നിലമ്പൂർ : എടക്കരയിലെ കടയിൽനിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വിഭാഗം രണ്ട് ആനക്കൊമ്പുകൾ പിടിച്ചു. എട്ടുപേർ അറസ്റ്റിലായി. ഇലക്‌ട്രിക് സാധനങ്ങൾ വിൽക്കുന്ന എടക്കര ലൈറ്റ് പാലസ് എന്ന സ്ഥാപനത്തിൽനിന്നാണ് ഇവ പിടിച്ചത്.
കൊടുങ്ങല്ലൂർ കൂളിമുട്ടം പുന്നക്കൽ തറയിൽ അരുൺ (37), മേലാറ്റൂർ പാതിരിക്കോട്ട് പിലായിതൊടി ഫദിലുർ റഹ്‌മാൻ (35), ലൈറ്റ് പാലസിന്റെ ഉടമ മൂത്തേടം കാരപ്പുറം അടുക്കത്ത് വീട്ടിൽ കബീർ (52), കബീറിന്റെ മകൻ കാരപ്പുറം അടുക്കത്ത് വീട്ടിൽ റിസ്‌വാൻ (23), പാലേമാട് കരിമ്പനവീട്ടിൽ കെ. നൗഷാദ് (35), എടക്കര മില്ലുംപടി കിഴക്കേതിൽ അബ്ദുൾസലാം (56), തൃശ്ശൂർ കൊടകര കളത്തിലേക്കത്ത് എസ്. ഗോകുൽ (32), പാലേമാട് ഉള്ളാട്ടിൽ മനോജ് (44) എന്നിവരാണ് അറസ്റ്റിലായത്.
പിടിച്ചെടുത്ത കൊമ്പുകളിൽ ഒന്നിന് 16.45 കിലോഗ്രാമും മറ്റേതിന് 15 കിലോഗ്രാമും തൂക്കംവരും. ഇവ വിൽക്കാനുള്ള ശ്രമത്തിനിടയിലാണ് സംഘം പിടിയിലായത്. പ്രതികളെ മെഡിക്കൽ പരിശോധന നടത്തി വനം വകുപ്പിന് കൈമാറി. കേസിന്റെ തുടരന്വേഷണം വനം വകുപ്പാണ് നടത്തുക.
ചെന്നൈ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽനിന്നുള്ള പതിനഞ്ചോളം അംഗങ്ങളാണ് ഡിആർഐ സംഘത്തിലുണ്ടായിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർകൂടിയെത്തി പ്രതികളെ എടക്കരയിൽനിന്ന് നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്കെത്തിച്ചു. കൂടുതൽ വിവരങ്ങൾ പ്രതികളെ ചോദ്യംചെയ്യുമ്പോഴേ വെളിപ്പെടൂവെന്ന് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. കാർത്തിക് പറഞ്ഞു.
ഉദ്യോഗസ്ഥരെത്തിയത് വ്യാപാരികളെന്ന വ്യാജേന
എടക്കര : എടക്കരയിലെ വ്യാപാരസ്ഥാപനത്തിൽനിന്ന് ആനക്കൊമ്പ് പിടികൂടാൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗം അധികൃതരെത്തിയത് വ്യാപാരികളെന്നപേരിൽ.
ടൗണിൽ പ്രവർത്തിക്കുന്ന ലൈറ്റ് പാലസെന്ന സ്ഥാപനത്തിൽ ഉച്ചയോടെയാണ് സംഘം എത്തിയത്. കെട്ടിടത്തിന്റെ മുകൾനിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ആനക്കൊമ്പിന്റെ ഉടമകളും ഏജന്റുമാരും ഉണ്ടായിരുന്നു. 31.45 കിലോ വരുന്ന രണ്ട് കൊമ്പുകൾ ചാക്കിൽക്കെട്ടി ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്.
സമീപകാലത്ത് നിലമ്പൂർ വനമേഖലയിൽനിന്ന് പിടികൂടിയ വലിയ ആനക്കൊമ്പ് വേട്ടയാണ് എടക്കരയിലേതെന്ന് അധികൃതർ പറഞ്ഞു. വനംവകുപ്പിന്റെ നെല്ലിക്കുത്ത്, പോത്തുകല്ല്, കാഞ്ഞിരപ്പുഴ റെയ്ഞ്ച് ഓഫീസ് പരിധിയിലുള്ള ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു. ഉച്ചയോടെ തുടങ്ങിയ പരിശോധന വൈകീട്ട് ആറോടെയാണ് അവസാനിച്ചത്.
Content Highlights: eight arrested with elephant tusks in edakkara malappuram
Published: 20 Mar 2025, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented