സീതത്തോട്‌: പത്തനംതിട്ടയിലെ ഗവി-മീനാറിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട യുവതി ക്രൂരമർദ്ദനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇവരുടെ ആന്തരികാവയങ്ങൾ വിദഗ്‌ധ പരിശോധനയ്‌ക്കായി തിരുവനന്തപുരം ഫൊറൻസിക്‌ ലാബിലേക്ക്‌ അയച്ചു. ഇതിന്റെ ഫലം ലഭിച്ചാലേ മരണത്തിലെ ദുരൂഹത നീങ്ങൂ. യുവതി പീഡനത്തിനിരയായി എന്ന സംശയത്തിലാണ്‌ കൂടുതൽ പരിശോധന നടത്തുന്നത്‌. വ്യാഴാഴ്‌ച രാവിലെ ഗവിയിൽനിന്ന്‌ വനപാതയിലൂടെ ജോലിക്ക്‌ പോകുമ്പോഴാണ്‌ യുവതി കൊല്ലപ്പെട്ടത്‌.

To advertise here,

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തു. മൃതദേഹം ഗവിയിൽ എത്തിച്ചു. ശനിയാഴ്‌ച രാവിലെ 10-ന്‌ സംസ്‌കരിക്കും.

സംഭവത്തിൽ, പ്രതിയായ വിനോദ് കുമാറിനെ (കുമാരൻ) പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ യുവതിയെ പിന്നിലൂടെയെത്തി കടന്നുപിടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മർദ്ദിച്ചശേഷം തോട്ടിലെ വെള്ളത്തിൽ തലമുക്കിപ്പിടിച്ച്‌ മരണം ഉറപ്പാക്കിയതായും പ്രതി പോലീസിനോട്‌ സമ്മതിച്ചിരുന്നു. പ്രതിയെ റാന്നി കോടതി റിമാൻഡ്‌ ചെയ്‌തു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന്‌ വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന്‌ 11 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.