
പട്ന: ബിഹാറില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ആര്‍വാല്‍ സ്വദേശിയും ഭഗല്‍പുര്‍ പോലീസില്‍ ട്രെയിനിയുമായ ശോഭാകുമാരി(23)യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് പിന്നാലെ ശോഭയുടെ ഭര്‍ത്താവ് ജെഹനാബാദ് സ്വദേശി ഗജേന്ദ്രയാദവ് ഒളിവില്‍പോയി. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് പട്നയിലെ ഹോട്ടല്‍മുറിയില്‍ ശോഭാകുമാരിയെ വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. നഗ്നമാക്കിയ നിലയിലായിരുന്നു മൃതദേഹം. മുറിയിലാകെ സിന്ദൂരം വിതറിയ നിലയിലായിരുന്നു. ക്ലോസ് റേഞ്ചിലാണ് യുവതിക്ക് വെടിയേറ്റതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. മൃതദേഹത്തില്‍ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു.
ജോലി കിട്ടിയതിന് ശേഷം ശോഭാകുമാരി കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കുന്നില്ലെന്ന് ഭര്‍ത്താവ് പരാതിപ്പെട്ടിരുന്നതായും ഇതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നതായും പോലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒരുവര്‍ഷത്തിനിടെ രണ്ടുതവണ മാത്രമാണ് ശോഭാകുമാരി ഭര്‍തൃവീട്ടിലെത്തിയത്. പരിശീലന കാലയളവായതിനാല്‍ ശോഭാ കുമാരിക്ക് അവധി ലഭിക്കാനും പ്രയാസമായിരുന്നു.
ആറുവര്‍ഷം മുന്‍പാണ് ഗജേന്ദ്രയാദവും ശോഭാകുമാരിയും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ഒരുമകളുണ്ട്. കോച്ചിങ് സെന്റര്‍ നടത്തിയിരുന്ന ഗജേന്ദ്രയാദവും ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന ശോഭാകുമാരിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 2022-ലാണ് ശോഭാകുമാരി പോലീസില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭഗല്‍പുര്‍ പോലീസില്‍ പരിശീലനത്തിലായിരുന്ന ശോഭാകുമാരിയെ ഏതാനുംദിവസം മുന്‍പാണ് ദുര്‍ഗാപൂജ ഡ്യൂട്ടിയുടെ ഭാഗമായി പട്നയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഭാര്യയെ കാണാനായി പട്നയിലെത്തിയ ഭര്‍ത്താവ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.
ജോലി നേടാനും പോലീസിന്റെ യോഗ്യതപരീക്ഷകള്ക്ക് തയ്യാറെടുക്കാനും ശോഭാകുമാരിയെ ഭര്‍ത്താവ് ഏറെ പിന്തുണച്ചിരുന്നതായാണ് വിവരം. യുവതിയെ കായികപരിശീലനത്തിനായി ഗ്രൗണ്ടില്‍ കൊണ്ടുപോയിരുന്നതും ഭര്‍ത്താവായിരുന്നു. എന്നാല്‍, ജോലി ലഭിച്ചതിന് പിന്നാലെ ഭാര്യ കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കുന്നില്ലെന്നായിരുന്നു ഗജേന്ദ്രയാദവിന്റെ പരാതി.
വ്യാഴാഴ്ച വൈകിട്ടാണ് ഗജേന്ദ്രയാദവ് പട്നയിലെ ഹോട്ടലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ ശോഭാ കുമാരിയും മുറിയിലെത്തി. അല്പസമയത്തിന് ശേഷം ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് ഗജേന്ദ്രയാദവ് ഹോട്ടലിന് പുറത്തേക്ക് പോയി. എന്നാല്‍, ഇയാള്‍ തിരികെ എത്തിയില്ല. പിന്നീട് ഇയാളുടെ മുറിയുടെ വാതില്‍ പാതിതുറന്നനിലയില് കണ്ട് ഹോട്ടല്ജീവനക്കാരന് പരിശോധിച്ചതോടെയാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്.
Content Highlights: bihar woman police constable killed by husband
Published: 22 Oct 2023, 06:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented