ലഖ്‌നൗ: ഒരു അജ്ഞാത വ്യക്തിയുടെ കത്തിലൂടെ പുറത്തുവന്ന പീഡനവിവരങ്ങളില്‍ ഞെട്ടി നില്‍ക്കുകയാണ് ഉത്തര്‍പ്രദേശ് പോലീസ്. ഹാഥ്‌റസിലെ ഒരു കോളേജില്‍, ചീഫ് പ്രോക്ടര്‍ വിദ്യാര്‍ഥിനികളെ ലൈംഗികപീഡനത്തിന് ഇരയാക്കി എന്ന് ആരോപിച്ചാണ് പോലീസിന് അജ്ഞാതയുടെ കത്ത് ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ അച്ചടക്കം സംബന്ധിച്ച കാര്യങ്ങളുടെ മേല്‍നോട്ടച്ചുമതലയുള്ള ആളാണ് 'ചീഫ് പ്രോക്ടര്‍'. സ്വന്തം അനുഭവത്തിന് പുറമെ, കോളേജിലെ പല വിദ്യാര്‍ഥിനികളോടും ഇയാള്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും കത്തിനോടൊപ്പം ഉണ്ടായിരുന്നു. 

To advertise here,

ഓള്‍ഡ് ഡിഗ്രി കോളേജ് എന്ന് അറിയപ്പെടുന്ന സേത്ത് ഫൂല്‍ ചന്ദ് ബഗ്‌ല പിജി കോളേജിലെ ചീഫ് പ്രോക്ടര്‍ രജ്‌നീഷ് കുമാറിനെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. 10 മാസങ്ങള്‍ക്കുമുമ്പാണ് പോലീസിന് രജ്‌നീഷിനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടുള്ള ആദ്യത്തെ കത്ത് ലഭിക്കുന്നത്. രജ്‌നീഷ്, കോളേജിലെ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറുന്നുവെന്നും ലൈംഗിക പ്രവർത്തിയിൽ ഏർപ്പെടാൻ നിര്‍ബന്ധിക്കുന്നു എന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. പകരം, പരീക്ഷകളില്‍ പാസാക്കാമെന്നും അധ്യാപികയായി ജോലി വാങ്ങിത്തരാം എന്നുമാണ് ഇയാള്‍ എല്ലാവരോടും വാഗ്ദാനം ചെയ്യുക എന്നും കത്തിൽ പറയുന്നു. 

ഈയടുത്ത് ഇതേ ഉള്ളടക്കത്തോടെ എന്‍.ഡി.ടി.വി.ക്കും ഒരു അജ്ഞാത വ്യക്തിയുടെ കത്ത് ലഭിച്ചിരുന്നു. പീഡനവിവരം സംബന്ധിച്ച് അധികാരികള്‍ക്കെല്ലാം കത്തെഴുതിയെന്നും എന്നാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ലെന്നുമാണ് കത്തില്‍ പറഞ്ഞിരുന്നത്. 'ഭയന്നിട്ടാണ് യഥാര്‍ത്ഥ പേര് പുറത്തിവിടാത്തത്. എന്റെ പേര് പുറത്തുവന്നാല്‍ ആ പ്രൊഫസര്‍ എന്നെ കൊന്നുകളയും. ഇപ്പോഴും എനിക്ക് മനസിലാകാത്ത ഒരു കാര്യം ഇതാണ്, ഞാന്‍ ഈ കത്തിനൊപ്പം കൈമാറിയിരിക്കുന്ന പെന്‍ഡ്രൈവിലെ ചിത്രങ്ങളും ദൃശ്യങ്ങളും മതിയാവില്ലേ ഞാന്‍ പറയുന്നത് സത്യമാണെന്ന് മനസിലാക്കാന്‍?' - അജ്ഞാത കത്തിലൂടെ ചോദിച്ചിരിക്കുന്നതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. 

രജ്‌നീഷ് വിദ്യാര്‍ഥികളോട് ദുരുദ്ദേശത്തോടെ പെരുമാറുന്ന 59 ദൃശ്യങ്ങളാണ് കത്തിനൊപ്പമുള്ള പെന്‍ഡ്രൈവില്‍ ഉള്ളത്. എല്ലാ പെണ്‍കുട്ടികളുടേയും മുഖം അവ്യക്തമാക്കിയ തരത്തിലാണ് ദൃശ്യങ്ങളിലുള്ളത്. പെണ്‍കുട്ടികളെ ആദ്യമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുന്ന രജ്‌നീഷ്, ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ലൈംഗികപീഡനത്തിന് ഇരയാക്കുന്നത്. കോളേജ് അധികൃതരുടെ പിന്തുണയോടെയാണ് രജ്‌നീഷ് ഇത്തരം പ്രവര്‍ത്തികള്‍ തുടരുന്നതെന്നും കത്തില്‍ ആരോപണമുണ്ട്. 

കത്തിലെ പരാമര്‍ശങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പോലീസ് രജ്‌നീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബലാത്സംഗം, ലൈംഗികാതിക്രമം, അധികാരസ്ഥാനത്തിരിക്കുന്ന ഒരാള്‍ നടത്തുന്ന ലൈംഗിക പീഡനം എന്നീ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കോളേജ് അധികൃതര്‍ രജ്‌നീഷിനെ പദവിയില്‍ നിന്ന് പുറത്താക്കി. പിന്നാലെ ഒളിവില്‍ പോയ രജ്‌നീഷിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. രജ്‌നീഷിനെതിരെ ഔദ്യോഗികമായി രേഖാമൂലം പരാതി ലഭിച്ചിട്ടില്ല എന്നതാണ് പോലീസിനെ കുഴയ്ക്കുന്ന മറ്റൊരു കാര്യം. 

അജ്ഞാതയുടെ കത്തിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങള്‍ 2023-ലുള്ളതാണ്. ഇവരാവട്ടെവട്ടെ സ്വന്തം വ്യക്തിവിവരങ്ങള്‍ പുറത്തുവിടാൻ തയ്യാറല്ല എന്ന് കത്തില്‍തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇവര്‍ മാത്രമല്ല, രജ്‌നീഷില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുള്ള ഒരു വിദ്യാര്‍ഥിനി പോലും പരാതി നല്‍കാനോ, മൊഴി നല്‍കാനോ മുന്നോട്ടുവരില്ല എന്ന കാര്യത്തിലും പോലീസിന് ഏകദേശ ധാരണയുണ്ട്. അതേസമയം, പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തായിട്ടുണ്ട്. രജ്‌നീഷിനെതിരെ കടുത്ത നടപടിയെടുക്കണം എന്നാണ് ജനങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നത്.