ന്യൂഡല്‍ഹി: ഡല്‍ഹി ആസിഡ് ആക്രമണ കേസ് നാടകീയമായ വഴിത്തിരിവില്‍. ഒരു ബലാത്സംഗ പരാതിയിന്മേല്‍ പ്രതികാരം ചെയ്യാനുള്ള പിതാവിന്റെ പ്രേരണയാലാണ് തനിക്കെതിരെ ആസിഡ് ആക്രമണം നടന്നതായി കോളേജ് വിദ്യാര്‍ത്ഥിനി കള്ളപ്പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

To advertise here,

പെണ്‍കുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകളും, മുഖ്യപ്രതിയുടെ ഭാര്യ നല്‍കിയ മറ്റൊരു പീഡന പരാതിയുമായുള്ള ബന്ധവും അന്വേഷണത്തില്‍ വഴിത്തിരിവായി. ആസിഡ് ആക്രമണം നടന്നതായി ആരോപിച്ച കോളേജ് വിദ്യാര്‍ഥിനിയായ യുവതിയുടെ പിതാവായ അഖീല്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായ 19-കാരിയാണ് മൂന്ന് പുരുഷന്മാര്‍ ചേര്‍ന്ന് തനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതായി ആദ്യം പരാതിപ്പെട്ടത്. ഒക്ടോബര്‍ 26-ന് കൈകളില്‍ പൊള്ളലേറ്റ നിലയില്‍ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ജിതേന്ദര്‍ എന്നയാളും അയാളുടെ രണ്ട് കൂട്ടാളികളായ ഇഷാനും അര്‍മാനുമാണ് ആക്രമണം നടത്തിയതെന്ന് 19-കാരി വെളിപ്പെടുത്തി. പിന്നീട് ഇവര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്നും തെളിഞ്ഞു.

കോളേജിലേക്ക് നടന്നുപോകുമ്പോള്‍ തനിക്ക് നേരെ ആസിഡ് ആക്രമണം നടന്നുവെന്നാണ് വിദ്യാര്‍ഥിനി അവകാശപ്പെട്ടത്. തന്റെ പരിചയക്കാരനായ ജിതേന്ദര്‍ തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നുവെന്നും ഒരു മാസം മുന്‍പ് തമ്മില്‍ വഴക്കുണ്ടായെന്നും 19-കാരി ആരോപിച്ചു. എന്നാല്‍ മൊഴിയിലെ പൊരുത്തക്കേടുകളും ജിതേന്ദര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന കാര്യവും പോലീസ് കണ്ടെത്തി.

തനിക്കെതിരെ ലൈംഗിക പീഡനത്തിനും ബ്ലാക്ക്മെയിലിനും പരാതി നല്‍കിയ സ്ത്രീയുടെ ഭര്‍ത്താവിനെയും, അദ്ദേഹത്തിന്റെ രണ്ട് ബന്ധുക്കളെയും കള്ളക്കേസില്‍ കുടുക്കുന്നതിനായി താനും മകളും ചേര്‍ന്ന് ആസിഡ് ആക്രമണത്തിന്റെ കഥ കെട്ടിച്ചമച്ചതാണെന്ന് വിദ്യാര്‍ത്ഥിനിയുടെ പിതാവായ അഖീല്‍ ഖാന്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

സ്വയം പരിക്കേല്‍പ്പിച്ച് ആക്രമണം കെട്ടിച്ചമയ്ക്കുന്നതിനായി പെണ്‍കുട്ടി ടോയ്ലറ്റ് ക്ലീനര്‍ ഉപയോഗിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആസിഡ് ആക്രമണം നടന്നുവെന്ന് പറയുന്നതിന് രണ്ട് ദിവസം മുന്‍പ്, 19 കാരിയുടെ പിതാവിനെതിരെ ബലാത്സംഗത്തിനും ബ്ലാക്ക്‌മെയിലിനും ജിതേന്ദറിന്റെ ഭാര്യ പരാതി നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. 2021-നും 2024-നും ഇടയില്‍ താന്‍ ഇയാളുടെ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നതായും, ഈ സമയത്ത് ഇയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയും സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ പോലീസിനോട് പറഞ്ഞു.