ബെംഗളൂരൂ: കർണാടകയിലെ ചിക്കബല്ലാപൂരിൽ മെയ് 28-ന് നടന്ന യുവതിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തൽ. 23 വയസ്സുകാരിയായ പുഷ്പലതയെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അജ്ഞാതരായ അക്രമികൾ വീട് കൊള്ളയടിച്ചുവെന്നും തന്നെ മർദ്ദിച്ച് ബോധരഹിതയാക്കിയെന്നും പറഞ്ഞ് പുഷ്പലതയുടെ ഭർതൃസഹോദരി ഭവ്യ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, വീട്ടിൽ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ ഇല്ലാത്തതും ഭവ്യയുടെ കഴുത്തിലെ മുറിവ് അത്ര ആഴത്തിലുള്ളതല്ല എന്നതും പോലീസിൽ വലിയ സംശയമുണ്ടാക്കി.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഭവ്യയുടെ മൊഴികൾ കളവാണെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പുഷ്പലതയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതോടെ പോലീസ് അന്വേഷണം കുടുംബാംഗങ്ങളിലേക്ക് തിരിഞ്ഞു. തന്റെ സ്വകാര്യ വീഡിയോകൾ കാട്ടി ലോഹിത് എന്ന ബന്ധു തന്നെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും അതിൽ നിന്ന് രക്ഷപ്പെടാൻ പണം കണ്ടെത്താനാണ് പുഷ്പലതയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കാൻ പദ്ധതിയിട്ടെന്നും ഭവ്യ ഒടുവിൽ സമ്മതിച്ചു. ഭവ്യയിൽ നിന്ന് മുൻപും ലോഹിത് ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു.
വീട്ടിലെ മുതിർന്നവർ തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ പോയ ദിവസം നോക്കിയാണ് ഭവ്യയും ലോഹിതും കൊലപാതകം ആസൂത്രണം ചെയ്തത്. കുടുംബ തർക്കങ്ങളെത്തുടർന്ന് പുഷ്പലതയും ഭർത്താവും നേരത്തെ മാറി താമസിക്കുകയായിരുന്നുവെങ്കിലും സംഭവദിവസം ഭവ്യയുടെ ക്ഷണപ്രകാരമാണ് പുഷ്പലത ഈ വീട്ടിലെത്തിയത്. ഭവ്യയുടെ നിർദ്ദേശപ്രകാരം രാത്രി വീട്ടിലെത്തിയ ലോഹിത്, ഉറങ്ങിക്കിടക്കുകയായിരുന്ന പുഷ്പലതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇതൊരു കവർച്ചയാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങളും നടന്നു. ഭവ്യ സ്വന്തം വസ്ത്രങ്ങൾ വലിച്ചുകീറി അക്രമം നടന്നതായി അഭിനയിച്ച് ബോധരഹിതയായി കിടക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഭവ്യയെയും ലോഹിത്തിനെയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭവ്യയുടെ അമ്മ വിജയലക്ഷ്മിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് സൂചനയുണ്ട്. പുഷ്പലതയുടെ ഭർത്താവ് ഭരതിനോ ഭർതൃപിതാവ് നരസിംഹമൂർത്തിക്കോ ഈ കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
Content Highlights: Chikkaballapur police solve the murder of Pushpalatha. Discover how the sister-in-law staged a robbery to cover up a blackmail-driven crime.
Published: 01 Jun 2026, 09:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented