ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഭിക്ഷാടനത്തിന്റെ മറവിൽ വൻ കവർച്ച. കൃത്യം നടത്തിയ ശേഷം സംഘം സ്വദേശത്തേക്ക് മടങ്ങുമെന്നും പണം തീരുമ്പോൾ വീണ്ടും ഡൽഹിയിൽ തിരിച്ചെത്തുകയുമാണ് പതിവെന്നും പോലീസ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘത്തിലെ മൂന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

To advertise here,

ഒരേ കുടുംബത്തിലെ അം​ഗങ്ങളാണെന്ന് കരുതുന്ന സംഘത്തിലെ ആറുസ്ത്രീകൾ രാവിലെ ഡൽഹിയിലെ തെരുവുകളിൽ ഭിക്ഷാടനത്തിനിറങ്ങുകയാണ് പതിവ്. രാത്രിയിൽ പ്രദേശത്തെ കടകളുടെ പൂട്ട് തകർത്ത് അകത്തുകടക്കുന്ന സംഘം കവർച്ച നടത്തും. പിന്നീട് ജന്മദേശമായ രാജസ്ഥാനിലേക്ക് പലായനം ചെയ്യും. കൊള്ളമുതൽ തീരുന്നതുവരെ സ്വദേശത്ത് തങ്ങുകയും ശേഷം ​ഡൽഹിയിലേക്ക് മടങ്ങുകയുമാണ് ചെയ്യുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി എട്ടിന് പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ദ്വാരകയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും മൂന്നുപേരെ കസ്റ്റഡിലെടുത്തതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഇന്ദ്ര (62),  താര (65) ഇന്ദ്രയുടെ മകൻ ജോരോവർ എന്നിവരാണ് പിടിയിലായത്. പരാതിക്കാരനായ ഭൂപേന്ദർ സിങ്ങിന്റെ കടയുടെ ഷട്ടർ വളച്ച് ഡ്രോയറിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപ സംഘം കവരുകയായിരുന്നു. ദ്വാരകയിലെ ഉത്തം നഗർ, കക്രോള പ്രദേശങ്ങളിലായിരുന്നു പ്രതികൾ താമസിച്ചിരുന്നത്.

പ്രദേശത്തെ 150-ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസിന് പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. സംഭവസ്ഥലത്ത് ഇ-റിക്ഷയിൽ സംഘമെത്തിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ഉത്തം നഗറിലെ ചാർജിങ് സ്റ്റേഷനിൽ നിന്ന് ഇ-റിക്ഷ പോലീസ് കണ്ടെടുത്തു. മോഷണം നടന്ന ദിവസം പുലർച്ചെ 3.30 ന് ഇ-റിക്ഷ എടുത്ത് 7.30 ന് ചാർജ് ചെയ്യാൻ തിരികെ നൽകിയത് ജോരാവർ ആണെന്ന് ചാർജിങ് സ്റ്റേഷൻ ഉടമ മൊഴി നൽകി. തുടർന്ന് ഉടമ നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോരാവർ പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. മൂവരിൽ നിന്നും 3.4 ലക്ഷം രൂപയും ഇ-റിക്ഷയും കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച ഉളി പോലുള്ള ഉപകരണവും പോലീസ് കണ്ടെടുത്തു.

പണം തുല്യമായി വീതിച്ചെടുക്കുകയാണ് പതിവെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. മൂന്ന് പേർ കടയുടെ ഷട്ടർ വസ്ത്രങ്ങൾ കൊണ്ട് മൂടുകയും മറ്റ് മൂന്ന് പേർ ഉള്ളിൽക്കയറി കവർച്ച നടത്തുകയും ചെയ്യും. സംഘത്തിലുൾപ്പെട്ട മറ്റു നാല‍് സ്ത്രീകൾ രാജസ്ഥാനിലേക്ക് കടന്നുവെന്നാണ് വിവരം. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.