പിറവം: കൊച്ചിയില്‍ സി.എ. വിദ്യാര്‍ഥിനിയായിരുന്ന പിറവം സ്വദേശിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിന് അഞ്ചാണ്ട്. 2017 മാര്‍ച്ച് അഞ്ചിന് കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് കൊച്ചി കായലിലാണ് കണ്ടെത്തിയത്. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്റേത് ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍, ക്രൈംബ്രാഞ്ച് ഇതുവരെ അവരുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
മിഷേലിന്റെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഇത് അംഗീകരിക്കുന്നില്ല. മകളെ ആരൊക്കെയോ ചേര്‍ന്ന് വക വരുത്തിയതാണെന്ന് ഉറച്ചു വിശ്വസിക്കുന്ന പിതാവ് ഷാജി വര്‍ഗീസും കുടുംബവും കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അന്വേഷണം തൃപ്തികരമല്ലെന്നും പ്രതിഷേധമറിയിക്കാന്‍ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മുഴുവന്‍ ദേവാലയങ്ങളിലും ഞായറാഴ്ച ഇതു സംബന്ധിച്ച് പ്രതിഷേധ പ്രമേയം വായിക്കുമെന്നും ഷാജി വര്‍ഗീസ് അറിയിച്ചു.
2017 മാര്‍ച്ച് അഞ്ചിന് വൈകീട്ട് എറണാകുളം കച്ചേരിപ്പടിയിലുള്ള സെയ്ന്റ് തെരേസാസ് ഹോസ്റ്റലില്‍നിന്ന് കലൂര്‍ സെയ്ന്റ് ആന്റണീസ് പള്ളിയിലേക്കു പോയ മിഷേല്‍ 6.15-ന് പള്ളിയില്‍ നിന്നു തിരിച്ചിറങ്ങിയെന്നും രാത്രി 8-ന് എറണാകുളത്തിനും വൈപ്പിനുമിടയിലുള്ള രണ്ടാമത്തെ ഗോശ്രീ പാലത്തില്‍നിന്നു കായലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. മിഷേലിന്റെ മൂക്കിനിരുവശത്തും കണ്ട പാടുകളും കൈത്തണ്ടയില്‍ കണ്ട കരിനീലിച്ച പാടുകളും ചുണ്ടിലെ മുറിപ്പാടും എങ്ങനെയുണ്ടായെന്ന് അന്വേഷണ സംഘത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഷാജി പറയുന്നു.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അനൂപ് ജേക്കബ് എം.എല്‍.എ. യുടെ നേതൃത്വത്തില്‍ ഷാജിയും ബന്ധുക്കളും കര്‍മസമിതി ഭാരവാഹികളും മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. മിഷേലിനെ പിന്തുടര്‍ന്ന യുവാക്കളെക്കുറിച്ചും ഇതുവരെ വിവരമില്ല എന്നതടക്കം ഏഴ് സംശയങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തീകരിച്ചതായി റിപ്പോര്‍ട്ട് നല്കിയാല് മാത്രമേ അന്വേഷണം സി.ബി.ഐ.ക്ക് വിടാന്‍ നിയമപരമായി സാധിക്കൂവെന്നും അന്വേഷണം തുടരുകയാണെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നതെന്നും ഷാജി ചൂണ്ടിക്കാട്ടി.
Content Highlights: Five years since Kochi student Mishel Shaji’s death, her family waits for an answer
Published: 05 Mar 2022, 07:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented