ പെൺകുട്ടികളുടെ ശരീരാവശിഷ്ടങ്ങളാണു കണ്ടെത്തിയത്. സംഭവത്തിൽ വീട്ടുടമ മൊനീന്ദർ സിങ് പാന്ഥറും സഹായി സുരേന്ദ്ര കോലിയും അറസ്റ്റിലായി. ഇവരെ ചോദ്യംചെയ്തതിൽനിന്ന് ഒരുവർഷത്തിലേറെ കാലം അരങ്ങേറിയ കൊലപാതകങ്ങളുടെയും ലൈംഗികവൈകൃതങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിഞ്ഞു.
ഇരുപതുവയസ്സുള്ള യുവതിയൊഴികെ ഇരകളെല്ലാം പ്രായപൂർത്തിയാകാത്തവരായിരുന്നു. നുണപരിശോധനയിൽ ക്രൂരതകളെല്ലാം സുരേന്ദ്ര കോലി അന്വേഷണസംഘത്തോടു വിവരിച്ചു. കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിൽവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മറവുചെയ്യുകയുമായിരുന്നു ഇവരുടെ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൃതശരീരം പാകംചെയ്ത് കഴിച്ചതായും മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.
ക്രൂരതയരങ്ങേറിയ വസതി സെക്ടർ 31-ൽ അനാഥമായി ഇപ്പോഴുമുണ്ട്. ബംഗാളിൽനിന്നും ബിഹാറിൽനിന്നും കുടിയേറി ജോലിചെയ്തിരുന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഇരകളിലേറെയും. സംഭവം പുറത്തുവന്നശേഷം ഈ കുടുംബങ്ങളിലേറെയും നിതാരിയിൽനിന്ന് താമസം മാറ്റി.
കൊലപാതക പരമ്പരയിലെ മുഖ്യപ്രതി സുരേന്ദ്ര കോലിയെ വിചാരണക്കോടതി വധശിക്ഷവിധിച്ച 12 കേസുകളിൽ അലഹാബാദ് ഹൈക്കോടതി കുറ്റമുക്തനാക്കിയിരുന്നു. കൂട്ടുപ്രതി മൊനീന്ദർ സിങ് പാന്ഥറിന് വധശിക്ഷ വിധിച്ച രണ്ട് കേസുകളിലും കുറ്റമുക്തനാക്കിയിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അശ്വനികുമാർ മിശ്ര, സയിദ് അഫ്താബ് ഹുസൈൻ റിസ്‌വി എന്നിവരുൾപ്പെട്ട ബെഞ്ച് ഈ വിധികൾ പ്രസ്താവിച്ചത്.
കേസിൽ 2006 ഡിസംബർ 29-നാണ് പ്രതികൾ പിടിയിലായത്. കുട്ടികളുൾപ്പെടെയുള്ളവരെ സുരേന്ദ്ര കോലിയും മൊനീന്ദർ സിങ്ങും വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വെട്ടിനുറുക്കുകയും ചെയ്തു. അവശിഷ്ടങ്ങൾ കഷണങ്ങളാക്കി വീടിനുപിറകിൽ കുഴിയെടുത്ത് മൂടുകയായിരുന്നെന്നും സി.ബി.ഐ. കണ്ടെത്തി. മാംസഭാഗങ്ങൾ ഭക്ഷിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകൾചുമത്തി 19 കേസാണ് സി.ബി.ഐ. 2007-ൽ ഇരുവർക്കുമെതിരേ ചുമത്തിയത്. ഇതിൽ മൂന്നു കേസ് തെളിവുകളുടെ അഭാവത്തിൽ പിന്നീട് റദ്ദാക്കി.
2014 സെപ്റ്റംബർ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നരമണിക്കൂർമുമ്പാണ് ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. 2014 സെപ്റ്റംബർ എട്ടിന് പുലർച്ചെ നടന്ന വിധിപ്രസ്താവം അന്ന് ഏറെ ശ്രദ്ധനേടി. ജസ്റ്റിസുമാരായ എച്ച്.ആർ. ദത്തു, എ.ആർ. ദാവെ എന്നിവരാണ് വധശിക്ഷ റദ്ദാക്കി ഉത്തരവിട്ടത്.
രാജ്യത്തെ ഞെട്ടിച്ചസംഭവം ഇങ്ങനെ
2005-06 കാലത്താണ് കേസിനാസ്പദമായ സംഭവം. ബിസിനസുകാരനായ മൊനീന്ദർ സിങ് പാന്ഥറുടെ നിതാരി ഗ്രാമത്തിലെ സെക്ടർ 31-ലെ ഡി-5 വീട്ടിൽ ഇരുപതുകാരിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഉൾപ്പെടെ ഒട്ടേറെപ്പേരെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. പാന്ഥറുടെ വീടിനുസമീപത്തെ അഴുക്കുചാലിൽനിന്ന് 19 തലയോട്ടികളും അസ്ഥികളും കണ്ടെത്തിയിരുന്നു.
ക്രൂരതയുടെ നാൾവഴി
- 2006 ഡിസംബർ 29: കുട്ടികളെ കാണാതാകുന്നത് പതിവായിട്ടും പോലീസിൽ പരാതിപ്പെട്ടിട്ട് ഫലമില്ലെന്ന നിരാശയിലിരുന്ന നിതാരി ഗ്രാമവാസികൾക്ക് മുന്നിൽ ഒരഭ്യൂഹം; ബിസിനസുകാരനായ മോനിന്ദർ സിങ് പാന്ഥറിന്റെ വീടിനുമുന്നിലെ അഴുക്കുചാലിൽ കുട്ടികളുടെ ശരീരഭാഗങ്ങൾ കണ്ടു! പോലീസിൽനിന്ന് അനുകൂല പ്രതികരണമുണ്ടാകാതിരുന്നതോടെ നാട്ടുകാർ അഴുക്കുചാലിൽ തിരയാൻ തീരുമാനിച്ചു. ആദ്യം അഴുകിയനിലയിൽ കൈയും പിന്നീടു വേറെയും ശരീരഭാഗങ്ങളും കണ്ടെത്തി. പോലീസും സ്ഥലത്തെത്തി. അന്നുതന്നെ വീട്ടുടമ മൊനിന്ദറെയും സഹായി സുരേന്ദ്ര കോലിയെയും അറസ്റ്റുചെയ്തു.
- ഡിസംബർ 30: പോലീസ് അന്വേഷണം ഊർജിതം. കൂടുതൽ മൃതദേഹഭാഗങ്ങളും അസ്ഥികളും കണ്ടെത്തി.
- ഡിസംബർ 31: അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രണ്ട് പോലീസുകാരെ യു.പി. പോലീസ് സസ്പെൻഡ് ചെയ്തു.
- 2007 ജനുവരി 10: കേസ് സി.ബി.ഐ. ഏറ്റെടുത്തു. തുടരന്വേഷണത്തിൽ സുരേന്ദ്ര കോലി, കൊലപാതകങ്ങളിൽ മാനസികോല്ലാസം കണ്ടെത്തുന്ന വൈകൃതമുള്ളയാണെന്നു കണ്ടെത്തി. കോലിയാണ് കൊലകൾ നടത്തിയ പ്രധാനിയെന്നും പാന്ഥറിനു കാര്യമായ പങ്കുണ്ടായേക്കില്ലെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം. ശാസ്ത്രീയ തെളിവുകളും മറ്റും ചേർത്ത് സി.ബി.ഐ. കുറ്റപത്രം തയ്യാറാക്കി.
- 2009 ഫെബ്രുവരി 13: ഗാസിയാബാദിലെ പ്രത്യേക കോടതി അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് നിരീക്ഷിച്ച്, പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു.
- 2009 സെപ്റ്റംബർ 10: മൊനിന്ദർ സിങ് പാന്ഥർ കുറ്റക്കാരനല്ലെന്ന് അലഹബാദ് ഹൈക്കോടതി, വധശിക്ഷ ഇളവുചെയ്തു.
- 2011 ഫെബ്രുവരി 15: സുരേന്ദ്രകോലിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു
- 2014 ജൂലായ്: കോലിയുടെ ദയാഹർജി രാഷ്ട്രപതി തള്ളി
- 2014 സെപ്റ്റംബർ 4: സെപ്റ്റംബർ 12-ന് തൂക്കിലേറ്റാനിരിക്കെ, വധശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തു.
- 2015 ജനുവരി 28: ദയാഹർജിയിലെ കാലതാമസം ചൂണ്ടിക്കാട്ടി കോലിയുടെ വധശിക്ഷ അലഹാബാദ് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു.
- 2017 ജൂലായ് 24: ഗാസിയാബാദ് സി.ബി.ഐ. കോടതി ഇരു പ്രതികൾക്കും വധശിക്ഷ വിധിച്ചു
- 2023 ഒക്ടോബർ: വിചാരണക്കോടതിയുടെ വധശിക്ഷ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി.
Content Highlights: Human remains of children and a young woman were discovered in Noida's Nithari village in December 2006., House owner Moninder Singh Pandher and his helper Surender Kohli were arrested and charged with murder and sexual assault., The Allahabad High Court later acquitted both accused due to lack of sufficient evidence.
Published: 18 Sept 2026, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented