വഡോദര: റെയിൽപാളത്തിൽ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിൽ ഇതേക്കുറിച്ച് വിവരംനൽകിയ റിട്ട. സൈനികൻ തന്നെ അറസ്റ്റിലായി. ജമ്മുകശ്മീർ സ്വദേശിയായ റിട്ട. സൈനികനും റെയിൽവേയിലെ കരാർ ജീവനക്കാരനുമായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖി(47)നെയാണ് ട്രാക്കിൽ സ്‌ഫോടകവസ്തുവെച്ചതിന് പോലീസ് അറസ്റ്റ്‌ചെയ്തത്. 'ഹീറോ' പരിവേഷം ലഭിക്കാനും ഇതുവഴി ജോലിസുരക്ഷിതത്വം ഉറപ്പാക്കാനുമാണ് പ്രതി പാളത്തിൽ സ്‌ഫോടകവസ്തു സ്ഥാപിച്ചശേഷം ഇക്കാര്യം പോലീസിനെ അറിയിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

To advertise here,

ഞായറാഴ്ചയാണ് വഡോദരയിലെ അങ്കതിന് സമീപം പാളത്തിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്. റെയിൽവേയിൽ കരാറടിസ്ഥാനത്തിൽ ലൈൻമാനായി ജോലിചെയ്യുന്ന മുഷ്താഖ് അഹമ്മദ് തന്നെയാണ് സ്‌ഫോടകവസ്തു കണ്ടെത്തിയ വിവരം പോലീസിനെയും റെയിൽവേ അധികൃതരെയും അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പാളത്തിൽ കണ്ടെത്തിയത് പടക്കങ്ങളാണെന്ന് സ്ഥിരീകരിച്ചു. അട്ടിമറിശ്രമമാണെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസികളും സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ, സംശയം തോന്നിയ പോലീസ് സംഘം മുഷ്താഖിനെ വിശദമായി ചോദ്യംചെയ്തതോടെയാണ് യഥാർഥചിത്രം വ്യക്തമായത്. പോലീസിന്റെ ചോദ്യംചെയ്യലിൽ സ്‌ഫോടകവസ്തുവെച്ചത് താനാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.

റിട്ട. സൈനികനായ മുഷ്താഖ് 2024 മുതൽ 2026 വരെയുള്ള രണ്ടുവർഷത്തെ കരാർ നിയമനത്തിലാണ് റെയിൽവേയിൽ ജോലിചെയ്തിരുന്നത്. കരാർ കാലാവധി അവസാനിക്കാനിരിക്കെ ജോലി നഷ്ടപ്പെടുമെന്ന് ഇയാൾ ഭയന്നു. സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്ന ജീവനക്കാർക്ക് കരാർ നീട്ടിനൽകുകയോ ജോലി സ്ഥിരപ്പെടുത്തുകയോ ചെയ്യുന്ന പതിവ് റെയിൽവേയിലുണ്ട്. ഇത് കണക്കിലെടുത്താണ് 'ഹീറോ' പരിവേഷം ലഭിക്കാനും ഇതുവഴി ജോലി സ്ഥിരപ്പെടുത്താനുമായി മുഷ്താഖ് സ്‌ഫോടകവസ്തുവെച്ച് കബളിപ്പിക്കാൻ ശ്രമിച്ചത്.

സമീപത്തെ ഒരുവിവാഹവീട്ടിൽനിന്നാണ് പടക്കങ്ങൾ സംഘടിപ്പിച്ചതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഇത് കൊണ്ടുവന്ന് പാളത്തിൽവെയ്ക്കുകയായിരുന്നു. തുടർന്ന് പാളത്തിൽ സ്‌ഫോടകവസ്തുക്കളുണ്ടെന്നും താനാണ് ഇത് കണ്ടതെന്നും പറഞ്ഞ് പ്രതി തന്നെയാണ് ബന്ധപ്പെട്ടവരെ വിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു.