കാസര്‍കോട്: ഷാരോണ്‍ വധക്കേസില്‍ കുറ്റകൃത്യം മറയ്ക്കാന്‍ ഗ്രീഷ്മ ഉണ്ടാക്കിയെടുത്ത തെളിവുകള്‍തന്നെ അവള്‍ക്കെതിരായി വന്നുവെന്ന് കേസ് അന്വേഷണത്തിന് നേതൃത്വംനല്‍കിയ അന്നത്തെ തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യും ഇപ്പോള്‍ കാസര്‍കോട് ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി.യുമായ കെ.ജെ. ജോണ്‍സണ്‍.

To advertise here,

ആദ്യം കേസ് അന്വേഷിച്ച പാറശ്ശാല പോലീസ് ഗ്രീഷ്മയുടെ മൊഴി രേഖപ്പെടുത്തിയത് പരിശോധിച്ചപ്പോള്‍തന്നെ പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഗ്രീഷ്മ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു. പറയുന്നത് ശരിയാണോയെന്ന് അവരറിയാതെ അപ്പപ്പോള്‍ അന്വേഷണസംഘം പരിശോധിച്ചു. ശരീരവേദനയ്ക്കുള്ള കഷായം ഉപയോഗിക്കുന്നുണ്ടെന്നും പൂവാറിലുള്ള ആയുര്‍വേദ ആസ്പത്രിയിലെ ഡോക്ടറുടെ നിര്‍ദേശമപ്രകാരം ആറുമാസത്തോളമായി കഴിക്കുന്നുണ്ടെന്നും ഗ്രീഷ്മ മൊഴിനല്‍കി. എന്നാല്‍ ഈ ആസ്പത്രിയില്‍ അവര്‍ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും അമ്മ സിന്ധു അവിടെ ചികിത്സിച്ചിരുന്നുവെന്നും കാല്‍മുട്ടുവേദനയ്ക്ക് കഷായത്തിന്റെ പൊടി കൊടുത്തിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

ഗ്രീഷ്മയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ ചില ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. എന്തിന് ഡിലീറ്റ് ചെയ്തുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ല. ഇത് സൈബര്‍ സെല്‍ മുഖേന വീണ്ടെടുത്ത് ഇതുവെച്ചും ചോദ്യംചെയ്തു. പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് ഗ്രീഷ്മയുടെ മുന്നില്‍വെച്ചുതന്നെ തെളിയിച്ചു. അതോടെ പിടിച്ചുനില്‍ക്കാനാകാതെ കുറ്റം സമ്മതിച്ചു.

നേരിട്ടുള്ള സാക്ഷികളില്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായിരുന്നു. ഷാരോണിനൊപ്പം പോയ കൂട്ടുകാരന്‍ മാത്രമാണ് സാക്ഷിയായിട്ടുള്ളത്. അയാള്‍ പക്ഷേ, വീട്ടില്‍ പ്രവേശിച്ചിരുന്നില്ല. റോഡില്‍ കാത്തുനില്‍ക്കുകയായിരുന്നു. കൂട്ടുകാരന്റെ മൊഴി കേസില്‍ നിര്‍ണായക വഴിത്തിരിവായി. തിരികെവന്ന് വണ്ടിയില്‍ കയറുമ്പോഴേ ഛര്‍ദിച്ചെന്നും പച്ചനിറത്തിലായിരുന്നുവെന്നുമായിരുന്നു മൊഴി. ഇതില്‍നിന്ന് വിഷത്തിന്റെ സാന്നിധ്യം മനസ്സിലായി.

തെറ്റിദ്ധരിപ്പിക്കാന്‍ നിരന്തര ശ്രമം

അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഗ്രീഷ്മ നിരന്തരം ശ്രമിച്ചു. ഇതിന്റെ ഭാഗമായിരുന്നു ആത്മഹത്യാശ്രമം. 'ലൈസോള്‍' കുടിച്ചാല്‍ മരിക്കില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. കുറച്ചുനാള്‍ ചികിത്സയില്‍ കഴിയാം, ചോദ്യം ചെയ്യലില്‍നിന്ന് രക്ഷപ്പെടാം, നിയമോപദേശം തേടാം തുടങ്ങിയവയായിരുന്നു ലക്ഷ്യം. ആത്മഹത്യാപ്രവണതയുള്ള ഗ്രീഷ്മ അതിനായി തയ്യാറാക്കിവെച്ച കഷായം ഷാരോണ്‍ വഴക്കുണ്ടാക്കി എടുത്തുകുടിച്ചെന്നും മറ്റുമുള്ള പ്രതിഭാഗത്തിന്റെ വാദവും വൈരുധ്യം നിറഞ്ഞതായി. ഗ്രീഷ്മ ഇന്നുവരെ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് തെളിവുമില്ലായിരുന്നു.

കരള്‍ കൊടുത്തയാളുടെ കരള്‍ ഗ്രീഷ്മ വിഷം കൊടുത്ത് കരിച്ചു. ഷാരോണിന്റെ ആന്തരികാവയവങ്ങള്‍ വിഷബാധയേറ്റ് വെന്തനിലയിലായിരുന്നു. കേരളത്തില്‍ നിരോധിച്ചതും അതിതീവ്രവുമായ കളനാശിനി 'കാപിക്' ആണ് കഷായത്തില്‍ ചേര്‍ത്ത് നല്‍കിയത്. കുടിച്ച ഉടന്‍തന്നെ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങി. മറ്റ് ചില വിഷം അത്രവേഗം ബാധിക്കില്ല. തൊണ്ട, അന്നനാളം, കരള്‍, ആമാശയം, വൃക്ക എല്ലാം വെന്ത് അഴുകിപ്പോയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

'കാപികി'നെക്കുറിച്ചും തിരഞ്ഞു

'കാപിക്' കളനാശിനിയെയും മനുഷ്യശരീരത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങളെയുംകുറിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞ് മനസ്സിലാക്കിയശേഷമാണ് നല്‍കിയത്. രക്ഷപ്പെടരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. സെര്‍ച്ച് ഹിസ്റ്ററി പോലീസ് ശേഖരിച്ചിരുന്നു. അമ്മാവന്‍ കളയ്ക്കടിക്കാന്‍ 'കാപിക്' വീട്ടില്‍ വാങ്ങിവെച്ചിരുന്നു. ഇതുകണ്ടാണ് ഗ്രീഷ്മ ഇതിനെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞത്.

അമ്മ ഉപയോഗിച്ചിരുന്ന കഷായപ്പൊടി ഷാരോണ്‍ വരുന്നതിന് മുന്‍പ് തിളപ്പിച്ച് കഷായമാക്കി മാറ്റി അതില്‍ വിഷവും ചേര്‍ത്ത് തയ്യാറാക്കി. കഷായമുണ്ടാക്കിയ പാത്രം, അതെടുത്ത് വെച്ച സ്റ്റീല്‍ ഗ്ലാസ് എന്നിവയെല്ലാം പിടിച്ചെടുത്ത് കോടതിയിലെത്തിച്ചിരുന്നു. ഇവയുടെ ഫൊറന്‍സിക്, രാസപരിശോധനാ റിപ്പോര്‍ട്ടും ഹാജരാക്കി.

'കാപിക്' 24 മണിക്കൂറേ രക്തത്തില്‍ നില്‍ക്കൂ. അത് കഴിഞ്ഞാല്‍ തെളിവുണ്ടാകില്ല. അളവ് കൂടിപ്പോയതാണ് ഷാരോണിന് മാരകവിഷബാധയേല്‍ക്കാന്‍ കാരണം. ഗ്രീഷ്മതന്നെ ഒടുവില്‍ ഇക്കാര്യം പറഞ്ഞു - ജോണ്‍സണ്‍ പറയുന്നു.