കേസുകളിൽ പ്രതികളായി ജയിലിലും കോടതികളിലും വച്ചാണ് ഇവർ പരിചയപ്പെടുന്നത്. നെടുമങ്ങാട് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.

തിരുവനന്തപുരം: മണ്ണന്തലയിൽ കഴിഞ്ഞ ദിവസം രാത്രി ആക്രമണങ്ങൾ അഴിച്ചുവിട്ടത് കുട്ടികൾ ഉൾപ്പെട്ട ഗുണ്ടാ സംഘങ്ങളെന്ന് പോലീസ്. കഴിഞ്ഞ ദിവസം പിടിയിലായ സൂര്യനാരായണന്റെ ജന്മദിനാഘോഷങ്ങൾക്കാണ് പ്രായപൂർത്തിയാവാത്തവരടക്കം ഒരു സംഘം പേരൂർക്കടയിൽ ഒത്തുകൂടിയത്. ലഹരിക്കടിമകളായ സംഘം തുടർച്ചയായ ആക്രമണങ്ങളഴിച്ച് വിട്ടത് യാതൊരു പ്രകോപനവുമില്ലാതെയാണ്.
മണ്ണന്തലയിൽ കടക്കാരനെ ആക്രമിക്കുകയും തുടർന്ന് റോഡിൽക്കിടന്ന വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. ഈ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് പ്രായപൂർത്തിയാവാത്തവരാണ്. ഇതിൽ ഒരാൾ കുര്യാത്തിയിൽ നടന്ന ഒരു കൊലപാതകക്കേസിലും പ്രതിയാണ്.
പുതിയ കുട്ടിഗുണ്ടാസംഘങ്ങൾ നഗരത്തിൽ ശക്തി പ്രാപിക്കുന്നതായാണ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം ഒത്തു കൂടിയതിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളുണ്ടായിരുന്നതായാണ് സൂചന. നെടുമങ്ങാട്, കഠിനംകുളം, മണ്ണന്തല, പേരൂർക്കട, കുര്യാത്തി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. ഭൂരിഭാഗം പേരും നിരവധി കേസുകളിലെ പ്രതികളുമാണ്.
കൊലപാതകവും ആക്രമണങ്ങളും അടക്കം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെട്ട പ്രായവൂർത്തിയാവാത്തവർ ഇക്കൂട്ടത്തിലുണ്ടെന്ന് പോലീസ് പറയുന്നു. കേസുകളിൽ പ്രതികളായി ജയിലിലും കോടതികളിലും വച്ചാണ് ഇവർ പരിചയപ്പെടുന്നത്. നെടുമങ്ങാട് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. പുതിയ അക്രമി സംഘങ്ങളുണ്ടാക്കി ക്വട്ടേഷനുകളെടുക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മണ്ണന്തലയിൽ ആദ്യം കടക്കാരനെ ആക്രമിച്ചതും പിന്നീട് വാഹനങ്ങൾ അടിച്ചു തകർത്തതും പ്രകോപനമില്ലാതെയാണ്. ഇത്തരം ആക്രമണങ്ങളിലൂടെ കുപ്രസിദ്ധി നേടുകയാണ് ഇവരുടെ ലക്ഷ്യം. ജുവനൈൽ നിയമത്തിന്റെ ആനുകൂല്യത്തിൽ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ നടത്തുന്നവരാണ് സംഘത്തിലുള്ളവരിലേറെയും. ഇപ്പോൾ പിടിയിലായ പലരും പ്രായപൂർത്തിയാവുന്നതിന് മുൻപു തന്നെ ക്രിമിനൽ കേസുകളിലെ പ്രതികളായവരാണ്.
ഇപ്പോഴത്തെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ശരത്തും നേരത്തെ മണ്ണന്തലയിലുണ്ടായ ബോംബ് കേസിലെ പ്രതിയാണ്. ഇത്തരം കുട്ടികളെ കണ്ടെത്തി തിരുത്താനും കൂടുതൽ കുറ്റകൃത്യങ്ങളിൽ അകപ്പെടുന്നത് തടയാനും ശാസ്ത്രീയമായ മാർഗങ്ങൾ വേണമെന്ന് വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. മണ്ണന്തല ഗുണ്ടാ ആക്രമണ കേസിലെ ഒരു പ്രതികൂടി ഇനി പിടിയിലാവാനുണ്ട്.
Content Highlights: Child goons spread terror in Thiruvananthapuram
Published: 26 Sept 2025, 08:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented