ഷിംല: ആശുപത്രിയിൽവെച്ച് രോഗിയെ മർദിച്ച ഡോക്ടറെ പുറത്താക്കി. വീഡിയോ ദൃശ്യം പ്രചരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഡോ. രാഘവ് നിരൂലയെ പുറത്താക്കിയത്. ആശുപത്രി കിടക്കയിൽ രോഗിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിക്കപ്പെട്ടിരുന്നു.
പതിവ് പരിശോധനയ്ക്കിടെ ഡോ. നിരൂല താൻ വന്നതിനെക്കുറിച്ചും മെഡിക്കൽ രേഖകളെക്കുറിച്ചും അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ചതായി പരാതിക്കാരനായ മുപ്പത്താറുകാരൻ അർജുൻ സിങ് ആരോപിച്ചു. തന്റെ ആരോഗ്യസ്ഥിതിയും ഓക്സിജന്റെ കുറവും കാരണം ശരിയായി പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും ഇതാണ് ഡോക്ടറെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഖത്തും ശരീരത്തും പലതവണ ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തതിന്റെ ഫലമായി മൂക്കിൽനിന്നും വായിൽനിന്നും രക്തസ്രാവം ഉണ്ടാവുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേൽക്കുകയും ചെയ്തതായി അർജുൻ സിങ് പറഞ്ഞു.
ഡിസംബർ 22 ന് ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കൽ കോളേജിൽ ആണ് സംഭവം. ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സയിലായിരുന്നു സിങ്. ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ഓക്സിജന്റെ അളവ് കുറഞ്ഞതും കാരണം നിരീക്ഷിക്കുന്നതിനായി രണ്ട് മണിക്കൂർ കിടക്കയിൽ കിടത്തിയിരുന്നു.
ഡോ. നിരൂല തന്നെ ചവിട്ടുകയും ഇടിക്കുകയും ചെയ്തപ്പോൾ, മറ്റൊരു ഡോക്ടർ തന്റെ കാലുകൾ പിടിച്ചതിനാൽ തനിക്ക് സ്വയം പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്ന് അർജുൻ സിങ് പറഞ്ഞു. ആക്രമണത്തിനിടെ തന്റെ ഓക്സിജൻ പൈപ്പ് പൊട്ടിപ്പോയെന്നും അത് തന്റെ ജീവന് അപകടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. സിങ്ങിന്റെ സഹോദരനാണ് വീഡിയോ പകർത്തിയത്.
ഡോ. രാഘവ് നിരൂലയെ ഐജിഎംസി ഷിംലയിലെ പൾമണറി മെഡിസിൻ വിഭാഗത്തിലെ സീനിയർ റെസിഡന്റ് സ്ഥാനത്തുനിന്ന് പിരിച്ചുവിടുന്നതായി ഹിമാചൽ പ്രദേശ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഉത്തരവിൽ പറഞ്ഞു.
Content Highlights: Doctor Raghav Nirula fired after video of him assaulting patient in Shimla hospital bed went viral. Patient suffered injuries. Read details.
Published: 25 Dec 2025, 12:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented