2017 മാര്‍ച്ച് അഞ്ചിന് കൊച്ചിയിലെ ഗോശ്രീ പാലത്തിന് താഴെയുള്ള കായലില്‍ നിന്നാണ് സി.എ. വിദ്യാര്‍ഥിനി മിഷേലിന്റെ മൃതദേഹം പോലീസിന് ലഭിക്കുന്നത്. അതൊരു കൊലപാതകമാണ് എന്ന് ഉറപ്പുണ്ടായിട്ടും ആത്മഹത്യ എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മിഷേലിനെ കാണാതായ നിമിഷം മുതല്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാനോ സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കാനോ പോലീസ് തയ്യാറായില്ല. സ്റ്റേഷനിലെത്തിയ മിഷേലിന്റെ മാതാപിതാക്കളുടെ മാനസികാവസ്ഥയും അവര്‍ പരിഗണിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.
കലൂര്‍ പള്ളിയിലേക്ക് പോവുന്നു എന്ന മിഷേലിന്റെ ഫോണ്‍ സന്ദേശം പിന്തുടര്‍ന്നിരുന്നെങ്കില്‍ ഒരുപക്ഷേ ആ രാത്രി തന്നെ അവളെ കണ്ടെത്താനാവുമായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് യാതോരു സഹായവും ലഭിക്കാത്ത സാഹചര്യത്തില്‍ മിഷേലിന്റെ പിതാവ് ഷാജി സ്വയം കലൂര്‍ പള്ളിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ ആശ്വസിക്കാന്‍ തക്കവണ്ണം ഒന്നും ലഭിച്ചില്ല. പിന്നീട് ഷാജി അറിയുന്നത് ഗോശ്രീ പാലത്തിന് താഴെ കായലില്‍ നിന്ന് മിഷേലിന്റെ ജഡം പോലീസ് കണ്ടെടുത്തു എന്നതാണ്. പോലീസ് തങ്ങളുടെ കര്‍ത്തവ്യം കൃത്യമായ് നിര്‍വഹിച്ചിരുന്നെങ്കില്‍ മിഷേല്‍ ഇന്നൊരു ഓര്‍മ്മയാവില്ലായിരുന്നു.
അര്‍ജുന്‍ അശോകന്‍, മാളവിക മനോജ്, അപര്‍ണ ദാസ്, സംഗീത മാധവന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത 'ആനന്ദ് ശ്രീബാല' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ കാണാനെത്തുന്നവരില്‍ ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. കാവ്യ ഫിലിം കമ്പനിയോടൊപ്പം ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പ്രിയ വേണുവും നീതാ പിന്റോയുമാണ് നിര്‍മ്മാതാക്കള്‍. അഭിലാഷ് പിള്ള തിരക്കഥ രചിച്ച ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്ന് ആരംഭത്തിലെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴും പോലീസിനെ കുഴക്കിയ ആ സംഭവം ഏതാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞതോടെ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത് 'മിഷേല്‍ ഷാജി' എന്ന പേരാണ്. 2017-ല്‍ ആത്മഹത്യ എന്ന് പോലീസ് വിധിയെഴുതിയ മിഷേല്‍ കേസ് 2024-ല്‍ 'ആനന്ദ് ശ്രീബാല'യിലൂടെ വീണ്ടും ചര്‍ച്ചയാവുകയാണ്. സിനിമ കണ്ടവര്‍ക്കെല്ലാം മിഷേലിന് എന്താണ് സംഭവിച്ചത് എന്നതിന്റെ ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്. ചിത്രം കണ്ടതോടെ മിഷേലിന്റെ പിതാവ് വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തന്റെ മകളുടെ കൊലപാതകം പോലീസ് ആര്‍ക്കൊക്കെയോ വേണ്ടി ആത്മഹത്യയാക്കി മാറ്റിയതാണ് എന്നാണ് അദ്ദേഹം പറയുന്നത്. മിഷേല്‍ ധരിച്ചിരുന്ന ആഭരണങ്ങളോ അവളുടെ ബാഗോ ഒന്നും മൃതദേഹത്തിന്റെ സമീപത്തുണ്ടായിരുന്നില്ല.
ഷാജിയുടെ വാക്കുകള്‍: 'പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചിത്രത്തില്‍ എടുത്ത് കാണിക്കുന്നുണ്ട്. പോലീസ് പ്രതികളോടൊപ്പം കൂടിനിന്ന് അവരെ സംരക്ഷിച്ചുകൊണ്ട് ഏത് കൊലപാതകവും ആത്മഹത്യയാക്കുന്ന ഒരു പ്രതീതി ഇതിനകത്ത് അവര് കൊണ്ടുവന്നിട്ടുണ്ട്. സിനിമ കണ്ടപ്പോള്‍ ഞങ്ങള്‍ നടന്ന വഴികളിലൂടെ വീണ്ടും യാത്ര ചെയ്തു. വനിതാ സ്റ്റേഷന്‍, കസബ സ്റ്റേഷന്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ തുടങ്ങി ഓരോ സ്റ്റേഷനിലും കയറിയിറങ്ങിയ അനുഭവങ്ങള്‍ വളരെ മനോഹരമായി അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.'
'2018'നും 'മാളികപ്പുറത്തി'നും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിച്ച സിനിമയാണിത്. ലോ കോളേജ് വിദ്യാര്‍ത്ഥിയായ മെറിന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേഷണവുമാണ് ചിത്രത്തില്‍ ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്. ആനന്ദ് ശ്രീബാലയായ് അര്‍ജ്ജുന്‍ അശോകനും മെറിനായ് മാളവിക മനോജും വേഷമിട്ട ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മനോജ് കെ.യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അഭിനയിച്ചത്. വിഷ്ണു നാരായണന്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് ചിത്രസംയോജനവും നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം പകര്‍ന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ജി. നായര്‍, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് ഗോപകുമാര്‍ ജി.കെ, സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, ടീസര്‍ കട്ട് അനന്ദു ഷെജി അജിത്, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, പി.ആര്‍.ഒ & മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Death of Mishel Shaji again being discussed as the movie Anand Sreebala released in theatres
Published: 18 Nov 2024, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented