കൊച്ചി: അഭിഭാഷകനുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ തള്ളി ജയബാലകൃഷ്ണന്റെ മകൾ ഭദ്ര. അഡ്വ. എം.ജി. ശ്രീജിത്ത് തന്നെയാണ് തങ്ങളുടെ അഭിഭാഷകൻ. താൻതന്നെയാണ് അഡ്വ. ശ്രീജിത്തിന് വക്കാലത്ത് ഒപ്പിട്ട് നൽകിയത്. നിലവിൽ അഭിഭാഷകനെ മാറ്റിയിട്ടില്ലെന്നും ഭദ്ര മാധ്യമങ്ങളോട് വ്യക്തമാക്കി. കോടതിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഭദ്ര അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ചേരാനല്ലൂർ അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഭദ്ര മാധ്യമങ്ങളെ കണ്ടത്.
ഉച്ചയ്ക്ക് 1.50 ഓടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട്ടിൽ എത്തിയത്. 20 മിനിറ്റോളം അദ്ദേഹം വീട്ടിൽ ചെലവഴിച്ചു. മുഖ്യമന്ത്രിയുടെ മുമ്പിൽ ആവശ്യങ്ങൾ അറിയിച്ചെന്ന് ഭദ്ര പറഞ്ഞു. സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്നും ഭദ്ര കൂട്ടിച്ചേർത്തു.
ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ കക്ഷിചേരാൻ കുടുംബം അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷകൾ പരിഗണിക്കവെയാണ് അഭിഭാഷകനെ സംബന്ധിച്ച് തർക്കം ഉണ്ടായത്. അഭിഭാഷകനായ എം.ജി. ശ്രീജിത്ത് ഭീഷണിപ്പെടുത്തി വക്കാലത്തിൽ ഒപ്പിട്ട് വാങ്ങിക്കുകയായിരുന്നു എന്നാണ് ജയബാലകൃഷ്ണന്റെ ബന്ധു അറിയിച്ചത്.
‘അഡ്വക്കേറ്റ് ശ്രീജിത്ത് ഞങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. അച്ഛനുമായി ഏറെ ആത്മബന്ധമുള്ള വക്കീലാണദ്ദേഹം. കേസിന്റെ തുടക്കത്തിൽ നിയമങ്ങളെക്കുറിച്ച് ഞങ്ങൾക്ക് കാര്യമായി അറിയില്ലായിരുന്നു. നിയമോപദേശത്തിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ചത്. തുടക്കത്തിൽ നിയമപരമായി നീങ്ങാൻ അറിയാത്തതുകൊണ്ട് ഞാൻതന്നെയാണ് വക്കാലത്തിൽ ഒപ്പിട്ടു കൊടുത്തത്. ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചിട്ടോ അല്ല; ഞങ്ങൾ തന്നെയാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. അദ്ദേഹം ഞങ്ങളുടെ അടുത്ത സുഹൃത്തുമാണ്’, ഭദ്ര പറഞ്ഞു.
‘ബന്ധു പറഞ്ഞ കാര്യം എന്താണെന്ന് അറിയില്ല; ചോദിച്ചശേഷം ബാക്കി പറയാം. വക്കീലിനെക്കുറിച്ച് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. തുടക്കത്തിൽ കാര്യങ്ങളൊന്നുംതന്നെ ഞങ്ങൾക്ക് അറിയില്ലായിരുന്നു. എതിർവശത്ത് നിൽക്കുന്നത് നിയമങ്ങളുടെ തലവനാണ്. എന്തെങ്കിലും ഉപദേശം ലഭിക്കാൻ വേണ്ടിയാണ് ഉപദേശം തേടിയത്. തുടർന്ന് അദ്ദേഹത്തിന് തന്നെ കേസ് നൽകുകയായിരുന്നു.
ഇതുവരെ നീതി ലഭിച്ചിട്ടില്ല. എന്തെങ്കിലും ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. 'സർക്കാർ എല്ലാത്തിനും ഒപ്പമുണ്ട്' എന്ന വാക്ക് തന്നിട്ടാണ് അദ്ദേഹം പോയത്. ജഡ്ജിയെ സസ്‌പെൻഡ് ചെയ്യുന്നതൊന്നും സർക്കാരിന്റെ കൈയിലുള്ള കാര്യമല്ല; അത് ജുഡീഷ്യറിയുടെ ഭാഗമാണ്.
കേസെടുക്കാമെന്ന് പറഞ്ഞ് ഒരുപാട് പേർ വന്നു. എതിർവശത്ത് നിൽക്കുന്നത് ഒരു ജഡ്ജിയാണെന്നും ആരെയൊക്കെ സ്വാധീനിക്കാൻ സാധിക്കുമെന്നും അറിയാം. ഇതൊക്കെ ഉണ്ടെങ്കിലും, ചെയ്യുന്നതെല്ലാം എന്റെ അച്ഛന് വേണ്ടിയാണ്. എന്നെപ്പോലെ ചിന്തിക്കുന്ന ഒരാൾ വന്ന് കേസ് മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറായാൽ, അയാൾക്ക് തന്നെ ചുമതല നൽകാനാണ് തീരുമാനം. നിലവിൽ ശ്രീജിത്ത് തന്നെയായിരിക്കും വക്കീൽ’, ഭദ്ര മാധ്യമങ്ങളോട് പറഞ്ഞു.
ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച കാർ ഇടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സംഭവം. പ്രോസിക്യൂഷനൊപ്പം ജയബാലകൃഷ്ണന്റെ കുടുംബവും അപ്പീൽ നൽകിയിരുന്നു. കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് വക്കാലത്തിൽ ഒപ്പിടിച്ചതെന്ന് ജയബാലകൃഷ്ണന്റെ അനന്തരവൾ ജയലക്ഷ്മി കോടതിയിൽ പറഞ്ഞു.
തുടർന്ന്, ആരാണ് വക്കാലത്ത് നൽകിയതെന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. ജയബാലകൃഷ്ണന്റെ മകളാണ് വക്കാലത്ത് നൽകിയതെന്നാണ് അഭിഭാഷകൻ മറുപടി പറഞ്ഞത്. മകൾ നേരിട്ട് ഹാജരാകുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളാണ് ഇത്തരത്തിലൊരു ആശയക്കുഴപ്പത്തിന് കാരണമെന്നാണ് വിവരം.
Content Highlights: Bhadra clarified that she willingly signed the vakalath for Advocate M.G. Sreejith., She denied allegations made by relatives that the lawyer threatened or forced them., CM assured the family of government support during his visit to their home., The case involves a car accident in Cheranalloor where a tea stall owner lost his life.
Published: 30 Oct 2026, 03:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented