ബരാബങ്കി: യൂട്യൂബിലെ ടൂട്ടോറിയല്‍ വീഡിയോ കണ്ട് വ്യാജ ക്ലിനിക്ക് ഉടമയും ഇയാളുടെ അനന്തരവനും ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. തെഹ്ബഹാദൂര്‍ റാവത്തിന്റെ ഭാര്യ മുനിഷ്ര റാവത്താണ് മരിച്ചത്. സംഭവത്തില്‍ ക്ലിനിക് ഓപ്പറേറ്ററായ ഗ്യാന്‍ പ്രകാശ് മിശ്ര, ഇയാളുടെ അനന്തരവന് വിവേക് കുമാര്‍ മിശ്ര എന്നിവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഡിസംബര്‍ അഞ്ചാം തീയതി മുനിഷ്ര റാവത്തിനെ ഭര്‍ത്താവ് കോത്തിയിലെ ശ്രീ ദാമോദര്‍ ഔഷധാലയയിലെത്തിച്ചത്. ഇവര്‍ക്ക് മൂത്രാശയത്തിലെ കല്ലുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നു. മുനിഷ്രയെ പരിശോധിച്ച ഗ്യാന്‍ പ്രകാശ് മിശ്ര, മൂത്രാശയത്തിലെ കല്ല് കാരണമാണ് വയറുവേദനയെന്നും ശസ്ത്രക്രിയ വേണമെന്നും നിര്‍ദേശിക്കുകയായിരുന്നു.
ശസ്ത്രക്രിയക്കായി 25,000 രൂപ ചെലവ് വരുമെന്നും പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് മുമ്പായി തെഹ്ബഹാദൂര്‍ റാവത്ത് 20,000 രൂപ ഇയാള്‍ക്ക് നല്‍കിയതായി പോലീസ് പറഞ്ഞു. ശസ്ത്രക്രിയയുടെ സമയത്ത് ഗ്യാന്‍ പ്രകാശ് മിശ്ര മദ്യലഹരിയിലായിരുന്നുവെന്നും യൂട്യൂബ് വീഡിയോ കണ്ടശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭര്‍ത്താവ് പരാതിയില്‍ പറഞ്ഞു. അനന്തരവന് വിവേക് കുമാര്‍ മിശ്ര ഇയാളെ സഹായിച്ചു.
ഗ്യാന്‍ പ്രകാശ് മിശ്ര, മുനിഷ്രയുടെ വയറ്റില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കി. നിരവധി ഞരമ്പുകളും മുറിച്ചു. ഇതോടെ ഡിസംബര്‍ ആറിന് വൈകുന്നേരത്തോടെ മുനിഷ്ര മരിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പരാതിയില്‍ പറയുന്നു.
അന്വേഷണത്തില്‍ ഗ്യാന്‍ പ്രകാശ് മിശ്രയുടെ ക്ലിനിക്കിന് അംഗീകാരമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. അനന്തരവന് വിവേക് കുമാര്‍ മിശ്ര റായ്ബറേലിയിലെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ജോലിചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ജോലിയുടെ മറവില്‍ വര്‍ഷങ്ങളായി നിയമവിരുദ്ധമായി ക്ലിനിക് നടത്തുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: A woman died after a fake clinic owner, under the influence, performed surgery guided by a YouTube tutorial in Uttar Pradesh. Police are searching for the culprits.
Published: 10 Dec 2025, 06:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented