ഗാസിയാബാദ് (ഉത്തർപ്രദേശ്): യുപിയിൽ ഭാര്യയും ജിം പരിശീലകനായ കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പ്രിയ ശർമ്മ, ജിം ട്രയിനർ പ്രതാപ് സിങ് എന്നിവരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമണത്തിനിരയായ പ്രിയയുടെ ഭർത്താവ് ശശാങ്ക് കന്തരിയ ആശുപത്രിയിൽ ചികിത്സയിലാണ്.

To advertise here,

ഒക്ടോബർ 26-നാണ് സംഭവം നടന്നത്. രാവിലെ വസുന്ധരയിലെ വാടക ഫ്‌ളാറ്റിൽനിന്ന് പ്രിയ ശർമ്മ പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ അവിടെയെത്തിയ പ്രതാപ് സിങ് ശശാങ്കിനെ കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. 12 തവണയാണ് കുത്തിയത്.

ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വസുന്ധര സെക്ടർ 1-ലെ 'ജാഗൃതി റെസിഡന്റ് വെൽഫെയർ അസോസിയേഷൻ സൊസൈറ്റി'യിലുള്ള വീട്ടിൽനിന്ന് പുലർച്ചെ 5.17-ന് പ്രിയ കാറിൽ പുറത്തേക്ക് പോകുന്നതും മൂന്ന് മിനിറ്റിനുശേഷം പ്രതാപ് സൊസൈറ്റി കോമ്പൗണ്ടിനുള്ളിലൂടെ ഓടി പ്രിയയുടെ വീടിന് നേരെയെത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഉറങ്ങിക്കിടക്കുകയായിരുന്ന ശശാങ്കിനെ ഇയാൾ ആക്രമിച്ചുവെന്നാണ് പറയുന്നത്. ശശാങ്കിന്റെ അലമുറയും മൂന്ന് വയസ്സായ കുഞ്ഞിന്റെ കരച്ചിലും കേട്ട സമീപവാസികൾ സ്ഥലത്തെത്തി. കൃത്യം നടത്തിയശേഷം കെട്ടിടത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതാപ് സിങ്ങിനെ അയൽവാസികൾ പിന്തുടരുകയും സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ പിടികൂടുകയും ചെയ്തു. ഇയാളുടെ കൈവശം രണ്ട് കത്തികൾ കണ്ടതായി സമീപവാസികൾ പറഞ്ഞു. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ കുത്തേറ്റ നിലയിൽ കാണപ്പെട്ട ശശാങ്കിനെ അയൽവാസികൾ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഉത്തർപ്രദേശിലെ ഝാൻസി സ്വദേശിയായ ശശാങ്കിനെ നാല് വർഷം മുമ്പാണ് പ്രിയ പുനർവിവാഹം ചെയ്തത്. ഇരുവരും സർക്കാർ ഉദ്യോഗസ്ഥരാണ്. പ്രതാപിന്റെ 'ഫിറ്റ്നസ് ഹെഡ്ക്വാർട്ടേഴ്സ്' ജിമ്മിൽ പ്രിയ പോകാൻ തുടങ്ങിയതോടെ ഇവർതമ്മിൽ അടുപ്പത്തിലായി. തുടർന്ന് വാട്സാപ്പിലൂടെ നിരന്തരം മെസേജുകൾ കൈമാറിയിരുന്നെന്നും പോലീസ് പറയുന്നു.

ഇരുവരും വിവാഹം കഴിക്കാനായിരുന്നു പദ്ധതി. ഇവരുടെ ബന്ധത്തെക്കുറിച്ചറിഞ്ഞ ശശാങ്ക് ദീപാവലിക്ക് ശേഷം മറ്റൊരു സ്ഥലത്തേക്ക് താമസം മാറാൻ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ശശാങ്കിനെ വകവരുത്താൻ ഇരുവരും തീരുമാനിച്ചത്. പ്രതാപിന് വീട്ടിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ പ്രിയ വാതിൽ തുറന്നിടുകയായിരുന്നു. ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങളുള്ളതായി തോന്നിയിരുന്നില്ലെന്നും ഒരു രീതിയിലും പ്രിയയെ സംശയിച്ചില്ലെന്നും ശശാങ്കിന്റെ സഹോദരൻ പറഞ്ഞു.