കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ചിദംബരത്തിന് സമീപം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമണം നടന്നത് എന്നാണ് വിവരം. അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായും എന്നാൽ പെൺകുട്ടി അത് നിരസിച്ചിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
കടലൂരിലെ കീഴ്മൂങ്കിലാടി ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് നടുക്കുന്ന ഈ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ ഇലക്ട്രിക് ജോലികൾക്കായി എത്തിയപ്പോഴാണ് ഇയാൾക്ക് പെൺകുട്ടിയോട് താൽപ്പര്യം തോന്നിയത്. ഇതിനുമുമ്പ് പലതവണ ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും കുട്ടി അതെല്ലാം നിരസിച്ചിരുന്നു. സംഭവം നടന്ന ദിവസം പെൺകുട്ടിയുടെ അമ്മ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്ക് പോയിരിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ അയ്യപ്പൻ വീട്ടിലെത്തി വീണ്ടും പ്രണയാഭ്യർത്ഥന നടത്തി. പെൺകുട്ടി വീണ്ടും വിസമ്മതിച്ചതോടെ പ്രകോപിതനായ ഇയാൾ താൻ ഒളിപ്പിച്ചു വെച്ചിരുന്ന കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ആംബുലൻസ് വിളിച്ചതും പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതും. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ കടലൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതി അയ്യപ്പനെ പിടികൂടാനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Content Highlights: Incident occurred in Keezhmungiladi village near Chidambaram., The suspect, an electrician named Ayyappan, targeted the 11th-grade student., Victim is currently undergoing treatment in the ICU at Cuddalore Government Medical College., Police have launched a manhunt for the absconding suspect.
Published: 27 Jul 2026, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented