
ആലത്തൂര്‍: സ്‌കൂള്‍ബസില്‍നിന്നിറങ്ങി നടന്ന ആറുവയസ്സുകാരി അതേ ബസിടിച്ച് പരിക്കേറ്റതിനെത്തുടര്‍ന്ന് മരിച്ചു. എരിമയൂര്‍ സെയ്ന്റ് തോമസ് മിഷന്‍ എല്‍.പി. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനി തൃതീയയാണ് മരിച്ചത്. എരിമയൂര്‍ ചുള്ളിമട കൃഷ്ണദാസിന്റെയും രജിതയുടെയും മകളാണ്.
വെള്ളിയാഴ്ച വൈകീട്ട് നാലേമുക്കാലോടെയായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 11.45-നാണ് മരിച്ചത്. ബസിന് മുന്നിലൂടെ കുട്ടി കടന്നുപോകുന്നത് കാണാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തതാണ് അപകടകാരണം.
ഗുരുശ്രേഷ്ഠ പുരസ്‌കാരം നേടിയ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സാംജോയിയെ അനുമോദിക്കാന്‍ പി.ടി.എ. സംഘടിപ്പിച്ച യോഗത്തിനുശേഷം നാലുമണികഴിഞ്ഞാണ് സ്‌കൂളിനുവേണ്ടി കരാറടിസ്ഥാനത്തില്‍ ഓടുന്ന സ്വകാര്യ മിനിബസ് കുട്ടികളുമായി എരിമയൂര്‍ ചുള്ളിമടഭാഗത്തേക്ക് പുറപ്പെട്ടത്. ആറുവര്‍ഷമായി സ്‌കൂളിനുവേണ്ടി വാഹനം ഓടിക്കുന്ന എരിമയൂര്‍ പടേറ്റി സ്വദേശി സുരേഷിന്റേതാണ് ബസ്. അപകടസമയത്ത് സുരേഷ്തന്നെയാണ് ബസ് ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ഉഷയായിരുന്നു ബസിലെ ആയ.
എരിമയൂര്‍-ചുള്ളിമട-തൃപ്പാളൂര്‍ പാതയില്‍ ചുള്ളിമടകഴിഞ്ഞുള്ള മുക്കിലാണ് തൃതീയയും രണ്ടാംക്ലാസില്‍ പഠിക്കുന്ന അനുശ്രീയും പ്രജിത്തും ബസിറങ്ങിയത്. അനുശ്രീയുടെ രക്ഷിതാവ് സന്തോഷ് ഇവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പാതയില്‍നിന്ന് നൂറു മീറ്ററോളം മാറിയാണ് തൃതീയയുടെ വീട്. പ്രീ-പ്രൈമറി മുതല്‍ ഈ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി ഇതേ ബസില്‍ത്തന്നെയാണ് രണ്ടരവര്‍ഷമായി സ്‌കൂളില്‍ പോയിവന്നിരുന്നത്.
കുട്ടികള്‍ ബസിറങ്ങിയശേഷം രക്ഷിതാക്കളോടൊപ്പം ബസിനുപിന്നിലൂടെ പാത മുറിച്ചുകടന്ന് പോകുന്നതാണ് പതിവ്. തൃതീയ പതിവില്ലാതെ ബസിന് മുന്നിലൂടെ പോകാന്‍ ശ്രമിച്ചത് ഡ്രൈവറോ ആയയോ ശ്രദ്ധിച്ചില്ല. ബസില്‍നിന്നിറങ്ങിയ കുട്ടികളും സമീപത്തുണ്ടായിരുന്നവരും ഇതുകണ്ട് നിലവിളിക്കുമ്പോഴേക്കും കുട്ടിയെ വാഹനം ഇടിച്ചു. ടയര്‍ ഉരഞ്ഞ് വയറിനും ഇടുപ്പിനും ക്ഷതമേറ്റു.
ഇതേ ബസില്‍ ആദ്യം ആലത്തൂരിലും പിന്നീട് കാഴ്ചപ്പറമ്പിലും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചു. രാത്രി ആരോഗ്യനില മോശമായതിനാല്‍ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൂന്നരയോടെ മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും കണ്ണീരോടെ യാത്രയയപ്പുനല്‍കി. വീട്ടില്‍ അന്ത്യകര്‍മങ്ങള്‍ക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
തൃതീയയുടെ അച്ഛന്‍ കൃഷ്ണദാസ് ഇലക്ട്രീഷ്യനാണ്. ഒന്നരവയസ്സുള്ള ലക്കി സഹോദരനാണ്.
Content Highlights: First standered girl in accident at alathur
Published: 01 Dec 2024, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented