ന്യൂഡൽഹി: ഡൽഹിയിൽ 21കാരിയായ യുവതി സ്വന്തം വീട്ടിൽ കുത്തേറ്റു മരിച്ചു. പ്രതി യുവതിയുടെ ജിം ട്രെയിനറാണെന്ന് പോലീസ് പറഞ്ഞു. വിദ്യാർഥിനിയും മോഡലുമായ മുസ്‌കാൻ എന്ന യുവതിയാണ് പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള തന്റെ വീട്ടിൽ വച്ച്‌ കൊല്ലപ്പെട്ടത്.

To advertise here,

പ്രതിയായ ഇമ്രാൻ യുവതിയെ കത്തിയുപയോഗിച്ച് ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. മുസ്‌കാൻ നിലവിളിക്കുന്നത് കേട്ട് അയൽവാസികൾ വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് അവർ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.

പ്രതിക്കായി തെരച്ചിൽ നടത്തിവരികയാണെന്ന്' അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് (ഡിസിപി) അഭിഷേക് ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

മുസ്‌കാനും ഇമ്രാനും തമ്മിൽ ഒന്നര വർഷത്തോളമായി പരിചയമുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. ഇമ്രാൻ മുസ്‌കാനെ നിരന്തരം ശല്യം ചെയ്തിരുന്നതായും ബന്ധുക്കളും നാട്ടുകാരും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവർ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് മുസ്‌കാന്റെ മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം.

പ്രതിയെ പിടികൂടാനായി പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട യുവതിയുടെ ഫോണും പോലീസ് പരിശോധിച്ചു വരികയാണ്.