ന്യൂഡൽഹി: തെരുവുനായയെ തല്ലിക്കൊന്നെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന് മൃഗസ്‌നേഹിയായ സ്ത്രീയുടെ മർദനം. ഡൽഹി കീർത്തിനഗർ പോലീസ് സ്‌റ്റേഷന് മുൻപിൽ വെള്ളിയാഴ്ചയാണ് സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി.

To advertise here,

ജസ്മീത് കൗർ എന്ന മൃഗസ്‌നേഹിയാണ് സെക്യൂരിറ്റി ജീവനക്കാരനെ പരസ്യമായി മർദിച്ചതെന്നാണ് എൻഡിടിവി അടക്കമുള്ള ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്. ഇവർ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിക്കുന്നതും ഷർട്ടിൽ കുത്തിപ്പിടിക്കുന്നതും ചെരിപ്പൂരി അടിക്കുന്നതും വീഡിയോയിലുണ്ട്. പോലീസുകാർ നോക്കിനിൽക്കെയായിരുന്നു സംഭവം.

തെരുവുനായയെ ഇരുമ്പുവടി കൊണ്ട് അടിച്ച് ക്രൂരമായി പരിക്കേൽപ്പിച്ചെന്ന പരാതിയിന്മേലാണ് സെക്യൂരിറ്റി ജീവനക്കാരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നായയെ പിന്നീട് സ്വകാര്യ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ചത്തു. എന്നാൽ, ഇതുസംബന്ധിച്ച് മൃഗാശുപത്രി അധികൃതർ വിവരങ്ങളൊന്നും നൽകിയിട്ടില്ല. സ്റ്റേഷന് പുറത്തുനടന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

തെരുവുനായ ഒരാളെ കടിച്ചെന്നും ഇതിനുപിന്നാലെയാണ് സെക്യൂരിറ്റി ജീവനക്കാരൻ നായയെ പിന്തുടർന്ന് ആക്രമിച്ചതെന്നുമാണ് ചിലർ പറയുന്നത്. അതേസമയം, സംഭവം സാമൂഹികമാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. രണ്ടുപേരെയും അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപേരാണ് സാമൂഹികമാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുള്ളത്.

അതേസമയം, സംഭവത്തിൽ ജസ്മീത് കൗർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇവരോ സെക്യൂരിറ്റി ജീവനക്കാരനോ ഇതുവരെ പോലീസിൽ രേഖാമൂലം പരാതിയൊന്നും നൽകിയിട്ടില്ലെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ട്.