ഛണ്ഡീഗഢ്: മകൻ അഖീൽ മരിച്ചത് അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതു കൊണ്ടാണെന്ന് മുൻ പഞ്ചാബ് ഡിജിപി മുഹമ്മദ് മുസ്തഫ. 35 വയസ്സുകാരനായ മകൻ രണ്ട് പതിറ്റാണ്ടായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിനെതിരായ ആരോപണങ്ങൾ തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചന ആണെന്നും മുസ്തഫ ആരോപിച്ചു.

To advertise here,

അഖീലിന്റെ മരണത്തെ ഒരച്ഛന് താങ്ങാനാവുന്ന ഏറ്റവും വലിയ ദുഃഖമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പഞ്ച്കുളയിലെ വീട്ടിൽ അഖീൽ അക്തർ മരിച്ചതുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് ഫയൽ ചെയ്ത കേസിൽ മുഹമ്മദ് മുസ്തഫ, ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താന, മകൾ, മരുമകൾ എന്നിവർ പ്രതികളാണ്.

മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ചതെന്ന് കരുതുന്ന അഖീല്‍ അക്തറിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നിരുന്നു. തന്റെ ഭാര്യയുമായി പിതാവിന് അവിഹിത ബന്ധമുണ്ടെന്നും തന്നെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നും വീഡിയോയില്‍ അഖീല്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

''ഒരേയൊരു മകനെ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ വേദന ഒരച്ഛനില്ല. ഒരു കുട്ടി എന്ത് തെറ്റുകൾ ചെയ്താലും ഒരച്ഛൻ അവരെ സംരക്ഷിക്കും. എന്നിട്ടും, ചിലർ ഈ സാഹചര്യം തരംതാണ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിച്ചു. ഞങ്ങൾക്ക് ഭയമില്ല, കാരണം ഞങ്ങൾ തെറ്റു ചെയ്തിട്ടില്ല.'' മുസ്തഫ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

'എന്റെ മകൻ 18 വർഷമായി മയക്കുമരുന്നിന് അടിമയായിരുന്നു. ഞാൻ അവനെ പലയിടത്തും ചികിത്സിച്ചു. രണ്ടോ മൂന്നോ ദിവസത്തേക്ക് മുറിയിൽ പൂട്ടിയിടുക പോലും ചെയ്തിട്ടുണ്ട്.'' അഖീലിനെ രക്ഷിക്കാൻ സാധ്യമായ എല്ലാ വഴികളും താൻ ശ്രമിച്ചെങ്കിലും ലഹരിയുടെ പിടി മാരകമായിരുന്നുവെന്ന് മുൻ ഡിജിപി പറഞ്ഞു.

''പഞ്ചാബിൽ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണ്. ചെറുപ്പക്കാർ അവരുടെ കുടുംബങ്ങളെ കൊല്ലുന്ന വാർത്തകൾ ഞാൻ എല്ലാ ദിവസവും വായിക്കാറുണ്ട്. ഈ അസഹനീയമായ സാഹചര്യം നേരിടുന്ന നിർഭാഗ്യവാന്മാരായ അച്ഛന്മാരുടെ കൂട്ടത്തിൽ ഞാനും ഉൾപ്പെടുന്നു.'' മുസ്തഫ കൂട്ടിച്ചേർത്തു.

അഖീൽ മരണത്തിന് മുമ്പ് കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്തിരുന്നുവെന്ന് ആരോപിച്ച പരാതിക്കാരനായ ഷംസുദ്ദീൻ ചൗധരിക്കെതിരെയും മുസ്തഫ ആഞ്ഞടിച്ചു.

''ഷംസുദ്ദീൻ രാഷ്ട്രീയക്കാരന്റെ കരുവായി മാറിയിരിക്കുന്നു. അവൻ പോലീസിന് നൽകിയ ആ ഒരു ഖണ്ഡികയാണ് എഫ്ഐആർ ആയി മാറിയത്. ഞാൻ ഇതിനെ സ്വാഗതം ചെയ്യുന്നു, അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കും. ഞാൻ കുറ്റക്കാരനാണെങ്കിൽ, എന്നെ തൂക്കിക്കൊല്ലണം.'' മുസ്തഫ പറഞ്ഞു.

ഒക്ടോബർ 16-നാണ് പഞ്ച്കുളയിലെ വസതിയിൽ അഖീൽ അക്തറിനെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. പ്രാഥമിക പോലീസ് അന്വേഷണത്തിൽ ദുരൂഹതകളൊന്നും കണ്ടെത്തിയിരുന്നില്ല. എന്നിരുന്നാലും, ചില വീഡിയോകളും സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടതിന് ശേഷം കേസ് നാടകീയമായ വഴിത്തിരിവിലെത്തുകയും കൂടുതൽ അന്വേഷണത്തിന് കാരണമാവുകയും ചെയ്തു.

കോൺഗ്രസ് നേതാവ് റസിയ സുൽത്താനയുടെ ഭർത്താവ് എന്ന നിലയിലും അറിയപ്പെടുന്ന 1985-ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മുസ്തഫ, ആരോപണങ്ങൾ തന്റെ നിശ്ചയദാർഢ്യം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കൂട്ടിച്ചേർത്തു.