
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വിസ് വനിതയുടെ കൊലപാതകത്തില്‍ മനുഷ്യക്കടത്ത് ബന്ധവും സംശയിച്ച് പോലീസ്. സ്വിസ് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി ഗുര്‍പ്രീത് സിങ്ങിന് മനുഷ്യക്കടത്ത് റാക്കറ്റുകളുമായും ബന്ധമുണ്ടോയെന്നാണ് പോലീസിന്റെ സംശയം. ഇതുസംബന്ധിച്ച് ഡല്‍ഹി പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിനിയായ ലെന ബെര്‍ജറി(30)നെ ഡല്‍ഹി തിലക് നഗറില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ ഗുര്‍പ്രീത് സിങ്ങിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. സ്വിറ്റ്‌സര്‍ലന്‍ഡില്‍വെച്ച് പരിചയത്തിലായ ലെനയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍, ലെനയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കൊലപ്പെടുത്താന്‍ തീരുമാനിച്ചെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരുന്നത്. ഇതിനായി യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തുകയും ഡല്‍ഹിയില്‍ താമസിപ്പിക്കുകയുമായിരുന്നു.
Also Read
അതേസമയം, ഗുര്‍പ്രീതിന്റെ കാറില്‍നിന്ന് കണക്കില്‍പ്പെടാത്ത രണ്ടേകാല്‍ കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിനുപുറമേ കാറില്‍നിന്ന് നാല് തോക്കുകളും അമ്പതോളം വെടിയുണ്ടകളും കണ്ടെടുത്തു. മാത്രമല്ല, മറ്റ് വിദേശ വനിതകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. കൊല്ലപ്പെട്ട യുവതിക്ക് പുറമേ 12-ഓളം വിദേശ വനിതകളുമായി ഗുര്‍പ്രീതിന് ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, തന്റെയും പിതാവിന്റെയും രത്‌ന ബിസിനസുമായി ബന്ധപ്പെട്ടാണ് വിദേശ വനിതകളെ പരിചയമുള്ളതെന്നാണ് ഗുര്‍പ്രീത് സിങ്ങിന്റെ മൊഴി. ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
ഗുര്‍പ്രീതില്‍നിന്ന് കണക്കില്‍പ്പെടാതെ പണം പിടിച്ചെടുത്തതോടെ ഡല്‍ഹി പോലീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും വിവരം കൈമാറിയിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗവും പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തില്‍ ഒട്ടേറെ മുറിവുകളുണ്ടായിരുന്നതായി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പൊള്ളലേറ്റ പാടുകളും മുറിവുകളുമാണ് ശരീരത്തിലുണ്ടായിരുന്നത്. കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി ക്രൂരമായ ഉപദ്രവം നേരിട്ടതിന്റെ തെളിവാണിത്. മമനുഷ്യക്കടത്ത് സംഘം ഇരകളെ ഉപദ്രവിക്കുന്നതിന് സമാനമായരീതിയിലാണ് സ്വിസ് വനിതയും ഉപദ്രവം നേരിട്ടതെന്നും പോലീസ് പറയുന്നു.
യുവതിയുടെ മൃതദേഹം കൊണ്ടുപോയ സാന്‍ട്രോ കാര്‍ ലൈംഗികത്തൊഴിലാളിയായ മറ്റൊരു യുവതിയുടെ പേരിലാണ് താന്‍ വാങ്ങിയതെന്ന് ഗുര്‍പ്രീത് സിങ് സമ്മതിച്ചിട്ടുണ്ട്. അതേസമയം, ഇയാള്‍ ഉപയോഗിച്ചിരുന്ന നാനോ കാറിന്റെ രജിസ്‌ട്രേഷനും മറ്റൊരാളുടെ പേരിലാണ്. ഗുര്‍പ്രീതുമായി നിരന്തരം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നയാളാണ് നാനോ കാറിന്റെ ഉടമ. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ലെന ബെര്‍ജര്‍ ആദ്യമായിട്ടില്ല ഇന്ത്യയില്‍ വരുന്നതെന്നാണ് കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രണ്ടുതവണ ലെന ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യയിലേക്കുള്ള അവരുടെ മൂന്നാമത്തെ യാത്രയാണിത്. താന്‍ ഇതുവരെ എട്ടുതവണ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോയിട്ടുണ്ടെന്നും പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ ഗുര്‍പ്രീത് സിങ് നിലവില്‍ നാലുദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. അതിനിടെ, ഇന്ത്യയിലെ സ്വിസ് എംബസി അധികൃതര്‍ കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാഗങ്ങളെ ബന്ധപ്പെടാനായി ഡല്‍ഹി പോലീസും എംബസിയുടെ സഹായം തേടിയിട്ടുണ്ട്.
Content Highlights: delhi swiss woman murder police probe on human trafficking angle
Published: 23 Oct 2023, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented