രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ പതിമൂന്നുകാരി മുപ്പതിലധികം പേരാൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. കേസിലെ പ്രതികളെ പോലീസ് പിടികൂടി പൊതുജനമധ്യത്തിൽ പരേഡ് നടത്തി ശിക്ഷിച്ചു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈകൾ കയറുകൊണ്ട് ബന്ധിച്ച അഞ്ചുപേരെ പോലീസുകാർ ലാത്തികൊണ്ട് അടിച്ചും മറ്റും റോഡിലൂടെ നടത്തിക്കൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു പതിമൂന്നുകാരി നേരിടേണ്ടിവന്ന ദുരനുഭവവും ചികിത്സയിലിരിക്കെ കുട്ടിയുടെ മരണവും. രാജ്യത്തെ മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്. ഈ സാഹചര്യത്തിൽ പ്രതികൾക്കെതിരായി പോലീസ് ഇങ്ങനെയൊരു നടപടി കൈക്കൊണ്ടിരുന്നെങ്കിൽ സ്വാഭാവികമായും അത് റിപ്പോർട്ട് ചെയ്യപ്പെട്ടേനെ. എന്നാൽ, അത്തരത്തിലുള്ള വാർത്തകളൊന്നുമില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
തുടർന്ന്, പ്രചരിക്കുന്ന വീഡിയോയിൽനിന്ന് കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്ത് അന്വേഷിച്ചു. പരിശോധനയിൽ ഈ വീഡിയോ 2026 മാർച്ചിൽത്തന്നെ ഇന്റർനെറ്റിൽ ലഭ്യമായിരുന്നെന്ന് കണ്ടെത്തി. ഗുജറാത്തിലെ പഠാൻ ജില്ലയിലുള്ള ജിലിയ ഗ്രാമത്തിലെ ഒരു ഫാം ഹൗസിൽ മാർച്ച് 15-ന് നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് ഈ സംഭവം എന്ന വിവരണത്തോടെയുള്ള ചില പോസ്റ്റുകൾ കണ്ടു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇതിനെക്കുറിച്ച് ‘ന്യൂസ് 18 ഗുജറാത്ത്’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭ്യമായി. റിപ്പോർട്ട് പ്രകാരം, ഒരു ക്ഷേത്രത്തിലെ സംഭാവനയെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിൽ ഉൾപ്പെട്ട 18 പ്രതികളെ പോലീസ് പിടികൂടി പൊതുനിരത്തിലൂടെ പരേഡ് നടത്തിയതിന്റെ ദൃശ്യങ്ങളാണിത്.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ഗുജറാത്തിൽ ഒരു ക്ഷേത്രത്തൽ സംഭവനയെച്ചൊല്ലി ഉണ്ടായ തർക്കത്തിൽ അറസ്റ്റിലായ പ്രതികളുടെ പഴയ വീഡിയോ, ശ്രീ ഗംഗാനഗർ പീഡനക്കേസ് പ്രതികളുടേതെന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുകയാണ്.
Content Highlights: Clarifies that the viral video is not related to the 2026 Sri Ganganagar case., Identifies the footage as an old incident from Gujarat regarding a temple donation dispute., Confirms 19 suspects have been arrested in the actual case, with no public parade reported., Provides evidence from News18 Gujarat to debunk the misinformation.
Published: 10 Jul 2026, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented