
ചാത്തന്നൂർ : ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക്, പ്ലംബിങ് സാധനങ്ങളും ഓട്ടുപാത്രങ്ങളും മോഷ്ടിച്ചു. കല്ലുവാതുക്കൽ ചിറക്കര ആയിരവല്ലി ക്ഷേത്രത്തിനു സമീപം അഹല്യാ നിവാസിൽ സുരേഷ്‌കുമാറിന്റെയും അശ്വതി കൃഷ്ണന്റെയും വീട്ടിലാണ് കവർച്ച നടന്നത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.
സുരേഷ്‌കുമാർ വിദേശത്തായതിനാൽ ഭാര്യ അശ്വതിയും കുട്ടികളും പകൽക്കുറിയിലെ കുടുംബവീട്ടിലാണ് താമസം. കഴിഞ്ഞദിവസം വീട് വൃത്തിയാക്കാനായി ഇവർ എത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്നനിലയിൽ കണ്ടത്. തുടർന്ന് പാരിപ്പള്ളി പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മോഷ്ടാക്കൾ രണ്ടിലധികം ദിവസം ഈ വീട്ടിൽ തങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇവർ ഉപയോഗിച്ച മദ്യക്കുപ്പികൾ, ബീഡി, ലഹരി പാക്കറ്റുകൾ എന്നിവയും കിടന്നുറങ്ങാൻ ഉപയോഗിച്ച ബെഡ്ഷീറ്റും തലയിണയും വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഈ വീട്ടിൽനിന്ന് ചില ശബ്ദങ്ങൾ കേട്ട് അയൽവാസികൾ എത്തിയിരുന്നെങ്കിലും, ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാലും പിന്നീട് ശബ്ദമൊന്നും കേൾക്കാതിരുന്നതിനാലും അവർ മടങ്ങുകയായിരുന്നു.
വീടിനുള്ളിലെ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും തൊടാതെ, ആക്രിവിപണിയിൽ പെട്ടെന്ന് പണമാക്കാൻ കഴിയുന്ന സാധനങ്ങൾമാത്രം തിരഞ്ഞുപിടിച്ച് കടത്തുകയായിരുന്നു.
വീട്ടിലെ എല്ലാ മുറികളുടെയും കതകുകൾ തകർത്തനിലയിലാണ്. സ്വിച്ച് ബോർഡുകൾ മുഴുവൻ ഇളക്കിമാറ്റി, ഇലക്ട്രിക് വയറുകൾ പുറത്തെടുത്ത് അതിലെ ചെമ്പുമാത്രമായി വേർതിരിച്ചെടുത്തു. വാഷ്‌ബേസിൻ ഉൾപ്പെടെയുള്ള പ്ലംബിങ് ഉപകരണങ്ങൾ അടിച്ചുതകർത്ത് അതിൽനിന്ന് ചെമ്പ് വേർതിരിച്ചു കൊണ്ടുപോയി. വീട്ടിലുണ്ടായിരുന്ന നിലവിളക്കുകൾ, കിണ്ടികൾ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത ആയിരവല്ലി ക്ഷേത്രത്തിൽ സമർപ്പിക്കാനായി വഞ്ചിയിൽ സൂക്ഷിച്ചിരുന്ന ആയിരത്തിലധികം രൂപയും മോഷ്ടാക്കൾ കവർന്നു.
മാസങ്ങൾക്കുമുൻപ് ഇതേ വീടിന്റെ അയൽപക്കത്തെ കിണറിനു മുകളിലെ ഇരുമ്പ് ഗ്രില്ലും മോട്ടോറും മോഷണംപോയിരുന്നു. പ്രദേശത്ത് മോഷണശല്യം രൂക്ഷമാകുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.
Content Highlights: Unoccupied house in Chathannoor targeted by thieves., Electrical and plumbing materials worth 5 lakhs stolen., Evidence suggests thieves stayed in the house for multiple days., Copper wires and brass items were specifically targeted for resale., Local residents express concern over rising theft incidents in the area.
Published: 06 Jul 2026, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented