ഗുഡ്ഗാവ്: ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പ്രതി അമിത് (21). ദാബുവ സ്വദേശിനിയായ സന്ധ്യ ശർമ്മ (28) എന്ന ഇംഗ്ലീഷ് അധ്യാപികയാണ് കൊല്ലപ്പെട്ടത്. സന്ധ്യയെ കൊല്ലാൻ താൻ അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് ബുധനാഴ്ച ചോദ്യം ചെയ്യലിനിടെ പ്രതി പോലീസിനോട് വെളിപ്പെടുത്തി.

To advertise here,

ഏകദേശം രണ്ടുമാസം മുമ്പേതന്നെ താൻ കൊലപാതകം ആസൂത്രണം ചെയ്യുകയും കുറ്റകൃത്യത്തിനായി പ്രത്യേകം കത്തി വാങ്ങുകയും ചെയ്തിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. സിക്രോണ ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9:30-ഓടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. സ്‌കൂളിലെത്തിയ അമിത് സന്ധ്യയുടെ ഭർത്താവ് വിക്കിയുടെ പേരുപറഞ്ഞാണ് ജീവനക്കാരെക്കൊണ്ട് യുവതിയെ വിളിപ്പിച്ചത്.

ക്ലാസ്മുറിയുടെ വാതിലിനടുത്തെത്തിയ സന്ധ്യയെ മുടിയിൽപിടിച്ച് വലിച്ച് ഇടനാഴിയിലേക്ക് ഇറക്കിയ അമിത് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അവരെ തുടരെ കുത്തുകയായിരുന്നു. സന്ധ്യയുടെ കഴുത്തിലും നെഞ്ചിലുമായി 27-ലധികം തവണയാണ് പ്രതി തുടർച്ചയായി കുത്തിയത്.  നിലവിളികേട്ട് ഓടിവന്ന സ്‌കൂൾ പ്രിൻസിപ്പലിനെയും മറ്റ് ജീവനക്കാരെയും അമിത് കത്തി കാണിച്ച് ഭയപ്പെടുത്തി.

ആർക്കും ഇയാളുടെ അടുത്തേക്ക് പോകുവാൻ പോലും ആകുമായിരുന്നില്ല. 'കത്തി വളഞ്ഞിട്ടും പ്രതി ആക്രമണം തുടർന്നു, അത്രയ്ക്ക് രോഷാകുലനായിരുന്നു അയാൾ.' ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമിത് സംഭവസ്ഥലത്തുനിന്നും പോയശേഷമാണ് സ്‌കൂളിലെ ജീവനക്കാർക്ക് കുത്തേറ്റുകിടക്കുന്ന സന്ധ്യയുടെ അടുത്തേക്ക് പോകാനായത്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും സന്ധ്യ മരിച്ചിരുന്നു.

ആക്രമണം സ്‌കൂളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽനിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ആക്രമണം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ അമിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് യുവാവിനെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ പുറത്തുവന്നത്.

സിറോഹി ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് സന്ധ്യ നേരത്തെ പഠിപ്പിച്ചിരുന്നത്. കോട്ട് ഗ്രാമവാസിയായ അമിത് അവിടെ വെച്ചാണ് സന്ധ്യയെ പരിചയപ്പെട്ടത്. അമിത്തിന് സന്ധ്യയോട് താൽപര്യമുണ്ടായിരുന്നുവെങ്കിലും സന്ധ്യ അയാളുടെ പ്രണയാഭ്യർത്ഥന നിരസിച്ചു. ദാബുവ ഏരിയയിലെ താമസക്കാരിയായിരുന്ന സന്ധ്യ ഫിറോസ്പുർ സ്വദേശിയായ വിക്കി ഗുർജറിനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവർക്ക് ഏഴ് വയസ്സുള്ള മകനും അഞ്ച് വയസ്സുള്ള മകളുമുണ്ട്.

അമിത്തിന്റെ ശല്യം കൂടിക്കൂടി വന്നതോടെ സന്ധ്യ ഇയാൾക്കെതിരെ പോലീസിൽ പരാതി കൊടുത്തിരുന്നു എന്ന് ഭർത്താവ് വിക്കി പറയുന്നു. തുടർന്ന് അമിത് സന്ധ്യയോട് മാപ്പു പറയുകയും പോലീസ് കേസ് ഒത്തുതീർപ്പാക്കി വിടുകയുമായിരുന്നു. പിന്നാലെ സന്ധ്യ തന്റെ സ്‌കൂളും താമസസ്ഥലവും മാറ്റി. ഇത് അമിത്തിനുള്ളിൽ കടുത്ത വിദ്വേഷം ഉണ്ടാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇതാണ് അമിത്തിനെ ക്രൂരമായ കൊലപാതകം ചെയ്യുന്നതിലേക്ക് എത്തിച്ചത്.

സന്ധ്യ സ്‌കൂളിലേക്ക് പോകുമ്പോഴോ വരുമ്പോഴോ ആക്രമിക്കാനാണ് അമിത് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പിടിക്കപ്പെടുമെന്ന ഭയത്താൽ അത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് സ്‌കൂളിൽ കയറി ആക്രമിക്കാൻ തീരുമാനിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റുചെയ്ത് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് സഹോദരങ്ങളിൽ ഇളയ ആളാണ് അമിത്. ഇയാളുടെ രണ്ട് സഹോദരങ്ങളും ഗ്രാമത്തിലെ ആശുപത്രികളിൽ ജോലി ചെയ്യുന്നവരാണ്. അമിത് തൊഴിൽരഹിതനാണെന്നും എരുമകളെ വളർത്തി പാൽ വിറ്റാണ് ജീവിക്കുന്നതെന്നും പോലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തി.

അതേസമയം, സന്ധ്യ ആദ്യം നൽകിയ പരാതിയിൽതന്നെ പോലീസ് കർശന നടപടി എടുത്തിരുന്നെങ്കിൽ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു എന്ന് സന്ധ്യയുടെ ഭർത്താവ് വിക്കി പറയുന്നു. 'അന്ന് പോലീസ് കർശനമായ നടപടിയെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ സന്ധ്യ ഇന്ന് ജീവനോടെ ഇരിക്കുമായിരുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് അമ്മയില്ലാതാകില്ലായിരുന്നു.' വിക്കി വിതുമ്പലോടെ പറയുന്നു.