ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് ക്രൂര പീഡനം. യുവതിയെ കബളിപ്പിച്ച് ബസ്സിൽ കയറ്റിയ ശേഷം ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് രണ്ടുപേർ ചേർന്ന് ഉപദ്രവിക്കുകയായിരുന്നു. രക്തം വാർന്ന നിലയിൽ ആശുപത്രിയിലെത്തിച്ച യുവതി രോഗിയായ ഭർത്താവും മൂന്നു പെൺമക്കളും തനിക്കായി കാത്തിരിക്കുകയാണെന്നും അഡ്മിറ്റ് ആക്കരുതെന്നും ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

തന്റെ സഹോദരന്റെ വീട് മാറാൻ സഹായിക്കാൻ പോയ ശേഷം മടങ്ങി വരികയായിരുന്നു യുവതി. ഔട്ടർ റിങ് റോഡിലെ സരസ്വതി വിഹാറിൽ ബസ് കാത്തുനിൽക്കുമ്പോൾ ബസ്സിനുള്ളിൽ നിന്ന ഒരാളോട് സമയം ചോദിച്ച യുവതിയോട് ഉള്ളിലേക്ക് കയറി സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അകത്തുകയറിയ ഉടൻ ഡ്രൈവർ ബസ് എടുത്തു. ബസ്സിനുള്ളിൽ ഉണ്ടായിരുന്ന ഒരാൾ വാഹനത്തിന്റെ പിൻഭാഗത്തേക്ക് തള്ളിയിടുകയും ഓടിക്കൊണ്ടിരുന്ന ബസ്സിൽ വെച്ച് പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് നംഗ്ലോയ് റെയിൽവേ സ്റ്റേഷന് സമീപം ബസ് നിർത്തി ഡ്രൈവറും പീഡിപ്പിച്ചു.

തനിക്കെതിരെ ചെയ്ത കാര്യങ്ങൾക്ക് പരാതി നൽകില്ലെന്നും തന്നെ വിട്ടയക്കണമെന്നും അവരോട് കരഞ്ഞു യാചിച്ചാണ് യുവതി രക്ഷപ്പെട്ടത്. ‘നിങ്ങൾ ചെയ്തതൊന്നും ഞാൻ ആരോടും പറയില്ല, വീട്ടിൽ മൂന്ന് മക്കൾ എന്നെയും കാത്തിരിക്കുന്നുണ്ട്, ദയവായി എന്നെ വിട്ടയക്കണം’ എന്ന് അവരോട് കേണുപറഞ്ഞു. മക്കളുടെ കാര്യം പറഞ്ഞതോടെയാണ് പ്രതികൾ യുവതിയെ പോകാൻ അനുവദിച്ചത്. രക്ഷപ്പെട്ട ഉടൻ തന്നെ യുവതി പോലീസിനെ വിവരമറിയിച്ചു.

പോലീസ് സ്ഥലത്തെത്തുമ്പോൾ പ്രതികളിലൊരാളായ ഉമേഷ് അവിടെത്തന്നെയുണ്ടായിരുന്നു. രക്തം വാർന്ന നിലയിലായിരുന്ന യുവതിയെ ഉടൻ തന്നെ പിതാംപുരയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ അവളോട് ആശുപത്രിയിൽ അഡ്മിറ്റാകാൻ നിർദ്ദേശിച്ചുവെങ്കിലും തന്റെ ഭർത്താവിന് സുഖമില്ലാത്തതിനാലും നാല്, ആറ്, ഒൻപത് വയസ്സുള്ള തന്റെ മൂന്ന് പെൺമക്കൾ വീട്ടിൽ കാത്തിരിക്കുന്നതിനാലും അത് നിരസിക്കുകയായിരുന്നു.

ഉത്തർപ്രദേശിൽ നിന്നുള്ള ഉമേഷ് കുമാർ, രാമേന്ദ്ര കുമാർ എന്നിവരാണ് ഈ കേസിലെ പ്രതികൾ. ഡ്രൈവറായ രാമേന്ദ്ര സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലും പോലീസ് പിന്നീട് ഇയാളെയും പിടികൂടി. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.